ഫേസ്ബുക്കിലും വാട്‌സാപ്പിലും മന്ത്രിമാരെക്കുറിച്ച് പറയുന്നത് സര്‍ക്കാര്‍ വിരുദ്ധമെന്ന് മെമ്മോ

തിരുവനന്തപുരം: മലയാളംമീഡിയ.ലൈവ് പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ ഉള്‍പ്പെടെ ഷെയര്‍ ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുനേരെ പ്രതികാര നടപടി. ആലുവ ഡി.സി. ഇന്റലിജന്റ്‌സ് ക്ലറിക്കല്‍ അറ്റന്‍ഡര്‍ അഷ്‌റഫ് എം.എ, കോട്ടയം ജോയിന്റ് കമ്മീഷണറുടെ കാര്യത്തിലെ ഓഫീസ് അറ്റന്‍ഡന്റ് പ്രതീഷ് കുമാര്‍ കെ.സി എന്നിവര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

ഫേസ്ബുക്ക്, വാട്‌സാപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ മന്ത്രിമാരെ വിമര്‍ശിക്കുന്ന തരത്തില്‍ പോസ്റ്റുകള്‍ ഇടുകയും വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുകയും ചെയ്യുന്നത് ചട്ടലംഘനവും ശിക്ഷാര്‍ഹവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.

ഓണ്‍ലൈന്‍ മാധ്യമമായ മലയാളം മീഡിയ ലൈവ് ഉള്‍പ്പെടെയുള്ള പത്ര ദൃശ്യമാദ്ധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ നികുതി വകുപ്പിലെ ജീവനക്കാര്‍ ഉള്‍പ്പെടുന്ന വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തതിനാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. വാര്‍ത്ത ഷെയര്‍ ചെയ്യുന്നത് അപകീര്‍ത്തികരമാകുന്നത് എങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്. പ്രതിപക്ഷ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരെ തെരഞ്ഞെുപിടിച്ച് അച്ചടക്ക നടപടികളെടുക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴുള്ള നടപടികളെന്നും ആക്ഷേപമുണ്ട്.

വാർത്ത ഷെയർ ചെയ്തതിന് ജീവനക്കാർക്ക് കിട്ടിയ കാരണം കാണിക്കല്‍ നോട്ടീസ്

ജി.എസ്.ടി വകുപ്പിലെ അനാസ്ഥയെക്കുറിച്ച് നിരവധി വാര്‍ത്തകള്‍ മലയാളം മീഡിയ. ലൈവ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ, ജി.എസ്.ടി വകുപ്പിന്റെ അനാസ്ഥയെക്കുറിച്ച് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു സിനിമാതാരങ്ങളില്‍ നിന്ന് നികുതി പിരിച്ചെടുക്കാതെ ഒത്തുതീര്‍പ്പുകള്‍ നടക്കുന്നുണ്ടെന്നും, തോമസ് ഐസക്ക് – കെ.എന്‍. ബാലഗോപാല്‍ തുടങ്ങിയ ധനമന്ത്രിമാരുടെ വീഴ്ച്ചകള്‍ കാരണം സംസ്ഥാനത്തിനുണ്ടായ നികുതി നഷ്ടം, ഇതുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി തുടങ്ങിയ വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്നത് മലയാളം മീഡിയ ലൈവ് ആയിരുന്നു.

ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് കാരണമായ പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ട്

വസ്തുതകള്‍ സമൂഹത്തില്‍ ചര്‍ച്ചയായതിലുള്ള വകുപ്പ് മേധാവികളുടെയും ധനമന്ത്രിയുടെയും അരിഷമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടികളായി പുറത്തുവരുന്നത്. വാര്‍ത്തകള്‍ വായിക്കരുതെന്നും സമൂഹ മാധ്യമങ്ങള്‍ സര്‍ക്കാര്‍ വിരുദ്ധ കാര്യങ്ങള്‍ കാണരുതെന്നുമുള്ള താക്കീതും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുകയാണ് ഇപ്പോള്‍.