തിരുവനന്തപുരം: സംസ്ഥാന സാമുഹ്യ നീതി വകുപ്പിന്റെ ഒട്ടുമിക്ക പദ്ധതികളും സാമ്പത്തിക പ്രതിസന്ധിയില്‍ കുരുങ്ങി കിടക്കുകയാണ്. പരിണയം, മന്ദഹാസം, മിശ്രവിവാഹ സഹായം, വികലാംഗ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായം, നിരാമയ ഇന്‍ഷുറന്‍സ് പോളിസി, ഭിന്നശേഷി സ്‌കോളര്‍ഷിപ്പ് എന്നീ പദ്ധതികളില്‍ അപേക്ഷിച്ചവര്‍ പണം കിട്ടാതെ വലഞ്ഞിരിക്കുകയാണ്.

ബജറ്റില്‍ തുക വകയിരുത്തുമെങ്കിലും പണം ആവശ്യപ്പെടുമ്പോള്‍ ധനവകുപ്പ് ഫണ്ട് അനുവദിക്കില്ലെന്നാണ് മിക്ക മന്ത്രിമാരുടെയും പരാതി.

മിശ്രവിവാഹ ധനസഹായ പദ്ധതി പദ്ധതിയില്‍ അപേക്ഷിച്ച 3441 അപേക്ഷകര്‍ക്ക് ധനസഹായം കൊടുത്തിട്ടില്ല. 10.32 കോടിയാണ് കുടിശിക. മിശ്രവിവാഹം ചെയ്ത് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ദമ്പതികള്‍ക്ക് സാമൂഹ്യനീതി വകുപ്പ് നല്‍കുന്ന 30,000 രൂപ ധനസഹായമാണ് സാമ്പത്തിക പ്രതിസന്ധിയില്‍ കുരുങ്ങിയത്.

സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള ഭിന്ന ശേഷിക്കാരായ മാതാപിതാക്കളുടെ പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായം നല്‍കുന്ന പരിണയം പദ്ധതിയില്‍ അപേക്ഷിച്ച 16 പേര്‍ക്കും ധനസഹായം ലഭിച്ചില്ല. 30,000 രൂപയാണ് ധനസഹായം. 4.80 ലക്ഷം രൂപയാണ് കുടിശിക.

ഭിന്നശേഷിക്കാര്‍ക്ക് ചികില്‍സക്കായി ധനസഹായം നല്‍കുന്ന വികലാംഗ ദുരിതാശ്വാസ നിധിയില്‍ സഹായം അപേക്ഷിച്ച 791 പേര്‍ക്ക് ധനസഹായം കൊടുത്തിട്ടില്ല. പരമാവധി 5000 രൂപയാണ് ധനസഹായം. 17.14 ലക്ഷമാണ് കുടിശിക.

ദാരിദ്ര്യ രേഖയ്ക്കു താഴെയുളള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സൗജന്യമായി കൃത്രിമ ദന്തനിര വച്ച് കൊടുക്കുന്ന മന്ദഹാസം പദ്ധതിയില്‍ അപേക്ഷിച്ച 20 പേര്‍ക്കും സഹായം ലഭിച്ചില്ല. 1 ലക്ഷമാണ് കുടിശിക.

സംസ്ഥാനത്തെ അംഗപരിമിതര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്ന നിരാമയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 43 അപേക്ഷകളില്‍ സര്‍ക്കാര്‍ വിഹിതം നല്‍കിയിട്ടില്ല. 13.10 ലക്ഷമാണ് കുടിശിക.

ഭിന്നശേഷി സ്‌കോളര്‍ ഷിപ്പിന് അപേക്ഷിച്ച 8 പേരുടെ ഫണ്ടും കുടിശികയാണ്. ഫണ്ട് നല്‍കാത്തതിനാല്‍ സപ്ലെക്കോ, കെ.എസ്.ആര്‍.ടി.സി എന്നിവയെല്ലാം പ്രതിസന്ധിയാണ്.

സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള ക്ഷേമ പദ്ധതികളുടെ കുടിശ്ശികയുടെ വിശദാംശങ്ങളെക്കുറിച്ച് കെ.കെ. രമ എം.എല്‍.എയുടെ ചോദ്യത്തിന് മന്ത്രി ആര്‍. ബിന്ദുവാണ് നിയമസഭയില്‍ രേഖാമൂലം വെളിപ്പെടുത്തിയത്.

കേരളീയത്തിനും ജനസദസിനും നിയമസഭ പുസ്തകമേളക്കും പി.എസ്.സി അംഗങ്ങളുടെ ശമ്പളം ഉയര്‍ത്താനും കോടികള്‍ ചെലവഴിക്കുന്ന സര്‍ക്കാര്‍ സാധാരണ ജനങ്ങള്‍ക്ക് സഹായം കിട്ടുന്ന പദ്ധതികള്‍ക്ക് പണം നല്‍കുന്നില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ലൈഫ് മിഷനു പോലു പണം നല്‍കുന്നില്ല. ക്ഷേമ പെന്‍ഷന്‍ പോലും കുടിശികയാണ്. ജീവനക്കാരുടെയും പെന്‍ഷന്‍ കാരുടെയും ഡി.എ 18 ശതമാനം കുടിശികയാണ്. കുടിശിക സര്‍ക്കാരാണ് പിണറായി സര്‍ക്കാര്‍ എന്ന് നിസംശയം പറയാം.