വിഴിഞ്ഞം തുറമുഖം പിറന്നത് ഡി. ബാബുപോളിന്റെ തലയില്‍; സ്വപ്‌നമെന്ന് പരിഹസിച്ച കാലഹരണപ്പെട്ട മസ്തിഷ്‌കത്തിന് കാലത്തിന്റെ മറുപടിയായി വിഴിഞ്ഞം അന്താരാഷ്ട്ര സീ പോര്‍ട്ട് |Vizhinjam International Seaport

വിഴിഞ്ഞത്ത് ഒരു ബങ്കറിങ്ങ് തുറമുഖം നിര്‍മ്മിക്കുകയെന്ന എന്ന ആശയം മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായിരുന്ന ഡോ. ഡി. ബാബുപോളിന്റേതായിരുന്നു. 1989-91 കാലഘട്ടത്തില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെ തലപ്പത്ത് എത്തിയപ്പോഴായിരുന്നു ബാബു പോള്‍ ഈ ആശയം മുന്നോട്ട് വെച്ചത്. സംസ്ഥാനത്തിന് വലിയ സാമ്പത്തിക പ്രയോജനം കിട്ടുമെന്ന ബാബു പോളിന്റെ ആശയം അന്നത്തെ പ്ലാനിംഗ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഗുലാത്തിക്ക് ഇഷ്ടപ്പെട്ടെങ്കിലും അത് ഒരു മുന്‍ഗണനയായി പരിഗണിക്കാന്‍ തയ്യാറായിരുന്നില്ല.

പിന്നീട്, ഗുലാത്തിക്ക് പകരം വന്ന ‘കാലാഹരണപ്പെട്ട മസ്തിഷ്‌കമാകട്ടെ’ വിഴിഞ്ഞം തുറമുഖത്തെപ്പറ്റി സംസാരിച്ച ബാബുപോളിനെ ‘യു ആര്‍ എ ഡ്രീമര്‍’ എന്ന് പരിഹസിക്കുകയാണ് ചെയ്തത്. 2008 ല്‍ പുറത്തിറക്കിയ ബാബു പോളിന്റെ സര്‍വീസ് സ്റ്റോറിയായ ‘കഥ ഇതുവരെ’യില്‍ ( പേജ് 300 – 303) വിഴിഞ്ഞത്തെ കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. കഥ ഇതുവരെയില്‍ ബാബു പോള്‍ വിഴിഞ്ഞത്തെ കുറിച്ച് എഴുതിയത് ഇങ്ങനെ:

‘വിഴിഞ്ഞത്തൊരു തുറമുഖം എന്ന ആശയം പുതിയതല്ല. ഫിഷറീസ് ഹാര്‍ബര്‍ എന്ന പരിപാടി ഞാന്‍ എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥി ആയിരുന്ന കാലത്തോ മറ്റോ തുടങ്ങിയതാണ്. ഒടുവില്‍ കുറെ ചെറുപ്പക്കാര്‍ ഉല്‍സാഹത്തോടെ നയിച്ച ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് രൂപപ്പെട്ടതോടെയാണ് അതിന് ചൈതന്യം ഉണ്ടായത്. ആ വകുപ്പ് ഞാനാണ് സൃഷ്ടിച്ചത്. അത് 1980- 82 കാലത്ത് ഈ വകുപ്പുകള്‍ എന്റെ അധീനതയില്‍ ആയിരുന്നപ്പോഴായിരുന്നു. 1989 – 91 ലെ രണ്ടാമൂഴത്തില്‍ വിഴിഞ്ഞത്ത് രണ്ട് സംഗതികളാണ് പുതിയതായി ശ്രദ്ധിച്ചത്. ഒന്ന് തിരമാലകളില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ഒരു പരിപാടി. മദ്രാസിലെ ഐ.ഐ.ടിക്കാരുടെ പ്രൊജക്ട് ആയിരുന്നു അത്. പ്രോല്‍സാഹനം നല്‍കി എന്നതല്ലാതെ എന്റേതായ ഒരു ആശയവും ആ പ്രയോഗത്തില്‍ ഉണ്ടായിരുന്നില്ല. രണ്ടാമത്തേത് എന്റെ ആശയം ആയിരുന്നു. അത് വിഴിഞ്ഞം ഒരു ബങ്കറിങ് തുറമുഖം ആക്കിയെടുക്കുക എന്നതായിരുന്നു.

