തിരുവനന്തപുരം: സഹകരണ സംഘം പ്രസിഡണ്ടുമാരുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കും. സഹകരണ സംഘം രജിസ്ട്രാര്‍ ഇത് സംബന്ധിച്ച പ്രൊപ്പോസല്‍ സര്‍ക്കാറിന് നല്‍കി. ഭരണസമിതി അംഗങ്ങളുടെ ദിന ബത്ത, യാത്ര ബത്ത എന്നിവയും വര്‍ദ്ധിപ്പിക്കും.

സഹകരണ സംഘം രജിസ്ട്രാരുടെ ഭരണ നിയന്ത്രണത്തില്‍ വരുന്ന സഹകരണ സ്ഥാപനങ്ങളിലെ പ്രസിഡണ്ടുമാരുടെ ഓണറേറിയം, ഭരണസമിതി അംഗങ്ങള്‍ക്കുള്ള ഓണറേറിയം, യാത്ര ബത്ത എന്നിവ അവസാനമായി വര്‍ദ്ധിപ്പിച്ചത് 2014 ല്‍ ആണ്.

കാലോചിതമായി പരിഷ്‌കരിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ നിയമസഭയില്‍ സെപ്റ്റംബര്‍ 14ന് രേഖാ മൂലം മറുപടി നല്‍കിയിരുന്നു. കേരള സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡണ്ടിന്റെ ഓണറേറിയം 22000 രൂപയാണ്. ജില്ലാ സഹകരണ ബാങ്ക് പ്രസിഡണ്ടിന്റേത് 20000 രൂപയും.

സഹകരണ സംഘങ്ങളുടെ സ്വഭാവം അനുസരിച്ച് 2000 രൂപ മുതല്‍ 22000 രൂപ വരെയാണ് നിലവിലെ ഓണറേറിയം. 10000 രൂപ മുതല്‍ 50,000 രൂപ വരെ ഓണറേറിയം വര്‍ദ്ധിപ്പിക്കും എന്നാണ് ലഭിക്കുന്ന സൂചന. 16329 സഹകരണ സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്.

കരുവന്നൂര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 164 സഹകരണ സ്ഥാപനങ്ങള്‍ നിക്ഷേപകര്‍ക്ക് പണം തിരികെ കൊടുക്കാതെ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴാണ് പ്രസിഡണ്ടുമാരുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം എന്നതാണ് വിരോധാഭാസം.