ഉത്ര വധക്കേസ്, വിസ്മയ കേസ്.. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കിയ തൃപ്തിയില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

കൊച്ചി: രാജ്യത്തെ നീതിന്യായ വ്യവസ്ഥക്ക് തന്നെ അഭിമാനകരമായ വേഗതയിലായിരുന്നു ആലുവ കൊലപാതക കേസില്‍ വിധിവന്നത്. അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അസഫാഖ് ആലത്തിന് പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ചതില്‍ അഭിമാനിക്കേണ്ടത് പ്രോസിക്യൂഷന്‍ തന്നെയാണ്.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു കേസില്‍ പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കിയതോടെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ജി. മോഹൻരാജ് വീണ്ടും ചർച്ചകളില്‍ ഇടം നേടുകയാണ്.

മലയാളി സമൂഹത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട നിരവധി കേസുകള്‍ കൈകാര്യം ചെയ്ത അഭിഭാഷകനാണ് അഡ്വ. മോഹന്‍രാജ്. അഞ്ചല്‍ ഉത്ര വധക്കേസ്, കൊല്ലം വിസ്മയ കേസ്, കോവളത്തെ വിദേശവനിതയുടെ കൊലപാതകം തുടങ്ങിയ കേസുകളിലും പ്രോസിക്യൂട്ടറായതു മോഹന്‍രാജായിരുന്നു. ഒടുവില്‍ ആലുവയിലെ അഞ്ചുവയസുകാരിക്ക് നീതി ഉറപ്പാക്കാനും ആഭ്യന്തര വകുപ്പ് കോടതിയിലെത്തിച്ചത് അഡ്വ. മോഹന്‍രാജിനെ തന്നെ.

പതിനഞ്ച് ദിവസത്തെ കോടതി നടപടികളിലൂടെ പ്രതി അസ്ഫാക്ക് കുറ്റക്കാരനാണെന്നു പ്രോസിക്യൂട്ടറായ മോഹന്‍രാജ് കോടതിയില്‍ തെളിയിക്കാനായി. ഒരു മാസത്തോളം എറണാകുളത്ത് ക്യാംപ് ചെയ്താണ് മോഹന്‍രാജ് വാദം നടത്തിയത്. അതിവേഗം വിചാരണ നടത്താന്‍ എറണാകുളം പ്രത്യേക പോക്‌സോ കോടതിയും സഹകരിച്ചു.

ഉത്ര വധക്കേസിലും വിസ്മയ കേസിലും കോവളത്തെ വിദേശവനിതയുടെ കൊലപാതകക്കേസിലുമെല്ലാം പ്രതികള്‍ക്ക് മതിയായ ശിക്ഷ വാങ്ങിനല്‍കാന്‍ അഡ്വ. മോഹന്‍രാജിന് സാധിച്ചിട്ടുണ്ട്.

2000ല്‍ അഡീഷണല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായുള്ള മോഹന്‍രാജിന്റെ അരങ്ങേറ്റം തന്നെ കോളിളക്കമുണ്ടാക്കിയ കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലായിരുന്നു. അതിനു ശേഷം കോട്ടയം എസ്.എം.ഇ. റാഗിങ്, എന്‍ട്രിക ലെക്സി കടല്‍ക്കൊല, ആവണീശ്വരം മദ്യദുരന്തം, ബ്യൂട്ടീഷന്‍ ചിത്ര പിള്ള വധം, സോളാര്‍കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ ഭാര്യ രശ്മിയുടെ മരണം, മഹാരാജാസിലെ അഭിമന്യൂ വധം തുടങ്ങിയ കേസുകളിലെല്ലാം സ്പെഷ്യല്‍ പ്രോസിക്യൂട്ടറായത് മോഹന്‍രാജാണ്. ചെറിയതുറ പൊലീസ് വെടിവെപ്പ്, പുല്ലുമേട് ദുരന്തം തുടങ്ങിയവ അന്വേഷിച്ച കമ്മിഷനുകള്‍ക്ക് മുന്‍പാകെ സര്‍ക്കാരിനു വേണ്ടി ഹാജരായതും മോഹന്‍രാജായിരുന്നു.

പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായിരുന്ന പുത്തൂര്‍ ഗോപാലകൃഷ്ണന്റെ മകനാണ് ജി മോഹന്‍ രാജ്. തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് നിയമബിരുദം നേടിയ മോഹന്‍രാജ് പ്രാക്ടീസ് തുടങ്ങിയത് 1994-ല്‍ അച്ഛന് കീഴില്‍ കൊല്ലത്താണ്. അതിനു ശേഷം കൊച്ചിയില്‍ അഡ്വ. എം.കെ. ദാമോദരന്റെ ജൂനിയറായി. കൊല്ലത്തേക്ക് തിരിച്ചുപോയതിനു ശേഷമാണ് അഡീഷണല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറാകുന്നത്.

പതിനാറു വകുപ്പുകളിലാണ് അസ്ഫാക്ക് ആലം കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയത്. ഇതില്‍ ഐപിസിയിലെയും പോക്സോ നിയമത്തിലെയും മൂന്നു വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം ആവര്‍ത്തിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി കോടതി ഒഴിവാക്കിയിരുന്നു. ശേഷിച്ച 13 വകുപ്പുകള്‍ പ്രകാരവും കോടതി ശിക്ഷ വിധിച്ചു.

ഐപിസി 302 പ്രകാരം കൊലക്കേസിലാണ് കോടതി വധശിക്ഷ വിധിച്ചത്. ഐപിസി 376 ടു ജെ, ഐപിസി 377, പോക്സോ നിയമത്തിലെ മൂന്നു വകുപ്പുകള്‍ എന്നിവ പ്രകാരം അസ്ഫാക് ആലം ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കണം. മൊത്തം അഞ്ചു വകുപ്പുകളിലാണ് ജീവപര്യന്തം. ജീവപര്യന്തമെന്നാല്‍ ജീവിതാവസാനം വരെയാണെന്നു കോടതി വ്യക്തമാക്കിയിരുന്നു.

പിസി 366 എ, 364, 367, 328 എന്നിവ പ്രകാരം പത്തു വര്‍ഷം തടവ് അനുഭവിക്കണം. ഐപിസി 201 പ്രകാരം അഞ്ചു വര്‍ഷം തടവുശിക്ഷയും 297 പ്രകാരം ഒരു വര്‍ഷം തടവും അനുഭവിക്കണമെന്നും കോടതി വിധിച്ചു. പ്രതിയില്‍നിന്ന് ഈടാക്കുന്ന പിഴത്തുക പെണ്‍കുട്ടിയുടെ കുടുംബത്തിനു നല്‍കാനും ഇതു ലഭിച്ചില്ലെങ്കില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റി ഉചിതമായ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു.