തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ 1.57 കോടിയുടെ പാട്ട കുടിശിക എഴുതി തള്ളിയ മന്ത്രിസഭ തീരുമാനം വിവാദമാകുന്നു. സര്‍ക്കാരിന് നിരവധി കോടികളുടെ നഷ്ടത്തിന് കാരണമാകുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തീരുമാനമാണിത്.

തിരുവനന്തപുരം ശാസ്തമംഗലത്ത് ചേംബര്‍ ഓഫ് മുനിസിപ്പല്‍ ചെയര്‍മാന്റെ ആസ്ഥാനമായ സ്റ്റേറ്റ് മുനിസിപ്പല്‍ ഹൗസ് സ്ഥിതി ചെയ്യുന്ന 15 സെന്റ് സ്ഥലത്തെ പാട്ടക്കുടിശ്ശികയായ 1,57,06,348 (ഒരുകോടി അന്‍പത്തി ഏഴ് ലക്ഷത്തി ആറായിരത്തി മുന്നൂറ്റി നാല്‍പത്തിയെട്ട് രൂപ) രൂപയാണ് എഴുതി തള്ളിയത്.

ഇത്രയും വലിയ പാട്ടകുടിശ്ശിക ഗഡുക്കളായി ഈടാക്കാമെന്ന കളക്ടറുടെ നിര്‍ദ്ദേശം അവഗണിച്ചാണ് ഇപ്പോള്‍ ജപ്തി നടപടി ഒഴിവാക്കി 10 വര്‍ഷത്തേക്ക് പാട്ടം പുതുക്കി നല്‍കിയിരിക്കുന്നത്. ഈമാസം ആറിനാണ് ഇതുസംബന്ധിച്ച ഉത്തരവ് റവന്യു വകുപ്പില്‍ നിന്ന് പുറത്തിറങ്ങിയത്. റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ ആണ് ഉത്തരവിറക്കിയത്.

സംസ്ഥാനം ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണം സര്‍ക്കാരിന് കിട്ടേണ്ടുന്ന നികുതികള്‍ പിരിക്കുന്നതിലുള്ള വീഴ്ച്ചയാണെന്ന് പ്രതിപക്ഷ നേതാവ് നിരന്തരം ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് പുറമേയാണ് കോടികളുടെ പാട്ടക്കുടിശ്ശിക എഴുതി തള്ളുന്നതും.

കേരളത്തിലെ 87 നഗരസഭകളിലെ ചെയര്‍മാന്‍മാരുടെ കൂട്ടായ പ്രവര്‍ത്തന വേദിയാണ് ചേംബര്‍ ഓഫ് മുന്‍സിപ്പല്‍ ചെയര്‍മെന്‍. നഗരസഭകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിട്ടുള്ള പരിശീലനങ്ങള്‍, ഏകോപനം, ഉദ്യോഗസ്ഥര്‍ക്കുള്ള താമസ സൗകര്യം എന്നിവയാണ് ചേംബര്‍ ചെയ്തുവരുന്ന സേവനങ്ങള്‍. ആറ് ജീവനക്കാരുള്ള സ്ഥാപനത്തിന്റെ മാസവരുമാനം നാലരലക്ഷത്തോളം രൂപയാണ്.

പാട്ടക്കുടിശ്ശിക ഒറ്റത്തവണയായി ഒടുക്കാന്‍ നിവര്‍ത്തില്ലെങ്കില്‍ ഗഡുക്കളായി പിരിച്ചെക്കാമെന്നും ഇത്രയും വലിയ തുക ഒഴിവാക്കിയാല്‍ മാറ്റ് പാട്ടക്കരാറുകാരും ഇതേ മാര്‍ഗ്ഗം സ്വീകരിച്ച് പാട്ടക്കുടിശ്ശിക വരുത്തുമെന്നും തിരുവനന്തപുരം ജില്ലാ കളക്ടര്‍ 2021 ഡിസംബറില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അത് അവഗണിച്ച് ഖജനാവിന് കോടികളുടെ നഷ്ടം വരുത്തുന്ന തീരുമാനമാണ് ഇപ്പോള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്.

1995 ലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭൂ പതിവ് ചട്ടങ്ങളിലെ ചട്ടം 21 (11) പ്രകാരമുള്ള സര്‍ക്കാരിന്റെ സവിശേഷാധികാരം ഉപയോഗിച്ചാണ് പാട്ടം പുതുക്കി നല്‍കിയത്. ഒരു ആറിന് നൂറു രൂപയാണ് വാര്‍ഷിക പാട്ട നിരക്ക്. ഭൂമി അനുവദിച്ച ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ എന്ന് തുടങ്ങിയ 9 പാട്ടക്കരാര്‍ വ്യവസ്ഥകളും ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒരു വശത്ത് ധൂര്‍ത്ത് മറുവശത്ത് സര്‍ക്കാരിന് കിട്ടേണ്ട കുടിശ്ശികകള്‍ എഴുതി തള്ളുന്നു. കുത്തഴിഞ്ഞ ധനകാര്യ മാനേജ്‌മെന്റും സര്‍ക്കാരും ആണ് കേരളം ഭരിക്കുന്നത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പ്രതിസന്ധിക്കാലത്തെ 1.57 കോടിയുടെ എഴുതി തള്ളല്‍ .