‘നിങ്ങളോടൊപ്പം ഞാനും’; തലസ്ഥാന നഗരി നിറയെ മുഖ്യമന്ത്രിയുടെ പബ്ലിസിറ്റി വാഹനങ്ങള്‍; 3.98 കോടി ചെലവിട്ട് പിണറായിക്ക് പബ്ലിസിറ്റി

ടെണ്ടര്‍ ഇല്ലാതെ 19 വേദികളിലെ പന്തല്‍ ഒരുക്കാന്‍ ജില്ലാ സെക്രട്ടറി ജോയിക്കും സംഘത്തിനും ലഭിച്ചത് 3.14 കോടി രൂപ

തിരുവനന്തപുരം: നവംബര്‍ 1 മുതല്‍ നടക്കുന്ന കേരളീയം പരിപാടിയുടെ പബ്ലിസിറ്റി വാഹനങ്ങളെക്കൊണ്ട് നിറഞ്ഞ് തലസ്ഥാന നഗരം. വാഹനങ്ങളുടെ ചുറ്റും പിണറായിയുടെ ചിരിക്കുന്ന ചിത്രം സഹിതമുള്ള കേരളീയത്തിന്റെ ഫ്ളക്സുകളും പതിപ്പിച്ചിട്ടുണ്ട്.

‘നിങ്ങളോടൊപ്പം ഞാനും’ എന്ന ക്യാപ്ഷനും ചിത്രത്തിനൊപ്പം സ്ഥാനം പിടിച്ചിട്ടുണ്ട്. 3.98 കോടിയാണ് മീഡിയക്കും പബ്‌ളിസിറ്റിക്കും ആയി അനുവദിച്ചിരിക്കുന്നത്. ടെണ്ടര്‍ നടപടിയില്‍ നിന്ന് കേരളിയത്തെ ഒഴിവാക്കിയിട്ടുണ്ട്.

സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയി എം.എല്‍.എയാണ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍. ടെണ്ടര്‍ ഇല്ലാത്തതിനാല്‍ ജോയിക്ക് വേണ്ടപെട്ടവര്‍ക്കാണ് മിക്ക പ്രവൃത്തികളും ലഭിച്ചിരിക്കുന്നത്. 19 വേദികളിലെ പന്തലും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നത് ജോയിയും ടീമുമാണ്.

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പടുകൂറ്റന്‍ പന്തല്‍ ഉയര്‍ന്ന് കഴിഞ്ഞു. 1.60 കോടിയാണ് സെന്‍ട്രല്‍ സ്റ്റേഡിയനായി അനുവദിച്ചത്. നിശാഗന്ധിക്ക് 23.87 ലക്ഷം, ടാഗോറിന് 14.11 ലക്ഷം, പുത്തരി കണ്ടം 9.13 ലക്ഷം, സെനറ്റ് ഹാള്‍ 9.79 ലക്ഷം, ഭാരത് ഭവന്‍ 3.30 ലക്ഷം, തൈക്കാട് പോലീസ് ഗ്രൗണ്ട് 20.90 ലക്ഷം, വിവേകാനന്ദ പാര്‍ക്ക് 3.39 ലക്ഷം, കെല്‍ട്രോണ്‍ ഗ്രൗണ്ട് 2.44 ലക്ഷം, ടാഗോര്‍ ഓപ്പണ്‍ എയര്‍ തീയേറ്റര്‍ 3 ലക്ഷം, ഭാരത് ഭവന്‍ എ.സി. ഹാള്‍ 3.30 ലക്ഷം, ബാലഭവന്‍ 3.19 ലക്ഷം, പഞ്ചായത്ത് അസോസിയേഷന്‍ ഹാള്‍ 6.19 ലക്ഷം, സൂര്യകാന്തി 5.61 ലക്ഷം, മ്യൂസിയം റേഡിയോ പാര്‍ക്ക് 3.42 ലക്ഷം, യൂണിവേഴ്‌സിറ്റി കോളേജ് 7.70 ലക്ഷം, എസ് എം വി സ്‌ക്കൂള്‍ 5.51 ലക്ഷം, ഗാന്ധി പാര്‍ക്ക് 4.27 ലക്ഷം , സ്ട്രീറ്റ് വെന്യൂസ് 25 ലക്ഷം എന്നിങ്ങനെ 19 വേദികളില്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ 3. 14 കോടി. മലയാളികളുടെ മഹോത്സവം എന്നാണ് കേരളിയത്തെ സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്. ടെണ്ടര്‍ ഇല്ലാത്തതിനാല്‍ കേരളീയം സഖാക്കളുടെ മഹോത്സവം ആയി മാറുന്നു എന്നതാണ് വാസ്തവം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments