ആദിവാസികളെ ഷോകേസില്‍ പ്രദര്‍ശിപ്പിക്കേണ്ട വസ്തുവായി ഒരിക്കലും കാണരുതെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍. അങ്ങനെ ചെയ്യുന്നത് ശരിയല്ല. അത്തരത്തില്‍ ആദിവാസികളെ കാണുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളീയം ആദിമം ലിവിങ് മ്യൂസിയത്തില്‍ ആദിവാസികളെ പ്രദര്‍ശനവസ്തുവാക്കിയെന്ന വിവാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പഴയകാലത്തെ തദ്ദേശവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രദര്‍ശനമാണ് ആദിമം എന്നാണ് മനസിലാക്കുന്നത്. താനത് കണ്ടിട്ടില്ല. സാംസ്‌കാരിക വകുപ്പുമായും ഫോക്ലോര്‍ അക്കാദമിയുമായും ബന്ധപ്പെട്ടിരുന്നു. നിരുപദ്രവമായിട്ടാണ് ഇത് ചെയ്തതെന്നാണ് അവര്‍ അറിയിച്ചത്. ആദിവാസികളെ അവഹേളിക്കാനോ അപഹസിക്കാനോ ഉള്ള നിലപാടല്ലെന്നും മന്ത്രി പറഞ്ഞു.

‘ആദിവാസികളെ ഷോക്കേസില്‍ വെക്കാന്‍ പാടില്ലെന്ന വ്യക്തിപരമായ അഭിപ്രായം നിര്‍ദേശമായി നേരത്തെ നല്‍കിയിരുന്നു. ആദിവാസി വിഭാഗങ്ങള്‍ ഷോക്കേസില്‍ വെക്കേണ്ട ജനതയാണെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. അങ്ങനെ ചെയ്യുന്നത് ശരിയല്ല. അവരുടെ കലയേയും സംസ്‌കാരത്തേയും ജീവിത- ഭക്ഷണരീതികളേയും കാണിച്ചുകൊടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

ഷോക്കേസില്‍ വെക്കേണ്ട ജീവിതമാണ് ആദിവാസികളുടേത് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അങ്ങനെ കാണുന്നത് തെറ്റായ സന്ദേശം നല്‍കും. ഇവിടെ എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് നടപടിയെടുക്കും’, കെ. രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.