വല്ലാര്‍പാടത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയില്‍ മറ്റൊരു കണ്ടെയ്‌നര്‍ തുറമുഖത്തിന്റെ ആശയം എന്റെ മനസില്‍ മുളച്ചതേയില്ല. എന്നാല്‍ പത്തെഴുപതടി ആഴമുള്ള സ്ഥലം, കപ്പല്‍ കൊളംബില്‍ നിന്ന് കൊച്ചിക്കോ, ബോംബെക്കോ പോകുന്നത് നഗ്‌നനേത്രങ്ങള്‍ക്ക് ദൃശ്യമാവുന്ന ചെറിയ ദൂരം മാത്രമാണ് മാരിറ്റൈം ഹൈവേയില്‍ നിന്ന് , ബങ്കറിങ്ങിനാണെങ്കില്‍ മുതല്‍ മുടക്കും കുറവ് മതി എന്നി കാര്യങ്ങള്‍ സുവ്യക്തമായിരുന്നു. ശുദ്ധജലം, പച്ചക്കറി, ഇറച്ചി, പലവ്യഞ്ജനം, അരി തുടങ്ങിയവയാണ് വിക്ച്വല്‍ എന്ന ഒറ്റവാക്കില്‍ വ്യഞ്ജിതം. ഇന്ധനവും കൂടെ ചേരുമ്പോള്‍ ബങ്കറിങ്ങായി. ഒരു ദിവസം ഒരു കപ്പല്‍ കിട്ടിയാല്‍ തന്നെ വലിയ സാമ്പത്തിക പ്രയോജനം സംസ്ഥാനത്തിന് കിട്ടും. എന്റെ ആശയം ഡോ. ഗുലാത്തിക്ക് ഇഷ്ടപ്പെട്ടെങ്കിലും അത് ഒരു മുന്‍ഗണനയായി പരിഗണിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

പിന്നീട് വന്ന കാലാഹരണപ്പെട്ട മസ്തിഷ്‌കമാകട്ടെ യു ആര്‍ എ ഡ്രീമര്‍ എന്ന് പരിഹസിക്കുകയാണ് ചെയ്തത്. (87-92 വരെ ഗുലാത്തിയും 92-96 ല്‍ റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥന്‍ വി. രാമചന്ദ്രനും ആണ് പ്ലാനിംഗ് ബോര്‍ഡിനെ നയിച്ചത്. ഗുലാത്തിക്ക് ആശയം ഇഷ്ടപ്പെട്ടു. മുന്‍ഗണന കൊടുക്കാന്‍ ഗുലാത്തി തയ്യാറായില്ല. രാമചന്ദ്രന് പരിഹാസം മാത്രം. വിഴിഞ്ഞം ബങ്കറിങ്ങ് തുറമുഖം എന്ന ആശയം മൃതിയടഞ്ഞത് ഇങ്ങനെ) . ഒരു വ്യാഴവട്ടക്കാലം കഴിഞ്ഞപ്പോള്‍ മന്ത്രി എം.വി രാഘവനും സെക്രട്ടറി സുധാകരനും വിഴിഞ്ഞത്ത് താന്‍ കണ്ടതിനേക്കാള്‍ വലിയ കിനാവ് നെയ്‌തെടുത്തു.

വല്ലാര്‍പാടം നടത്തിയവര്‍ക്ക് തന്നെ ഇതിലും താല്‍പര്യം ഉണ്ടാകാം. അങ്ങനെയെങ്കില്‍ വിഴിഞ്ഞത്തിന്റേയും വല്ലാര്‍പാടത്തിന്റെയും പാരസ്പര്യം കേരളത്തിന്റെ സാമ്പത്തിക വികസനത്തിന് പ്രയോജനകരമാവും. അല്ല ഇനി വേറൊരു കൂട്ടരാണ് വിഴിഞ്ഞം ചെയ്യാന്‍ മുന്നോട്ട് വരുന്നതെങ്കിലും കുഴപ്പം ഇല്ല. ഇപ്പോഴത്തെ രീതിക്ക് ഈ നൂറ്റാണ്ടിന്റെ പകുതിയാകുമ്പോള്‍ അമ്പതിനായിരം ടി.ഇ.യു കയറ്റുന്ന കപ്പലുകള്‍ ഉണ്ടായി കൂടെന്നില്ല. അപ്പോഴും വിഴിഞ്ഞം പ്രവര്‍ത്തനക്ഷമം ആയിരിക്കും. ഒരു മണ്ണുമാന്തിക്കപ്പലും വേണ്ട. ഇപ്പോള്‍ തന്നെ എഴുപതടി ആഴം. മണ്ണടിയുന്നുമില്ല. ഇവിടെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ പ്രസക്തി. ഇന്നത്തെ രീതിയില്‍ 2050 വരെ നിര്‍മ്മിക്കാനിടയുള്ള കപ്പലുകള്‍ക്ക് സുഗമമായി വന്നു പോകാം. അതിനേക്കാള്‍ വലിയ കപ്പലുകള്‍ മനുഷ്യന്‍ ഉണ്ടാക്കിയെന്ന് വരില്ല. കോണ്‍കോഡ് വിമാനത്തിന്റെ കാര്യം ഓര്‍ക്കുക. എല്ലായിടത്തും മുന്നോട്ട്, കൂടുതല്‍ വേഗം എന്നൊക്കെ പറയുന്ന മനുഷ്യമനസ്സ് കോണ്‍കോഡിനെ അംഗീകരിച്ചില്ല. ചില കാര്യങ്ങളില്‍ പുരോഗതിക്ക് പരിമിതി ഉണ്ടാവും എന്ന് വ്യക്തമാണ്.

വിഴിഞ്ഞത്തെ രാഘവീയ കഥ ഉല്‍സാഹത്തോടെ നടപ്പാക്കണം. നാം അലസരായാല്‍ കുളച്ചല്‍ ഒരു തുറമുഖം വരും. വല്ലാര്‍പാടം വൈകിച്ച് സംശയാസ്പദമായ സാങ്കേതിക മേന്മ മാത്രം ഉള്ള സേതുസമുദ്രവുമായി സമകാലികമാക്കി തൂത്തുക്കുടി വളര്‍ത്തിയ തമിഴന്‍മാര്‍ കുളച്ചല്‍ തുറമുഖം ഉണ്ടാക്കി നമ്മെ തോല്‍പിക്കാനുള്ള സാധ്യത തള്ളികളയരുത്. രാഘവനോടുള്ള വിരോധമോ നിര്‍മ്മതയോ മൂലം വിഴിഞ്ഞത്തെ പുതിയ പരിപാടിയെ നിര്‍ജീവമാക്കാന്‍ പ്രബുദ്ധ കേരളം അരുനില്‍ക്കരുത് എന്നാണ് പറഞ്ഞ് വയ്ക്കുന്നത് ‘. (കടല്‍ കൊള്ള എന്ന് പിണറായിയും സംഘവും ആക്ഷേപിച്ചെങ്കിലും വിഴിഞ്ഞം പദ്ധതി നടപ്പിലാക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് കഴിഞ്ഞു. ബാബു പോളും എം.വി രാഘവനും ഉമ്മന്‍ ചാണ്ടിയും ഇന്നില്ല. വിഴിഞ്ഞത്ത് കപ്പല്‍ എത്തുമ്പോള്‍ ഏറ്റവും സന്തോഷിക്കുന്നതും ഇവരായിരിക്കും ) .

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments