കൊച്ചി: ഫെബ്രുവരി മാസത്തിലെ ആദ്യ ദിവസത്തിൽ സ്വർണത്തിന്റെ വില സർവകാല റെക്കോർഡ് ഉയരത്തിൽ എത്തി. പവൻ സ്വർണത്തിന് 61,960 രൂപയും ഗ്രാമിന് 7,745 രൂപയുമാണ് ഇന്നത്തെ വില. ഇത് പവന് 120 രൂപയുടെയും ഗ്രാമിന് 15 രൂപയുടെയും വർധനവാണ്.
സ്വർണവില തുടർച്ചയായി നാലാം ദിവസമായി റെക്കോർഡ് ഉയരത്തിലാണ്. വെള്ളിയാഴ്ച ഗ്രാമിന് 120 രൂപ വർധിച്ച് 7,730 രൂപയും പവന് 960 രൂപ വർധിച്ച് 61,840 രൂപയുമായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം യഥാക്രമം 220 രൂപയുടെയും 1,760 രൂപയുടെയും വർധനവുണ്ടായി. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വില ഒറ്റയടിക്ക് ഇത്രയും ഉയരുന്നത് ചരിത്രത്തിൽ ആദ്യമാണ്.
ജനുവരി ഒന്നിന് ഗ്രാമിന് 7,110 രൂപയും പവന് 56,880 രൂപയുമായിരുന്നു. ജനുവരി 22-നാണ് പവൻ വില ആദ്യമായി 60,000 രൂപ കടന്നത്. തുടർന്ന് മൂന്ന് ദിവസങ്ങളിലായി ഗ്രാമിന് 45 രൂപ കുറഞ്ഞ ശേഷം വില ഓരോ ദിവസവും റെക്കോർഡ് ഭേദിച്ചുകൊണ്ടിരിക്കുന്നു. 24-ന് പവൻ വില 60,440 രൂപയും 29-ന് 60,760 രൂപയും 30-ന് 60,880 രൂപയും എത്തി.
ഉപഭോക്താക്കൾക്കിടയിലും വ്യാപാരികൾക്കിടയിലും ഒന്നുപോലെ ആശങ്ക സൃഷ്ടിക്കുന്നതാണ് ഈ വിലവർധന. ഈ നില തുടരുകയും കേന്ദ്ര ബജറ്റിൽ ഇറക്കുമതിച്ചുങ്കം കൂട്ടുകയും ചെയ്താൽ ഗ്രാമിന് വില 8,000 രൂപയോളം എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.