MediaNational

ആത്മകഥ പിന്‍വലിച്ച് ISRO ചെയര്‍മാന്‍ എസ്. സോമനാഥ്; വിവാദമല്ല പ്രചോദനമായിരുന്നു ഉദ്ദേശിച്ചതെന്ന് വിശദീകരണം

തിരുവനന്തപുരം: ആത്മകഥ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ വിവാദമായതോടെ പ്രസിദ്ധീകരണം പിന്‍വലിച്ച് ISRO ചെയര്‍മാന്‍ എസ്. സോമനാഥ്, ‘നിലാവ് കുടിച്ച സിംഹങ്ങള്‍’ പിന്‍വലിച്ചു.

പുസ്തകം പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് അദ്ദേഹം പ്രസാധകര്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് വിവരം. മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവനെ കുറിച്ച് ആത്മകഥയില്‍ അദ്ദേഹം എഴുതിയ കാര്യങ്ങള്‍ വിവാദമായ പശ്ചാത്തലത്തിലാണ് നടപടി.

ഷാര്‍ജ ബുക്ക് ഫെയറില്‍ പുസ്തകം പ്രകാശനം ചെയ്യുന്നതും നിര്‍ത്തിവെച്ചു. ഇതിനായി ഷാര്‍ജയിലേക്ക് പോകാനിരുന്ന എസ് സോമനാഥ് യാത്ര റദ്ദാക്കിയിട്ടുണ്ട്.

കൂടുതല്‍ വിവാദം വേണ്ടെന്ന് പ്രസാധകര്‍ക്ക് നിര്‍ദേശം നല്‍കിയതായി അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. യുവജനങ്ങളെ പ്രചോദിപ്പിക്കാനാണ് ആത്മകഥയിലൂടെ ആഗ്രഹിച്ചതെന്നും എന്നാല്‍ വിവാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ പുസ്തകം പിന്‍വലിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കെ. ശിവനെതിരെ ഗുരുതര ആരോപണങ്ങളാണ് എസ്. സോമനാഥിന്റെന ആത്മകഥയിലുള്ളത്. താന്‍ ചെയര്‍മാനാകാതിരിക്കാന്‍ കെ. ശിവന്‍ ശ്രമിച്ചെന്നും ചന്ദ്രയാന്‍ രണ്ട് പരാജയത്തിന് കാരണം പല നിര്‍ണായക പരീക്ഷണങ്ങളും പൂര്‍ത്തിയാക്കാതെ ദൗത്യം നടപ്പാക്കിയതാണെന്നുമുള്‍പ്പെടെ ആരോപണങ്ങള്‍ ആത്മകഥയില്‍ ഉയര്‍ത്തുന്നുണ്ട്. പല നിര്‍ണായക ദൗത്യങ്ങളിലും കെ ശിവന്റെ തീരുമാനങ്ങള്‍ പ്രതികൂല ഫലമുണ്ടാക്കിയെന്നും നിലാവ് കുടിച്ച സിംഹങ്ങളില്‍ സോമനാഥ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *