
ആന്റണി പെരുമ്പാവൂരിന് ആദായ നികുതി നോട്ടീസ്
പൃഥ്വിരാജിന് പിന്നാലെ നിർമാതാവ് ആന്റണി പെരുമ്പാവൂരിന് നോട്ടീസയച്ച് ആദായനികുതി വകുപ്പ് (ഐടി). ലൂസിഫർ, മരയ്ക്കാർ – അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ഈ മാസം അവസാനത്തോടെ നോട്ടീസിന് മറുപടി നൽകണമെന്നാണ് ആന്റണി പെരുമ്പാവൂരിനോട് ഐ.ടി. ആവശ്യപ്പെട്ടിരിക്കുന്നത്.
‘എമ്പുരാനു’മായി നോട്ടിസിനു ബന്ധമില്ലെന്നാണ് ഐ.ടി. വൃത്തങ്ങൾ പറയുന്നത്. 2022ൽ നടന്ന റെയ്ഡിന്റെ തുടർച്ചയായാണ് നടപടി എന്നും ഉദ്യോഗസ്ഥർ പറയുന്നു. ഓവർസീസ് റൈറ്റ്, താരങ്ങൾക്ക് നൽകിയ പ്രതിഫലം എന്നീ കാര്യങ്ങളാണ് ആന്റണി പെരുമ്പാവൂരിനോട് ആദായ നികുതി വകുപ്പ് പ്രധാനമായും ചോദിച്ചത്.
2019 മുതൽ 2022 വരെയുള്ള കാലയളവിലെ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് 2022-ലെ റെയ്ഡിൽ ഐ.ടി. വകുപ്പ് പരിശോധിച്ചത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഐ.ടി. അന്വേഷണവിഭാഗം അസസ്മെന്റ് വിഭാഗത്തിന് കൈമാറിയിരുന്നു. അസസ്മെന്റ് വിഭാഗങ്ങൾ ഇക്കാര്യങ്ങൾ പരിശോധിച്ചാണ് ഇപ്പോൾ ആന്റണി പെരുമ്പാവൂരിന് നോട്ടീസ് നൽകിയത്.
നേരത്തേ നടനും സംവിധായകനുമായ പൃഥ്വിരാജിനും ആദായനികുതി വകുപ്പ് നോട്ടീസയച്ചിരുന്നു. കടുവ, ജനഗണമന, ഗോൾഡ് എന്നീ ചിത്രങ്ങളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങൾ തേടിയായിരുന്നു നോട്ടീസ്. ഒരുമാസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് നോട്ടീസിലെ ആവശ്യം. ഇത് സ്വാഭാവികമായ നടപടിയാണെന്ന് ഐടി വിശദീകരിച്ചിരുന്നു.
അതിന് മുമ്പ് നിർമാതാവ് ഗോകുലം ഗോപാലനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുകയും സ്ഥാപനങ്ങളിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. പിഎംഎൽഎ ലംഘനം, വിദേശ നാണയ വിനിമയ ചട്ടങ്ങളുടെ (ഫെമ) ലംഘനം തുടങ്ങിയവയുടെ പേരിലായിരുന്നു ഇഡി പരിശോധന. ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോൾ ആന്റണി പെരുമ്പാവൂരിനും ഐടി നോട്ടീസയച്ചത്.