തൃശ്ശൂര്‍: ടി.പി. വധക്കേസ് പ്രതി കൊടി സുനിയെ വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ ക്രൂമായി പീഡിപ്പിച്ചുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും. കണ്ണില്‍ മുളകുപൊടി തേച്ച് കൊടി സുനിയെ കെട്ടിയിട്ട് മര്‍ദിച്ചെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. സംഭവത്തില്‍ ജയില്‍ ഡി.ജി.പി.ക്കും സംസ്ഥാന പോലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കിയിട്ടുണ്ടെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.
കണ്ണില്‍ മുളകുപൊടിയുമായി ഞായറാഴ്ച രാത്രിയാണ് കൊടിസുനിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ജയിലിലെ അടുക്കളയില്‍ കൊടിസുനിയും മറ്റുതടവുകാരുമായുള്ള മല്‍പ്പിടിത്തത്തിനിടെയാണ് കണ്ണില്‍ മുളകുപൊടി പോയതെന്നാണ് ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നത്. എന്നാല്‍, കൊടിസുനിയെ ജയില്‍ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതാണെന്നാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആരോപണം.
”കഴിഞ്ഞദിവസം കാട്ടുണ്ണി, അരുണ്‍ എന്നിവരെ ജയില്‍ അധികൃതര്‍ ക്രൂരമായി മര്‍ദിച്ചിരുന്നു. ചോരയില്കുളിച്ചുവന്ന അവരെ കണ്ടപ്പോള്‍ എന്താണ് സംഭവമെന്ന് സുനിയേട്ടന് അവരോട് ചോദിച്ചു. അതിനെത്തുടര്‍ന്ന് ചെറിയ പ്രശ്നങ്ങളുണ്ടായി. കുറച്ചുകഴിഞ്ഞപ്പോള്‍ ഒരുവണ്ടിയില്‍ റോക്കി, ഷബീര്‍, സുകുമാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇരുപത്തഞ്ചോളം ഉദ്യോഗസ്ഥര്‍ അവിടെയെത്തി സുനിയെ കെട്ടിയിട്ട് മര്‍ദിച്ചു. രണ്ടുതവണ കണ്ണില്‍ മുളകുപൊടി തേച്ചിട്ടുണ്ട്. അവിടെയുള്ള സിസിടിവി ക്യാമറയില്‍ എല്ലാം വ്യക്തമാണ്. ക്രൂരമായ പീഡനമാണ് അവിടെ നടക്കുന്നത്.
ഹൈടെക്ക് ജയില്‍ എന്നുപറഞ്ഞാല്‍ ക്രൂരപീഡനമാണ്. കോണ്‍ഗ്രസിന്റെ അനുഭാവികളായ ജയില്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പീഡനം നടന്നുകൊണ്ടിരിക്കുന്നത്. ജയില്‍ ഡിജിപിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും വീട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്.
ഇഞ്ചിഞ്ചായി നിങ്ങളെ ജയിലില്‍ തീര്‍ക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ സുനിയേട്ടനോട് പറഞ്ഞിട്ടുള്ളത്. സുനിയേട്ടന് വളരെ മോശപ്പെട്ട അവസ്ഥയിലാണ്. നടക്കാന്‍ പോലും വയ്യ, വീല്‍ചെയറിലാണ് കൊണ്ടുവന്നത്. കണ്ണില്‍ മുളകുപൊടി തേച്ച് മര്‍ദിച്ചതാണ്. രണ്ട് കണ്ണും കലങ്ങി വല്ലാത്ത അവസ്ഥയിലാണ്” സുനിയുടെ സുഹൃത്തുക്കളിലൊരാള്‍ പറഞ്ഞു.
കൊടിസുനിയെ ജയിലില്‍ മര്‍ദിച്ച സംഭവം പുറത്തറിയാതിരിക്കാനാണ് ജയില്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്ന് സുനിയെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനെത്തിയ മറ്റൊരാളും ആരോപിച്ചു.
‘വാര്‍ത്ത കണ്ടപ്പോള്‍ ഇന്നലെ രാവിലെ കാണാന്‍ വന്നതാണ്. ജയിലില്‍ എത്തിയപ്പോളാണ് ആശുപത്രിയിലാണെന്ന് അറിഞ്ഞത്. ആശുപത്രിയില്‍ വന്നപ്പോള്‍ കൊടി സുനിയുള്‍പ്പെടെ അഞ്ചുപേരെ ഒരു മുറിയിലിട്ട് അടച്ചിരിക്കുകയാണ്. കാണാന്‍ സമ്മതിച്ചില്ല. ലാബില്‍ കൊണ്ടുപോകുന്ന സമയത്താണ് ഒന്ന് കാണാന്‍ പറ്റിയത്. അപ്പോളാണ് കണ്ണില്‍ മുളകുപൊടി തേച്ച് മര്‍ദിച്ചതാണെന്ന് സുനി പറഞ്ഞത്.
