തൃശൂര്‍ : വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ കൊടിയുടെ നേതൃത്വത്തില്‍ സംഘര്‍ഷം. ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയുടെ നേതൃത്വത്തിലാണ് ആക്രമണം. തിരുവനന്തപുരത്ത് നിന്നെത്തിച്ച കൊലക്കേസ് പ്രതികളുമായി ഉണ്ടായ സംഘര്‍ഷം ജീവനക്കാര്‍ക്കു നേരെ തിരിയുകയായിരുന്നു.

ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. മൂന്ന് ജയിൽ ജീവനക്കാർക്കും ഒരു പ്രതിക്കും പരിക്കേറ്റു. വലിയൊരു സംഘർഷം ജയിലിലുണ്ടായെന്നാണ് വിവരം.

തിരുവനന്തപുരം ജയിലിൽ നിന്നും അച്ചടക്കനടപടിയെ തുടർന്ന് വിയ്യൂർ ജയിലിലേക്ക് മാറ്റിയ കാട്ടുണ്ണി, അരുൺ എന്നീ രണ്ട് കൊലക്കേസ് പ്രതികളാണ് രാവിലെ ആദ്യം പ്രശ്നങ്ങൾ തുടങ്ങിയത്.

ഓഫീസിലേക്ക് പരാതിയുമായി പോയ അവർ ഇവിടെ വെച്ച് ചായ കൊണ്ടുവന്ന ഗ്ലാസ് കൊണ്ട് കൈമുറിക്കാൻ ശ്രമിച്ചു. ഈ സമയത്ത് തന്നെ കൊടി സുനിയുടെ നേതൃത്വത്തിലുളള സംഘം ഗാർഡ് ഓഫീസറുടെ മുറിയും തകർത്തു. മുറിയിലുണ്ടായിരുന്ന ഫർണീച്ചറുകളും തകർത്തു.

തടയാനെത്തിയ മൂന്നു ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു, ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓഫിസിലെ ഫര്‍ണീച്ചറുകളും സംഘം തല്ലിത്തകര്‍ത്തു. ജില്ലാ ജയിലിലെ ഉദ്യോഗസ്ഥര്‍ കൂടി എത്തിയാണ് തടവുകാരെ കീഴ്‌പെടുത്തി രംഗം ശാന്തമാക്കിയത്.