
നിയമസഭയിലെ ഊട്ടുപുരയ്ക്ക് 1.4 കോടിയുടെ ഇറ്റാലിയൻ മാർബിൾ, 21 ലക്ഷത്തിന്റെ കർട്ടൻ; ആഡംബര നവീകരണത്തിന് 7.4 കോടി
തിരുവനന്തപുരം: കേരള നിയമസഭാ മന്ദിരത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മന്ദിരത്തിലെ ഡൈനിംഗ് ഹാൾ നവീകരിക്കുന്നതിന് 7.4 കോടി രൂപ അനുവദിച്ച് സർക്കാർ.
ഇറ്റാലിയൻ മാർബിൾ, പ്രീമിയം കർട്ടനുകൾ തുടങ്ങിയ ആഡംബര സൗകര്യങ്ങളോടെയാണ് ഊട്ടുപുരയുടെ മുഖം മിനുക്കുന്നത്. പാർലമെന്ററികാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം, 7,40,40,000 രൂപയുടെ പദ്ധതിക്ക് മന്ത്രിസഭായോഗം ഭരണാനുമതി നൽകി.
നിയമസഭാ സെക്രട്ടറി സമർപ്പിച്ച 7.49 കോടി രൂപയുടെ പ്രൊപ്പോസൽ, ധനകാര്യ വകുപ്പിന്റെ പരിശോധനയ്ക്ക് ശേഷമാണ് 7.4 കോടിയായി പുനർനിർണ്ണയിച്ചത്.
ധനവകുപ്പിന്റെ ചീഫ് ടെക്നിക്കൽ എക്സാമിനർ (CTE) നടത്തിയ പരിശോധനയിൽ, ഇറ്റാലിയൻ മാർബിൾ പതിക്കുന്നതിന് മാത്രം 1.41 കോടി രൂപയും, പാനലിംഗ്, ഗ്ലാസ് പാർട്ടീഷൻ എന്നിവയ്ക്കായി 1.17 കോടി രൂപയും, പ്രീമിയം നിലവാരത്തിലുള്ള കർട്ടനുകൾക്കായി 21.10 ലക്ഷം രൂപയും ഉൾപ്പെടെ ഉയർന്ന നിലവാരത്തിലുള്ളതും വിലകൂടിയതുമായ നിർമ്മാണ സാമഗ്രികളാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു.
ചില സാങ്കേതിക നിബന്ധനകളോടെയാണ് ധനവകുപ്പ് പദ്ധതിക്ക് അനുമതി നൽകിയത്. ഈ നിബന്ധനകൾക്ക് വിധേയമായി, ജൂൺ 25-ന് ചേർന്ന മന്ത്രിസഭായോഗം പദ്ധതിക്ക് അന്തിമ അംഗീകാരം നൽകുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. നിയമസഭാ മന്ദിരത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഈ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.