തിരുവനന്തപുരം: ഉദ്ഘാടന മാമാങ്കം നടത്തിയെങ്കിലും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്ക് സര്‍ക്കാര്‍ ഫണ്ട് കൃത്യമായി അനുവദിക്കുന്നില്ലെന്ന് രേഖകള്‍. ഈ മാസം 13 ന് ഫിഷറിസ് തുറമുഖ വകുപ്പില്‍ നിന്നിറങ്ങിയ ഉത്തരവ് പ്രകാരം 16.25 കോടിയാണ് വിഴിഞ്ഞത്തിന് സര്‍ക്കാര്‍ അനുവദിച്ചത്. 338.61 കോടി രൂപ അനുവദിക്കണമെന്നായിരുന്നു വിഴിഞ്ഞം സീപോർട്ട് എംഡിയുടെ ആവശ്യം.

ഏപ്രില്‍ 28നാണ് എം.ഡി സര്‍ക്കാരിന് കത്തയച്ചത്. വിഴിഞ്ഞം ഉള്‍പ്പെടെയുള്ള വന്‍കിട അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി 360 കോടി 2023-24 ലെ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഇതില്‍ നിന്നും 2023 സെപ്റ്റംബറിന് മുന്‍പ് 338.61 കോടി അനുവദിക്കണമെന്നായിരുന്നു എം.ഡി. കത്ത് മുഖേന ആവശ്യപ്പെട്ടത്.

കത്ത് പരിശോധിച്ച ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി തലവനായ ഹൈ പവര്‍ കമ്മറ്റി 16.25 കോടി അനുവദിക്കാമെന്ന് തീരുമാനമെടുത്തത് ജൂണ്‍ 24ന്. പണം ലഭിക്കാന്‍ വീണ്ടും 4 മാസം എടുത്തു. വിഴിഞ്ഞം ഉദ്ഘാടത്തിന് രണ്ട് ദിവസം മുന്‍പാണ് ധനവകുപ്പ് 16.25 കോടി അനുവദിച്ചത്. തുടര്‍ന്ന് ഫിഷറിസ് തുറമുഖ വകുപ്പും ഉത്തരവിറക്കിയതോടെയാണ് വിഴിഞ്ഞം എം.ഡിക്ക് 16.25 കോടി കിട്ടിയത്.

7 ഇനങ്ങള്‍ക്കായാണ് 16.25 കോടി അനുവദിച്ചത്. ബൗണ്ടറി വാള്‍ നിര്‍മ്മാണത്തിന് 1 കോടി , പ്രൊജക്ട് സ്റ്റഡിക്ക് 50 ലക്ഷം, സീഫുഡ് പാര്‍ക്കിന്റെ ഡിപിആര്‍ പ്രിപ്പറേഷന് 2 കോടി, പ്രൊജക്ടിന്റെ നിയമ, ടെക്‌നിക്കല്‍ ഉപദേശം, ഭരണപരമായ ചെലവുകള്‍ക്കും എഞ്ചിനീയര്‍മാരുടെ ശമ്പളത്തിനും 6 കോടി, ആര്‍ബ്രിട്രേഷന്‍ ഫീസായി 5 കോടി, വെബ് സൈറ്റിന് 25 ലക്ഷം, പി.ആര്‍ സെല്ലിന് 1.50 കോടിയും ഉള്‍പ്പെടെയുള്ള 7 ഇനങ്ങള്‍ക്കാണ് 16.25 കോടി അനുവദിച്ചത്.

വിഴിഞ്ഞം പദ്ധതിക്ക് 16.25 കോടി അനുവദിച്ച അതേ ദിവസം തന്നെയാണ് കേരളീയം പരിപാടിക്ക് 27 .12 കോടി ധനവകുപ്പ് അനുവദിച്ചത്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് 7 ദിവസം നീളുന്ന തെരഞ്ഞെടുപ്പ് പ്രചരണമാണ് കേരളീയം. 85 ലക്ഷം രൂപയാണ് ഫുഡ് കമ്മിറ്റിക്ക് അനുവദിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ചെലവില്‍ വേണ്ടപ്പെട്ടവര്‍ക്ക് ജനങ്ങളുടെ നികുതി പണത്തില്‍ നിന്ന് ആഘോഷമായി കഴിക്കാമെന്ന് വ്യക്തം.

സര്‍ക്കാര്‍ ധൂര്‍ത്തിന് 27.12 കോടിയും വിഴിഞ്ഞം പോലൊരു അഭിമാന പദ്ധതിക്ക് 16.25 കോടിയും അനുവദിച്ചതിലൂടെ പിണറായി സര്‍ക്കാരിന്റെ മുന്‍ഗണന എന്തിനെന്ന് വ്യക്തമായിരിക്കുകയാണ്. 16.25 കോടി വിഴിഞ്ഞത്തിന് ലഭിക്കാന്‍ എം.ഡി അദീല അബ്ദുള്ളയ്ക്ക് 6 മാസം സെക്രട്ടേറിയേറ്റില്‍ കയറി ഇറങ്ങേണ്ടി നടന്നു എന്ന് ഉത്തരവില്‍ നിന്ന് വ്യക്തം. ആദിലക്ക് പകരം എം.ഡിയായി എത്തുന്ന ദിവ്യ എസ് അയ്യര്‍ വിഴിഞ്ഞത്തിന് ഫണ്ട് ലഭിക്കാന്‍ എത്ര മാസം സെക്രട്ടേറിയേറ്റ് കയറി ഇറങ്ങേണ്ടി വരും എന്ന് കാത്തിരുന്ന് കാണേണ്ടി വരും.

വിഴിഞ്ഞത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ഫ്‌ലക്‌സും പരസ്യവും ആയി മുന്നിട്ടിറങ്ങിയ പിണറായി 338 .61 കോടി ചോദിച്ചിട്ട് നല്‍കിയത് 16.25 കോടി മാത്രം. ആവശ്യപ്പെട്ട തുകയുടെ 5 ശതമാനം പോലും കൊടുക്കാന്‍ തയ്യാറാകാത്ത പിണറായിയുടെ തീരുമാനം വകുപ്പില്‍ ചര്‍ച്ചയായി മാറി കഴിഞ്ഞു.

Read Also