മാധ്യമപ്രവര്‍ത്തകയോടുള്ള പെരുമാറ്റത്തില്‍ സുരേഷ് ഗോപി വിവാദത്തിലാണ്. അപമാനിച്ചുവെന്ന് മാധ്യമപ്രവര്‍ത്തകയും അങ്ങനെയല്ലെന്ന് സുരേഷ് ഗോപിയും ബിജെപി നേതാക്കളും സജീവമായി വാദിക്കുകയും പരാതിപ്പെടുകയും ചെയ്യുകയാണ്.
എന്നാല്‍, തൃശൂരിലെ ഓട്ടോ തൊഴിലാളികളെ ഇതൊന്നും ബാധിച്ചിട്ടില്ല. തൃശൂരില്‍ ബി.ജെി.പി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും. പോസ്റ്ററുകളമായി രംഗത്തെത്തിയിരിക്കുകയാണ് ബി.എം.എസ് ഓട്ടോ തൊഴിലാളികള്‍.
സുരേഷ് ഗോപിയുടെ ചിത്രത്തിനൊപ്പം ‘ചതിക്കില്ല എന്നത് ഉറപ്പാണ്. വോട്ട് ഫോര്‍ ബി ജെ പി’ എന്നെഴുതിയ താമര ചിഹ്നത്തോടുകൂടിയ പോസ്റ്ററുകളാണ് ഓട്ടോറിക്ഷകളില്‍ ഒട്ടിക്കുന്നത്.
വൈകാതെ തന്നെ സുരേഷ് ഗോപി തൃശൂരിലെത്തും. അദ്ദേഹത്തെ ഈ ഫോട്ടോകള്‍ കാണിക്കാനുള്ള ആവേശത്തിലാണ് പ്രവര്‍ത്തകര്‍. മാദ്ധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം വിവാദമാകുന്നതിനിടെയാണ് പ്രവര്‍ത്തകര്‍ പോസ്റ്ററുകളുമായെത്തിയത്.
ഇന്നലെ കോഴിക്കോട് തളിയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലായിരുന്നു സുരേഷ് ഗോപി മാദ്ധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവച്ചതാണ് വിവാദമായത്. തോളില്‍ കൈ വയ്ക്കുമ്പോള്‍ തന്നെ മാധ്യമപ്രവര്‍ത്തക അത് തട്ടിമാറ്റുന്നുണ്ട്. ഇത് ആവര്‍ത്തിച്ചപ്പോഴും കൈ തട്ടി മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.
മാദ്ധ്യമപ്രവര്‍ത്തക അല്‍പം മുമ്പ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്നതും, മോശം ഉദ്ദേശത്തോടെയുള്ള പെരുമാറ്റവും സുരേഷ് ഗോപിയില്‍ നിന്നുണ്ടായെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ രാവിലെ അദ്ദേഹം മാപ്പ് പറഞ്ഞിരുന്നു.