‘കൂട്ടമായി ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണം, അതു മാത്രമാണിനി ആശ്രയം’; ഗസ്സയിലെ പള്ളികളിൽനിന്ന് ലോകത്തോട് സഹായം തേടി ഫലസ്തീനികൾ

ഗസ്സ സിറ്റി: ഇന്നലെ രാത്രിയോടെ അസാധാരണമായ ആക്രമണമാണ് ഗസ്സ മുനമ്പിൽ ഇസ്രായേൽ അഴിച്ചുവിട്ടിരിക്കുന്നത്. വൈദ്യുതി-ഇന്റർനെറ്റ് ബന്ധങ്ങളെല്ലാം വിച്ഛേദിച്ച് പുറംലോകവുമായുള്ള ആശയവിനിമയ മാർഗങ്ങളെല്ലാം തകർത്താണ് ഇസ്രായേൽ ആക്രമണം കടുപ്പിച്ചിരിക്കുന്നത്.

ഗസ്സയെ പൂർണമായും ഇരുട്ടിലാക്കിയാണ് ഇസ്രായേൽകുരുതി തുടരുന്നത്.അതിനിടെ, പള്ളികളിലെ ലൗഡ്‌സ്പീക്കറിലൂടെ ലോകത്തോട് സഹായം തേടുകയാണ് ഫലസ്തീനികൾ. ആശയവിനിമയ മാർഗങ്ങൾ മുറിഞ്ഞതോടെയാണ് പള്ളികളിലെ മെഗാഫോണുകളെ ആശ്രയിച്ചാണ് ഇവർ പുറംലോകത്തോട് സംസാരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങൾ ‘മിഡിലീസ്റ്റ് ഐ’ പുറത്തുവിട്ടിട്ടുണ്ട്.’ആശയവിനിമയ മാർഗങ്ങളെല്ലാം മുറിഞ്ഞിരിക്കുകയാണ്. ദൈവമേ, നീ മാത്രമാണിനി രക്ഷ. അവർ അവരുടെ സർവശക്തിയും ഞങ്ങൾക്കെതിരെ പ്രയോഗിക്കുകയാണ്. നിന്റെ ശക്തിയിൽ ഞങ്ങൾ വിശ്വസിക്കുന്നു. മുസ്‌ലിം സമൂഹമേ, നിങ്ങളുടെ പ്രാർത്ഥനയാണ് ഞങ്ങൾക്ക് ആശ്രയം. ഞങ്ങളുടെ വിജയത്തിനുവേണ്ടി ദൈവത്തോട് പ്രാർത്ഥിക്കണം. കൂട്ടുപ്രാർത്ഥന നടത്തണം’-വിഡിയോയിൽ പള്ളിയിലെ ലൗഡ്‌സ്പീക്കറിലൂടെ ഒരാൾ വിളിച്ചുപറയുന്നു.വെസ്റ്റ് ബാങ്ക് ഉൾപ്പെടെ ഫലസ്തീന്റെ വിവിധ ഭാഗങ്ങളിൽ തെരുവുകൡലിറങ്ങിയാണ് ഇന്ന് ആയിരങ്ങൾ സുബഹി നമസ്‌കാരം(പ്രഭാതപ്രാർത്ഥന) നിർവഹിച്ചത്.

ഗസ്സയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് ഫലസ്തീനികൾ തെരുവിലിറങ്ങിയത്. നാബ്ലുസ്, തൂൽകറം, ജെനിൻ, തൂബാസ് എന്നിവിടങ്ങളിലെല്ലാം ജനങ്ങൾ തെരുവിൽ ഇസ്രായേൽ അതിക്രമങ്ങൾക്കെതിരെ പ്രതിഷേധവുമായി തടിച്ചുകൂടിയിരിക്കുകയാണ്.വൈദ്യുതി സമ്പൂർണമായി വിച്ഛേദിക്കപ്പെട്ടതോടെ ഗസ്സ മുനമ്പ് അപ്പാടെ ഇരുട്ടിലായിരിക്കുകയാണെന്ന് റാമല്ലയിൽനിന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. ഫോൺ, ഇന്റർനെറ്റ് ഉൾപ്പെടെ ആശയവിനിമയ മാർഗങ്ങളെല്ലാം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ഇരുട്ടിന്റെ മറവിലാണ് ഫലസ്തീനികൾക്കുമേൽ ഇസ്രായേൽ രക്തച്ചൊരിച്ചിൽ തുടരുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments