പണം കൊടുത്തില്ലെങ്കില്‍ ‘പണി’കൊടുക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍; നവകേരള സദസ്സിന് പണം പിരിക്കാന്‍ മന്ത്രിമാരുടെ ഭീഷണിയും സമ്മര്‍ദ്ദവും

മലപ്പുറം: സഹകരണ സംഘങ്ങള്‍ക്ക് മന്ത്രി വി. അബ്ദുറഹ്മാന്റെ ഭീഷണി. നവകേരള സദസ്സുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ സഹകരണ സംഘങ്ങളുടെ പ്രതിനിധി യോഗത്തിലായിരുന്നു കായിക മന്ത്രിയുടെ കടുത്ത വാക്കുകള്‍.

നവകേരള സദസ്സിന് സഹകരണ സംഘങ്ങള്‍ നല്‍കേണ്ട ടാര്‍ഗറ്റ് പ്രഖ്യാപിച്ച മന്ത്രി, പണം തരാത്ത സംഘങ്ങള്‍ക്ക് എതിരെ നടപടി ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. യോഗത്തില്‍ പങ്കെടുക്കാത്ത സഹകരണ സംഘ പ്രതിനിധികള്‍ക്ക് ഷോകോസ് നോട്ടീസ് നല്‍കണമെന്നാണ് മന്ത്രി അബ്ദുറഹ്മാന്റെ കല്‍പന.

അര്‍ബന്‍ ബാങ്കുകള്‍ 5 ലക്ഷം രൂപയും സൂപ്പര്‍ ഗ്രേഡ് സഹകരണ ബാങ്കുകള്‍ 5ലക്ഷം രൂപയും, സ്‌പെഷ്യല്‍ ഗ്രേഡ് 4ലക്ഷം രൂപയും, ക്ലാസ് 1 ഗ്രേഡ് 3 ലക്ഷം രൂപയും, ക്ലാസ് 2 ഗ്രേഡ് 2 ലക്ഷം രൂപയും നല്‍കണം. ക്ലാസ് 3 മുതല്‍ 1 ലക്ഷം രൂപയും മറ്റുള്ളവര്‍ 1 ലക്ഷം രൂപയും നല്‍കണം. ഇതായിരുന്നു അബ്ദുറഹ്മാന്റെ നിര്‍ദ്ദേശം.

മറ്റ് ജില്ലകളിലും സമാനമായ രീതിയിലാണ് സഹകരണ സംഘങ്ങള്‍ പണം നല്‍കേണ്ടത്. സംസ്ഥാനത്ത് 16329 സഹകരണ സംഘങ്ങളാണളുള്ളത്. 500 കോടി രൂപയാണ് സഹകരണ സംഘങ്ങളില്‍ നിന്ന് പിരിക്കാന്‍ ഉദ്ദേശിക്കുന്നത്. 4109 സഹകരണ സംഘങ്ങള്‍ മാത്രമാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് സഹകരണമന്ത്രി വാസവന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഭൂരിഭാഗം സഹകരണ സംഘങ്ങളും പ്രതിസന്ധിയിലാണ്.

കരുവന്നൂര്‍, കണ്ടല സഹകരണ തട്ടിപ്പുകള്‍ വേറെയും. നിക്ഷേപകര്‍ പരിഭ്രാന്തിയിലാണ്. വായ്പ തിരിച്ചടവുകള്‍ മുടങ്ങി നിക്ഷേപങ്ങള്‍ തിരിച്ചു കൊടുക്കാന്‍ പോലും സംഘങ്ങള്‍ പ്രയാസപ്പെടുകയാണ്. കോവിഡ് കാലത്ത് സഹകരണ സംഘങ്ങളില്‍ നിന്ന് സമാഹരിച്ച വന്‍തുകകളുടെ റീ കൂപ്പ്‌മെന്റ് ഇതുവരെ പൂര്‍ത്തിയായിട്ടില്ല. അതിനിടയിലാണ് നവകേരള സദസിനായി ലക്ഷങ്ങള്‍ നല്‍കണമെന്ന് സഹകരണ സംഘങ്ങളോടുള്ള ഭീഷണിയും.

നവംബർ 18ന് മഞ്ചേശ്വരത്താണു ജനസദസ്സിനു തുടക്കമാകുന്നത്. സംസ്ഥാനത്തെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും എത്തും. ജനസമ്പർക്കത്തിനു പുറമെ സമൂഹത്തിലെ വിവിധ തുറകളിലുള്ളവരുമായി കൂടിക്കാഴ്ച നടക്കും.

കെ.എസ്.ആർ.ടി.സി കെ-സ്വിഫ്റ്റ് ഹൈബ്രിഡ് ബസിലായിരിക്കും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്ര. വേദിയിൽ എയർകണ്ടീഷൻ ഒരുക്കും. ചീഫ് സെക്രട്ടറി വി. വേണുവിനാണ് പ്രചാരണ ചുമതല. പാർലമെന്‍ററികാര്യ മന്ത്രി കെ.രാധാകൃഷ്ണനാണ് സംസ്ഥാനതല കോ-ഓർഡിനേറ്റർ. പരിപാടിയുടെ നടത്തിപ്പ് സംബന്ധിച്ച് കഴിഞ്ഞ ദിവസം മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments