CrimeKerala

എട്ടുവയസ്സുകാരിയുടെ മരണം ഫോണ്‍ പൊട്ടിത്തെറിച്ചല്ല; പന്നിപ്പടക്കത്തിന്റെ സൂചന നല്‍കി ഫോറന്‍സിക് പരിശോധന

തൃശൂര്‍ തിരുവില്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. ആദിത്യശ്രീ പന്നിപ്പടക്കം പൊട്ടിയാണ് മരിച്ചതെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

പൊട്ടിത്തെറി നടന്ന മുറിയില്‍നിന്ന് പൊട്ടാസ്യം ക്ലോറേറ്റ്, സള്‍ഫര്‍ എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. ഇത് സംബന്ധിച്ച ഫൊറന്‍സിക് പരിശോധന ഫലം പോലീസിന് ലഭിച്ചു. റിപ്പോര്‍ട്ടിന്മേല്‍ കുന്നംകുളം എ.സി.പി സി.ആര്‍ സന്തോഷിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

പറമ്പില്‍നിന്ന് കിട്ടിയ പന്നിപ്പടക്കം കുട്ടി കടിച്ചതാകാമെന്നാണ് സംശയം. ഇക്കഴിഞ്ഞ ഏപ്രില്‍ 24നാണ് തിരുവില്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി ആദിത്യശ്രീ മരിച്ചത്. സംഭവം നടന്ന ദിവസം രാത്രി പത്തരയോടെ മൊബൈല്‍ ഫോണില്‍ കളിക്കവേ പൊട്ടിത്തെറിക്കുകയായിരുന്നു.

തിരുവില്വാമല പുനര്‍ജനിയിലെ ക്രെസ്റ്റ് ന്യൂ ലൈഫ് സ്‌കൂളില്‍ മൂന്നാംക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ആദിത്യശ്രീ. തിരുവില്വാമല പട്ടിപ്പറമ്പ് മാരിയമ്മന്‍ കോവിലിന് സമീപം കുന്നത്തുവീട്ടില്‍ മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം അശോക് കുമാറിന്റെയും തിരുവില്വാമല സര്‍വീസ് സഹകരണബാങ്ക് ഡയറക്ടര്‍ സൗമ്യയുടെയും ഏകമകളാണ് മരണപ്പെട്ട ആദിത്യശ്രീ.

Leave a Reply

Your email address will not be published. Required fields are marked *