വിരമിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള മാസപ്പടി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന അവശ്യവുമായി ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സംഘടന

തിരുവനന്തപുരം: വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് മാസപ്പടി ലഭിക്കണമെന്ന് കേരള ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷന്റെ ആവശ്യം. വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ജഡ്ജിമാര്‍ എന്നിവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യം തങ്ങള്‍ക്കും വേണമെന്നാണ് അസോസിയേഷന്റെ ആവശ്യം.

2022 സെപ്റ്റംബര്‍ 27ന് വിരമിച്ച ഹൈക്കോടതി ജഡ്ജിമാരുടെ പ്രതിമാസ ആനുകൂല്യം വര്‍ദ്ധിപ്പിച്ചിരുന്നു. വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസിന് 14000 രൂപ എന്നത് 25000 രൂപയായും വിരമിച്ച ഹൈക്കോടതി ജഡ്ജിമാര്‍ക്ക് 12000 രൂപ എന്നത് 20000 രൂപയായും ആണ് വര്‍ദ്ധിപ്പിച്ചത്. ഇത് ചൂണ്ടികാട്ടി തങ്ങള്‍ക്കും ആനുകൂല്യം ലഭിക്കണമെന്നാവശ്യപ്പെട്ട് അന്നേ ദിവസം ഐഎഎസ് അസോസിയേഷന്‍ സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു.

ഐഎഎസ് അസോസിയേഷന്‍ സെക്രട്ടറി രാജമാണിക്യമാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അസോസിയേഷന്റെ നിവേദനത്തില്‍ നടപടി എടുത്തിരുന്നില്ല.

ജഡ്ജിമാര്‍ വീണ്ടും പ്രതിമാസ ആനുകൂല്യം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ്. വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസിന് 50000 രൂപയും ഹൈക്കോടതി ജഡ്ജിമാര്‍ക്ക് 45000 രൂപയും പ്രതിമാസ ആനുകൂല്യം ലഭിക്കണമെന്നാണ് ഇവരുടെ പുതിയ ആവശ്യം.

ഇതിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ നിവേദനത്തില്‍ സര്‍ക്കാര്‍ തീരുമാനം ഉടന്‍ ഉണ്ടാകണമെന്നാണ് ഐഎഎസ് അസോസിയേഷന്റെ നിലപാട്. ഇത് ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഐഎഎസ് അസോസിയേഷന്‍. ജീവിത ചെലവ് ഉയര്‍ന്നതിനാല്‍ ആനുകൂല്യം ലഭിച്ചേ തീരൂ എന്ന വാശിയിലാണ് ഐഎഎസ് അസോസിയേഷന്‍.

സാമ്പത്തിക പ്രതിസന്ധി കാലത്ത് ജഡ്ജിമാരുടെയും ഐഎഎസ് അസോസിയേഷന്റെയും വിചിത്ര ആവശ്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ടൈംസ് ഓഫ് ഇന്ത്യ അസിസ്റ്റന്റ് എഡിറ്റര്‍ സായ് കിരണ്‍ ആണ്. പെന്‍ഷന്‍ പരിഷ്‌കരിച്ചതോട് കൂടി വിരമിച്ച ചീഫ് സെക്രട്ടറിക്ക് 2.5 ലക്ഷം പ്രതിമാസ പെന്‍ഷന്‍ ഉണ്ട്. സെക്രട്ടറിമാര്‍ക്ക് 2 ലക്ഷവും. ചികില്‍സ ഉള്‍പ്പെടെ മറ്റ് സൗജന്യ ആനുകൂല്യങ്ങള്‍ വേറെ. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥരില്‍ പലരും സര്‍ക്കാര്‍ സര്‍വീസില്‍ തുടരുന്നു. ചീഫ് സെക്രട്ടറിയായിരുന്ന വി.പി. ജോയിക്ക് ചട്ടങ്ങളില്‍ ഇളവ് വരുത്തി 6 ലക്ഷം പ്രതിമാസ ശമ്പളത്തില്‍ നിയമിച്ചത് അടുത്തിടെയാണ്.

2018ല്‍ വിരമിച്ച ഡോ. കെ.എം. എബ്രഹാം കിഫ്ബി തലവനായി ഇപ്പോഴും തുടരുന്നു. ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെ എബ്രഹാമിനും പ്രതിമാസം 6 ലക്ഷം ലഭിക്കും. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥരായ വി.എസ് ശെന്തില്‍, വിജയാനന്ദ്, ജയകുമാര്‍, വിശ്വാസ് മേത്ത, ടി.കെ. ജോസ്. പി.എച്ച്. കുര്യന്‍, ഉഷ ടൈറ്റസ് എന്നിവര്‍ സര്‍ക്കാര്‍ ലാവണങ്ങളില്‍ ലക്ഷങ്ങള്‍ ശമ്പളത്തില്‍ ഇപ്പോഴും തുടരുന്നു.

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സാമൂഹ്യ ക്ഷേമ പദ്ധതികള്‍ പോലും നിലച്ചിരിക്കുകയാണ്. തുച്ഛമായ ആശ്വാസ കിരണം പെന്‍ഷന്‍ 18 മാസമായി കുടിശികയാണ്. 9 ലക്ഷം പേര്‍ ലൈഫ് മിഷന്‍ വീടിനായി ക്യൂവിലാണ്. ഒന്നര വര്‍ഷമായി 3 ലക്ഷം കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ലഭിച്ചിട്ട്.

കര്‍ഷകര്‍ അര്‍ഹതപ്പെട്ട ആനുകൂല്യം കിട്ടാതെ ആത്മഹത്യ ചെയ്യുന്നു. ശമ്പളവും പെന്‍ഷനും മാത്രമാണ് ട്രഷറിയില്‍ നിന്ന് മാറുന്നത്. ട്രഷറി നിയന്ത്രണം കടുപ്പിച്ചതോടെ പദ്ധതികള്‍ നിലച്ചിരിക്കുകയാണ്. ഇതെല്ലാം വ്യക്തമായി അറിയാവുന്ന ഐ എ എസ് അസോസിയേഷന്‍ ആണ് ആനുകൂല്യം കിട്ടിയേ തീരൂ എന്ന് വാശി പിടിക്കുന്നത് എന്നതാണ് വിരോധാഭാസം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments