ഊരാളുങ്കലിന് പിണറായി കൊടുത്തത് 6511.70 കോടിയുടെ കരാര്‍; ടെണ്ടര്‍ ബാധകമല്ല

തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍ നിര്‍മ്മാണ പ്രവര്‍ത്തികളുടെ 90 ശതമാനവും നേടുന്ന സ്ഥാപനമാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സഹകരണ സംഘം. മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയന്‍ എത്തിയതിനു ശേഷം ഊരാളുങ്കലിന്റെ വളര്‍ച്ച ശരവേഗത്തിലായിരുന്നു.

ടെണ്ടറില്ലാതെ കോടികളുടെ പ്രവൃത്തികള്‍ മുഖ്യമന്ത്രി ഊരാളുങ്കലിന് നല്‍കി. ശ്രീരാമകൃഷ്ണന്റെ വക കോടികളുടെ പ്രവൃത്തികള്‍ നിയമസഭയിലും ഊരാളുങ്കലിന് ലഭിച്ചു. പിണറായി മുഖ്യമന്ത്രിയായതിനുശേഷം 6511.70 കോടി രൂപയുടെ പ്രവൃത്തികള്‍ ഊരാളുങ്കലിന് നല്‍കി എന്നാണ് സഹകരണ മന്ത്രി വി.എന്‍ വാസവന്‍ നിയമസഭയില്‍ വ്യക്തമാക്കിയത്.

പിണറായി കാലത്ത് 4681 സര്‍ക്കാര്‍, പൊതുമേഖല പ്രവൃത്തികള്‍ ഊരാളുങ്കലിന് ലഭിച്ചു. ഇതില്‍ 3613 പ്രവൃത്തികളും ടെണ്ടര്‍ കൂടാതെയാണ് ഊരാളുങ്കലിന് ലഭിച്ചത്. സഹകരണ സംഘങ്ങള്‍ നല്‍കുന്നതിനേക്കാള്‍ ഒരു ശതമാനം അധിക പലിശ നിരക്കില്‍ സ്ഥിര നിക്ഷേപം സ്വീകരിക്കാനും ഊരാളുങ്കലിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലയളവില്‍ സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്ക് സാധാരണ പൗരന്‍മാര്‍ക്ക് 8.5 ശതമാനവും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 9 ശതമാനം നിരക്കിലും ഊരാളുങ്കല്‍ പലിശ നല്‍കും. 2023 ഫെബ്രുവരി 28 വരെ 2255.37 കോടി രൂപയുടെ സ്ഥിര നിക്ഷേപം ഊരാളുങ്കലില്‍ ഉണ്ട്. ശ്രീരാമകൃഷ്ണന്റെ മകള്‍ മുതല്‍ സിപിഎമ്മിന്റെ നൂറുകണക്കിന് വിശ്വസ്തര്‍ വരെ ഊരാളുങ്കലില്‍ ജോലി ചെയ്യുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് തോമസ് ഐസക്കിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മനോജ് പുതിയവിളക്ക് ഊരാളുങ്കൽ പുതിയ നിയമനം നല്‍കിയത്. പബ്‌ളിക്ക് റിലേഷൻ ഓഫിസർ തസ്തികയിലാണ് ഇദ്ദേഹത്തെ നിയമിച്ചത്. പി.ആർ.ഡി. ഉദ്യോഗസ്ഥനായിരുന്ന മനോജ് പുതിയ വിള ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ പേഴ്‌സണൽ സ്റ്റാഫിൽ ജോലി ചെയ്തിരുന്നു.

തോമസ് ഐസക്ക് ബജറ്റ് പ്രസംഗം പൂർണമാക്കുന്നതിന് മുൻപ് മാധ്യമ പ്രവർത്തകരുടെ വാട്ട്‌സ് അപ്പ് ഗ്രൂപ്പിൽ സമ്പൂർണ്ണ ബജറ്റ് പ്രസംഗം ഇട്ട വിവാദ നായകനാണ് മനോജ് പുതിയ വിള. ഇതിനെ തുടർന്ന് ബജറ്റ് ചോർന്നു എന്ന് ആരോപണം ഉയർത്തി പ്രതിപക്ഷം രംഗത്തെത്തുകയും ഐസക്കിന്റെ ബജറ്റവതരണം തടസപെടുകയും ചെയ്തിരുന്നു.

മനോജ് പുതിയ വിളയെ കൂടാതെ വിരമിച്ച സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥർ പലർക്കും ഊരാളുങ്കൽ ജോലി നൽകിയിട്ടുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments