നവകേരള സദസ്സിന്റെ പേരില്‍ നടത്തുന്ന അമിത ചെലവിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ഈമാസം 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസ്സ്. ഇതുമായി ബന്ധപ്പെട്ട് നടത്തുന്നത് ധൂര്‍ത്താണെന്ന് മുരളീധരന്‍ ചൂണ്ടിക്കാണിച്ചു.

ബസ് യാത്രയല്ലിത്, റോഡിലൂടെ ഓടുന്ന പ്ലെയിനാണ് സജ്ജീകരിക്കുന്നത്. കേരളത്തില്‍ ധാരാളം റസ്റ്റ് ഹൗസും ഗസ്റ്റ് ഹൗസും ഉണ്ടല്ലോ പിന്നെന്തിനാണ് സഞ്ചരിക്കുന്ന ശുചിമുറിയെന്ന് കെ.മുരളീധരന്‍ വിമര്‍ശിച്ചു. കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യന്റെ ബസിനെന്തിനാണ് കിടപ്പുമുറി? റോഡിലൂടെ ഓടുന്ന പ്ലെയിനാണ് പിണറായിക്ക് ഒരുക്കുന്നത്: കെ. മുരളീധരന്‍

”ഇവര് യാത്ര തുടങ്ങുവാണ്…, ഇത് ബസ് യാത്രയല്ല ശരിക്കും. റോഡിലൂടെ ഓടുന്ന പ്ലെയിനാണ് ഇപ്പോള്‍ സജ്ജീകരിക്കുന്നത്. ഈ ബസിന്റെ പകുതി ഭാഗം മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള സ്‌പെഷല്‍ ക്യാബിനാണ്. 20 മന്ത്രിമാര്‍ തിക്കിതിരക്കി ഇരിക്കുവാണ് ഒരു ബസിന്റെ പകുതി ഭാഗത്ത്. പകുതി മുഖ്യമന്ത്രിക്ക് മുഴുവനാണ്. അപ്പോ ഞാന്‍ ചോദിക്കട്ടെ ജന്മി കുടിയാന്‍ ബന്ധം അവസാനിച്ചോ കേരളത്തില്‍?

പിന്നെ അതിന്റെ കൂടെ ഒരു കിടപ്പുമുറിയും. ഇപ്പോ പയ്യന്നൂര്‍ വന്നു കഴിഞ്ഞാല്‍, അടുത്ത പോയിന്റ് പഴയങ്ങാടിയാണ്… മറ്റേ കല്യാശേരിയുടെ പോയിന്റ്. ഇവിടുന്ന്, അവിടെയെത്തുന്ന ആ സമയം കൊണ്ട് ആര്‍ക്കെങ്കിലും എന്താ ഇരിക്കാന്‍ കഴിയാത്ത വല്ല അസുഖവുമുണ്ടോ? അല്ലാണ്ട് എന്തിനാണ് ഈ ബസിന്റെ അകത്ത് കിടപ്പുമുറി? പിന്നെ അടുക്കള, ഇവിടുന്ന് ഒരു ചായ കുടിക്കുക, അവിടെയെത്തിയിട്ട് ചായ കുടിച്ചാല്‍ പോരെ? അത്രദൂരമല്ലേ ഉള്ളു. എന്തായിത് നടന്ന് ഭക്ഷണം കഴിക്കലാ.. ബസ് യാത്രയില്‍? പിന്നെ ശുചിമുറി. ഇവിടെ ഇഷ്ടം പോലെ ഗസ്റ്റ് ഹൗസും റസ്റ്റ് ഹൗസും ഒക്കെ ഉണ്ടല്ലോ? ഇത് അത്രയും ക്ഷമിച്ച് ഇരിക്കാതെ തിരുവനന്തപുരം ഭാഷയില്‍ പറഞ്ഞാല്‍ നടന്ന് പെടുക്കലാ ഈ ബസ് യാത്രയെന്ന് പറയുമ്പോള്‍. അപ്പോ ഇങ്ങനെയാണ് കേരളത്തിന്റെ അവസ്ഥ. ധൂര്‍ത്താണ് എല്ലാം” കെ.മുരളീധരന്‍ പറഞ്ഞു.