വിവരമറിഞ്ഞ് സഹോദരിയും കുടുംബാംഗങ്ങളുമെല്ലാം എത്തിയിട്ടുണ്ട്. ഇന്ന് മാത്രമാണ് സുനിയുമായി ഒരുമിനിറ്റെങ്കിലും സംസാരിക്കാന്‍ കഴിഞ്ഞത്. മാധ്യമങ്ങള്‍ വന്നതുകൊണ്ട് മാത്രമാണ് അതിന് അവസരം കിട്ടിയത്. ഈ സംഭവം പുറത്തറിയാതിരിക്കാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. ജയിലിലെ സിസിടിവി പരിശോധിക്കണം. ശക്തമായ നടപടി വേണമെന്നാണ് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ആവശ്യം”.
ജയിലില്‍ ഞായറാഴ്ചയുണ്ടായ അക്രമത്തില്‍ ടി.പി. കേസ് പ്രതി കൊടി സുനിയടക്കം പത്തു തടവുകാരുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജയില്‍ ജീവനക്കാരെ വധിക്കാന്‍ ശ്രമിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് വിയ്യൂര്‍ പോലീസ് കേസെടുത്തത്.
കൊടി സുനി അഞ്ചാം പ്രതിയാണ്. കൊടി സുനിയുടെ സുഹൃത്ത് രഞ്ജിത്താണ് ഒന്നാം പ്രതി. സാജു, മിബുരാജ്, അരുണ്‍, താജുദ്ദീന്, ചിഞ്ചു മാത്യു, ജറോം, ഷഫീഖ്, ജോമോന് എന്നിരാണ് മറ്റു പ്രതികള്‍. പ്രതികള്‍ ജയിലില്‍ കലാപത്തിന് ശ്രമിച്ചതായും എഫ്.ഐ.ആറിലുണ്ട്.
ഞായറാഴ്ച ഉച്ചഭക്ഷണസമയത്താണ് പ്രതികള്‍ അക്രമം അഴിച്ചുവിട്ടത്. ഭക്ഷണത്തോടൊപ്പം നല്കിയ ആട്ടിറച്ചി വീണ്ടും വേണമെന്നാവശ്യപ്പെട്ടായിരുന്നു ഉദ്യോഗസ്ഥര്‍ക്കു നേരെ തട്ടിക്കയറിയതെന്ന് പറയുന്നു. ഷേവ് ചെയ്യാന്‍ ബ്ലേഡ് വേണമെന്ന ആവശ്യം നിരസിച്ചതും പ്രതികളെ കൂടുതല്‍ രോഷാകുലരാക്കി. ഒന്നാം പ്രതി രഞ്ജിത്ത് കുപ്പി പൊട്ടിച്ച് പ്രിസണ്‍ ഓഫീസര്‍ അര്‍ജുന്‍ദാസിന്റെ കഴുത്തില്‍വെച്ചാണ് അക്രമം തുടങ്ങിയത്.
ഇത് പിടിച്ചുമാറ്റാന്‍ വന്ന ഡെപ്യൂട്ടി സൂപ്രണ്ട് ശ്രീരാമന്, ജീവനക്കാരായ ഓംപ്രകാശ്, വിജയകുമാര്‍ എന്നിവരെയും മര്‍ദിച്ചു. തുടര്‍ന്ന് ഇരുമ്പുവടി ഉപയോഗിച്ച് വ്യാപക അക്രമം അഴിച്ചുവിട്ടു. ജയില്‍ അടുക്കളയിലെത്തി അവിടെയുണ്ടായിരുന്ന തടവുകാരെയും ആക്രമിച്ചു. ജയില്‍ ജീവനക്കാരെത്തി തടവുകാരെ രക്ഷിച്ച് ഗാര്‍ഡ് റൂമിലെത്തിച്ചെങ്കിലും പ്രതികള്‍ ഗാര്‍ഡ് റൂം ആക്രമിച്ച് ഉപകരണങ്ങള്‍ അടിച്ചുതകര്‍ത്തു. അക്രമം നടത്തിയ സമയത്ത് പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്നും ആരോപണമുണ്ട്.
- സെക്രട്ടറിയേറ്റ് ശുചീകരിക്കാൻ 8.92 ലക്ഷം ; പ്ലാസ്റ്റിക്ക് ചാക്ക് വാങ്ങിയത് 85000 രൂപയ്ക്ക്
- പിണക്കം തുടർന്ന് ഇ പി ജയരാജൻ ; ക്ഷണിച്ചിട്ടും കണ്ണൂരിൽ പാർട്ടി നിശ്ചയിച്ച ചടങ്ങിൽ പങ്കെടുത്തില്ല
- ഇരട്ടച്ചങ്കന്റെ നട്ടെല്ല് എഡിജിപിയുടെ കൈയിൽ
- കോഴിക്കോട് ജില്ലയിലെ കൊമ്മേരിയിൽ 5 പേർക്ക് കൂടി മഞ്ഞപ്പിത്തം; രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 47 ആയി ഉയർന്നു
- ജനങ്ങൾക്ക് ഇപ്പോൾ ബിജെപിയെ ഭയമില്ല: രാഹുൽഗാന്ധി