നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയാണ് പുറത്തുവിട്ടത്. ഛത്തീസ്ഗഢിൽ ആദ്യ പട്ടികയിൽ 30 സ്ഥാനാർത്ഥികളാണുളളത്. പഠാനിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലാണ് സ്ഥാനാർത്ഥി. ഉപമുഖ്യമന്ത്രി ടി എസ് സിംഗ് ദിയോ അംബികാപൂരിൽ മത്സരിക്കും.

രാജ്നന്ദ്ഗാവിൽ പാർട്ടി ഗിരീഷ് ദേവാങ്കനെയാണ് മത്സരിപ്പിക്കുന്നത്. ബിജെപി നേതാവും മുൻ സംസ്ഥാന മുഖ്യമന്ത്രിയുമായ രമൺ സിങ്ങാണ് എതിർ സ്ഥാനാർത്ഥി. ബിജാപൂരിൽ നിന്ന് വിക്രം മാണ്ഡവി, ബസ്തറിൽ നിന്ന് ലഖേശ്വർ ബാഗേൽ, ചിത്രകോട്ടിൽ നിന്ന് ദീപക് ബൈജി, കെ ചവീന്ദ്ര കർമ്മ ദന്തേവാഡ എന്നിവരെ മത്സരിപ്പിക്കും.

കോൺഗ്രസ് നേതാവ് താരധ്വജ് സാഹു ദുർഗ് (റൂറൽ) മണ്ഡലത്തിലും രവീന്ദ്ര ചൗബെ നവഗഢിലും യശോദ വർമ ഖൈരാഗഡിലും മത്സരിക്കും.

മധ്യപ്രദേശിൽ ആദ്യ പട്ടികയിൽ 144 സ്ഥാനാർത്ഥികൾ ഇടംപിടിച്ചു. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് ചിന്ദ്വാരയിൽ നിന്ന് മത്സരിക്കും. തെലങ്കാനയിലെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ എ രേവന്ത് റെഡ്ഡി (കൊടങ്കൽ), എൻ ഉത്തം കുമാർ റെഡ്ഡി (ഹുസൂർനഗർ), കോമാട്ടിറെഡ്ഡി വെങ്കട്ട് റെഡ്ഡി (നൽഗൊണ്ട), മുളഗിൽ നിന്നുള്ള സീതക്ക എന്നിവർ ഇടംപിടിക്കാൻ സാധ്യതയുണ്ട്.

119 സീറ്റിലേക്കാണ് തെലങ്കാനയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ മൂന്നിനാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുക. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയ്യതി നവംബർ 10 ആണ്. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തിയ്യതി നവംബർ 15ഉം തെലങ്കാനയിലെ വോട്ടെടുപ്പ് നവംബർ 30നുമാണ്.

മധ്യപ്രദേശിൽ 230 ഉം ചത്തീസ്ഗഢിൽ 90 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. മധ്യപ്രദേശിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയ്യതി നവംബർ രണ്ട് ആണ്. നവംബർ 17 ന് ആണ് മധ്യപ്രദേശിൽ വോട്ടെടുപ്പ്. ചത്തീസ്ഗഢിൽ ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നവംബർ ഏഴിനും രണ്ടാംഘട്ടം നവംബർ 17 നും നടക്കും.