മലപ്പുറം: ആര്യാടന്‍ ഷൗക്കത്തിനെതിരെ നിലപാട് കടുപ്പിച്ച് കെ.പി.സി.സി. പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ് നടത്തിയതില്‍ ഷൗക്കത്തിന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് കെ.പി.സി.സി നേതൃത്വത്തിന്റെ നിലപാട്. ആര്യാടന്‍ ഷൗക്കത്തിന് നേതൃത്വം നോട്ടീസ് നല്‍കും. തുടര്‍നടപടി കെ.പി.സി.സി അച്ചടക്ക സമിതി തീരുമാനിക്കും.

ഷൗക്കത്തിന്റേത് കടുത്ത അച്ചടക്ക ലംഘനമാണെന്നും അച്ചടക്ക സമിതി വിഷയം അന്വേഷിച്ചതിനു ശേഷം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കാനുമാണ് കെപിസിസി തീരുമാനം.

കെ.പി.സി.സി നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് മലപ്പുറത്ത് ആര്യാടന്‍ മുഹമ്മദ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയുമായി മുന്നോട്ടുപോയാല്‍ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് നേതൃത്വം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ റാലി നടത്തുന്നത് വിഭാഗീയ പ്രവര്‍ത്തനമല്ലെന്നും റാലിയില്‍ നിന്ന് പിന്മാറില്ലെന്നുമുള്ള നിലപാടിലായിരുന്നു ആര്യാടന്‍ ഷൗക്കത്ത്.

ആര്യാടന്‍ ഫൗണ്ടേഷന്റെ പേരില്‍ നേരത്തെയും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രമിച്ചപ്പോള്‍ താക്കീത് നല്‍കിയതാണ്. പാര്‍ട്ടി തിരിച്ചുവരവിന് ശ്രമിക്കുമ്പോള്‍ ഒരുതരത്തിലുള്ള വിഭാഗീയതയും അനുവദിക്കില്ലെന്നുമായിരുന്നു കെ.പി.സി.സി നേതൃത്വത്തിന്റെ മുന്നറിയിപ്പ്. സംഘടന നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് വിഭാഗീയ പ്രവര്‍ത്തനം നടത്തിയാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കെ.പി.സി.സി മുന്നറിയിപ്പ് നല്‍കിയിരുന്നു.