ജനസദസ്സ് കഴിഞ്ഞാല്‍ കളക്ടര്‍മാരെ മാറ്റും; ദിവ്യ എസ്. അയ്യര്‍ പത്തനംതിട്ട വിടും; ശ്രീരാം വെങ്കിട്ടരാമന്‍ വീണ്ടും കളക്ടര്‍ കസേരയിലേക്ക്; മണിയാശാന്റെ കണ്ണിലെ കരടിന് സ്ഥാനംതെറിക്കും
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ മുഖം മിനുക്കലിന്റെ ഭാഗമായി കളക്ടര്‍മാരെ സ്ഥലം മാറ്റും. പത്തനം തിട്ടയില്‍ ദിവ്യ എസ്. അയ്യര്‍ക്ക് പകരം എത്തുക കണ്‍ഫേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥനായിരിക്കുമെന്നാണ് ലഭിക്കുന്ന സൂചന.
കണ്‍ഫേര്‍ഡ് ഐഎഎസ് കാരനായ ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ വി.ആര്‍. വിനോദ് പത്തനംതിട്ട കളക്ടര്‍ കസേരയില്‍ എത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഇടുക്കിയില്‍ സിപിഎമ്മിന്റെ കണ്ണിലെ കരടായ ഷീബ ജോര്‍ജിനേയും സ്ഥലം മാറ്റും. ഇടുക്കിയില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ നടപടിയെടുത്ത ഷീബ ജോര്‍ജിനെ എത്രയും വേഗം സ്ഥലം മാറ്റണമെന്നാണ് എം.എം മണി ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം.
ശ്രീറാം വെങ്കിട്ടരാമനെ കളക്ടര്‍ ആയി നീയമിക്കാനും നീക്കമുണ്ട്. ആലപ്പുഴ യില്‍ ശ്രീറാമിനെ കളക്ടറായി നിയമിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ഉടനെ തന്നെ സ്ഥലം മാറ്റിയിരുന്നു.
മുഖ്യന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തില്‍ നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെ എല്ലാ അസംബ്‌ളി മണ്ഡലങ്ങളിലും ജനസദസുകള്‍ സംഘടിപ്പിക്കുകയാണ്. കളക്ടര്‍മാരെ സ്ഥലം മാറ്റുന്നത് അതിന് ശേഷം മതി എന്ന നിലപാടാണ് ചീഫ് സെക്രട്ടറി ഡോ. വേണുവിന് .
മന്ത്രിസഭ പുനസംഘടനക്ക് ഒരുങ്ങുകയാണ് മുഖ്യമന്ത്രി. അതിനോടൊപം കളക്ടര്‍മാരെ കൂടി മാറ്റി ആകെ മുഖം മിനുക്കാനാണ് മുഖ്യമന്ത്രി ഉദ്ദേശിക്കുന്നത്. രണ്ട് വര്‍ഷം പൂര്‍ത്തിയായ എല്ലാ കളക്ടര്‍മാരേയും മാറ്റും. പ്രധാന ജില്ലകള്‍ കണ്‍ഫേര്‍ഡ് ഐ എ എസുകള്‍ക്ക് കൊടുക്കാനാണ് ആലോചന.
മുഖ്യമന്ത്രിയുടെ ഓഫിസിലെ ശിപായി പറഞ്ഞാലും ഇക്കൂട്ടര്‍ അനുസരിക്കും. ലോകസഭ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിനില്‍ക്കുമ്പോള്‍ സര്‍ക്കാരിന്റെ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കുകയാണ് മുഖ്യമന്ത്രിയുടെ മുന്നിലുള്ള വെല്ലുവിളി.
2021 ല്‍ തകര്‍ന്ന് തരിപ്പണമായ യു.ഡി.എഫ് വര്‍ദ്ധിത വീര്യത്തോടെ തിരിച്ചു വരുന്ന കാഴ്ചയാണ് തൃക്കാക്കരയിലും പുതുപ്പള്ളിയിലും കണ്ടത്. മുഖം മിനുക്കിയില്ലെങ്കില്‍ 20 സീറ്റും നഷ്ടപ്പെടും എന്ന് ഏറ്റവും നന്നായറിയാവുന്നത് മുഖ്യമന്ത്രി ക്കാണ്. ലോകസഭയില്‍ തകര്‍ന്നാല്‍ തന്റെ നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരും എന്ന് പിണറായിക്കറിയാം.