തിരുവനന്തപുരം: നവകേരള സദസിന് മുഖ്യമന്ത്രിക്ക് സഞ്ചരിക്കാനുള്ള ആഡംബര ബസ് കേരളത്തില്‍ എത്തി. കണ്ണൂരില്‍ കേരള പോലിസിന്റെ നാലാം ബറ്റാലിയന്റെ ആസ്ഥാനമായ മാങ്ങാട്ടു പറമ്പില്‍ ബസിന്റെ അവസാന മിനുക്ക് പണികള്‍ നടക്കുകയാണ് എന്നാണ് ലഭിക്കുന്ന സൂചന.

മുഖ്യമന്ത്രിക്കായി കാബിന്‍, കോണ്‍ഫറന്‍സ് ഹാള്‍, ശുചി മുറി എന്നിവ ബസില്‍ സജ്ജീകരിക്കുന്നുണ്ട്. ബസില്‍ ശുചിമുറി ഉണ്ടെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു. മന്ത്രിമാര്‍ക്കും ബസില്‍ സഞ്ചരിക്കാമെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.

ബസിന്റെ ഏറിയ പങ്കും മുഖ്യമന്ത്രിയുടെ ഉപയോഗത്തിന് വേണ്ടിയാണ് തയ്യാറാക്കുന്നത്. അതുകൊണ്ട് തന്നെ മന്ത്രിമാര്‍ക്ക് സഞ്ചരിക്കാര്‍ മറ്റൊരു ബസ് കണ്ടെത്തേണ്ടി വരുമെന്ന ആശങ്കയും ഗതാഗത വകുപ്പിനുണ്ട്. സിനിമ നടന്‍മാര്‍ ഉപയോഗിക്കുന്ന കാരവന്‍ സൗകര്യങ്ങള്‍ എല്ലാം ബസിലുണ്ടാകും. 1.05 കോടിയാണ് ബസിന്റെ വിലയെങ്കിലും മിനുക്ക് പണികള്‍ പൂര്‍ത്തിയാകുമ്പോള്‍ ബസിന്റെ ചെലവ് 1.50 കോടി കടക്കും.

കര്‍ണ്ണാടകയിലെ എസ്.എം കണ്ണപ്പ ഓട്ടമൊബീല്‍സാണ് ബസിന്റെ ബോഡി നിര്‍മ്മിച്ചത്. ഔദ്യോഗിക കാര്‍ മുഖ്യമന്ത്രിയും മന്ത്രിമാരും താമസിക്കുന്ന സ്ഥലത്ത് പാര്‍ക്ക് ചെയ്യും. അവിടെ നിന്ന് പരിപാടി സ്ഥലത്തേക്ക് ബസില്‍ സഞ്ചരിക്കും. മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയുളളതിനാല്‍ ബസിന് മുന്നിലും പിന്നിലും ആയി കമാന്‍ഡോകളും പോലീസ് സന്നാഹങ്ങളും അടക്കം 40 ഓളം വാഹനങ്ങള്‍ ഉണ്ടാകും.

2 ആംബുലന്‍സും വാഹന വ്യൂഹത്തില്‍ ഉണ്ടാകും. ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ സദാ സമയവും യാത്ര സംഘത്തില്‍ ഉണ്ടാകും. ആഡംബര ബസ് യാത്രയുടെ ആശയം മരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റേതായിരുന്നു.

മുഖ്യമന്ത്രിയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ചാണ് ശുചിമുറി അടക്കം ബസില്‍ തയ്യാറാക്കുന്നത്. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് നവകേരള സദസ്. ശുചിമുറിയോട് കൂടിയ ആഡംബര ബസിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.

ആഡംബര ബസ് ധൂര്‍ത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ യാത്ര കഴിഞ്ഞാല്‍ ബസ് കാരവന്‍ ടൂറിസത്തിന്റെ ഭാഗമാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

ഇഷ്ടം പോലെ ഗസ്റ്റ് ഹൗസും റസ്റ്റ് ഹൗസും ഒക്കെ ഉള്ളപ്പോള്‍ എന്തിനാണ് ബസില്‍ ശുചി മുറി? തിരുവനന്തപുരം ഭാഷയില്‍ പറഞ്ഞാല്‍ നടന്ന് പെടുക്കലാ ഈ ബസ് യാത്രയെന്നും ഇത് അനാവശ്യ ധൂര്‍ത്താണെന്നും കെ. മുരളിധരന്‍ വിമര്‍ശിച്ചു.