എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐയുടെ വിജയാഘോഷ ബാനറില്‍ നിന്ന് എ.ബി.വി.പി ക്യാംപ്രസ് ഫ്രണ്ട് വിഭാഗങ്ങളെ ഒഴിവാക്കിയ നടപടിക്കെതിരെ വിമര്‍ശനം ശക്തം. സിപിഎമ്മിനെപ്പോലെ വിദ്യാര്‍ത്ഥി സംഘടനക്കും ചിലരോടൊക്കെയുള്ള അന്തര്‍ധാരയും പേടിയും തുറന്നുകാട്ടപ്പെടുന്നതാണ് ബാനര്‍ എന്നാണ് വിലയിരുത്തല്‍. സോഷ്യല്‍ മീഡിയയിലും ഇതേക്കുറിച്ച് ചര്‍ച്ചകള്‍ സജീവമാണ്. ഇപ്പോള്‍ ആര്‍.എസ്.പി സംസ്ഥാന നേതാവ് സി. കൃഷ്ണചന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാണ്. ”മുട്ടുകുത്തി യാചിക്കുന്നതിനേക്കാള്‍ നല്ലത്, നിവര്‍ന്ന് നിന്ന് മരിക്കുന്നതാണെന്നും, ഭീരുത്വത്തെക്കാള്‍ നല്ലത് മരണമാണെന്നും” ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം –
‘നീങ്ക മുടിഞ്ചാ പോതും…’
ചെങ്കൊടിയേന്തിയ വിജയാഘോഷത്തിന് ചുവപ്പന്‍ ഹാരങ്ങള്‍, ചുവന്ന ബാനറില്‍ മാസ്സ് ഡയലോഗ്
”ഉന്നാല്‍ മുടിയാത് തമ്പി”
എന്താണ് ഉദ്ദേശിച്ചത്?
ആര്‍ക്ക് മുടിയില്ല?
ബാനറിലെ ഉള്ളടക്കം തീരെ മനസ്സിലായില്ല…
കെ.എസ്.യു ഉണ്ട്; എബിവിപി ഇല്ല,
എംഎസ്എഫ് ഉണ്ട്; ക്യാംപസ് ഫ്രണ്ട് ഇല്ല,
ഏഷ്യാനെറ്റ് ഉണ്ട്; ജനം ഇല്ല,
മനോരമ ഉണ്ട്; റിപ്പോര്‍ട്ടര്‍ ഇല്ല,
24 ഉണ്ട്; ന്യൂസ് 18 ഇല്ല
സിപിഎം ബിജെപിയെ പറയില്ല;
എസ്എഫ്‌ഐ എബിവിപിയെയും പറയില്ല…
കേന്ദ്ര ഏജന്‍സികള്‍ തങ്ങളുടെ നേതാക്കളുടെ തലയ്ക്ക് മുകളില്‍ വട്ടമിട്ട് പറക്കുമ്പോള്‍, കേന്ദ്രം ഭരിക്കുന്ന ബിജെപിയെയും, അവരുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയെയും, അവരുടെ ചാനലായ ജനം ടിവിയെയും പരാമര്‍ശിക്കാന്‍ പാടില്ലല്ലോ.
ഇരട്ടത്താപ്പുകളിലൂടെ നിരന്തരം ജനങ്ങളെ മണ്ടന്മാരാക്കുന്ന സിപിഎമ്മിന്റെ പാത പിന്തുടരുന്ന വിദ്യാര്‍ത്ഥി സഖാക്കളില്‍ നിന്ന് വേറെയെന്ത് പ്രതീക്ഷിക്കാന്‍? കഠിന വര്‍ഗ്ഗീയതയിലും, കപട മതനിരപേക്ഷതയിലും അഭിരമിക്കുന്ന നവ കേരള കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ മറ്റൊരു എപ്പിസോഡ്. കേരളത്തിലെ ഏകാധിപത്യ ഭരണത്തിന് ചൂട്ട് പിടിക്കുന്ന വര്‍ഗ്ഗ സംഘടനയായി എസ്എഫ്‌ഐയും മാറിയെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമല്ലേ ഈ ബാനറിലെ സെലക്റ്റീവ് പരാമര്‍ശങ്ങള്‍? കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ അനിഷ്ടത്തിന് ഹേതുവാകുന്ന ഒന്നും സിപിഎം ചെയ്യില്ല എന്ന രഹസ്യ അന്തര്‍ധാര ഇതില്‍ കൂടുതല്‍ പരസ്യമാകാനുണ്ടോ?
അതൊക്കെ മറന്നേക്കൂ;
ദേശദ്രോഹികളായ ഏഷ്യാനെറ്റിനോടും,
അഖില നന്ദകുമാറിനോടും സന്ധിയില്ലാ സമരം തുടരണം…
നമുക്ക്, ചങ്കിലെ ചൈനയോട് ചേര്‍ന്ന് നില്‍ക്കാം;
ന്യൂസ് ക്ലിക്കിനും, പ്രഭീര്‍ പുര്‍കായസ്ഥക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാം
”മുട്ടുകുത്തി യാചിക്കുന്നതിനേക്കാള്‍ നല്ലത്, നിവര്‍ന്ന് നിന്ന് മരിക്കുന്നതാണെന്നും, ഭീരുത്വത്തെക്കാള്‍ നല്ലത് മരണമാണെന്നും” പറഞ്ഞ ചെഗുവേരക്ക് അഭിവാദ്യങ്ങള്‍…