തിരുവനന്തപുരം: പേഴ്‌സണല്‍ സ്റ്റാഫംഗത്തെ പുറത്താക്കി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. പേഴ്‌സണല്‍ സ്റ്റാഫില്‍ ക്ലര്‍ക്ക് തസ്തികയില്‍ ജോലി ചെയ്തിരുന്ന വി.എസ്. ഗൗതമനെയാണ് വീണ ജോര്‍ജ് പുറത്താക്കിയത്. സെപ്റ്റംബര്‍ 23 ന് പേഴ്‌സണല്‍ സ്റ്റാഫംഗമായ ഗൗതമനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് വീണ ജോര്‍ജ് പൊതുഭരണ വകുപ്പിന് കത്ത് നല്‍കിയിരുന്നു.

സെപ്റ്റംബര്‍ 26 ന് ഗൗതമനെ പുറത്താക്കി കൊണ്ട് സര്‍ക്കാര്‍ ഉത്തരവും ഇറങ്ങി. ഐഡന്റിറ്റി കാര്‍ഡ് ആഭ്യന്തര വകുപ്പില്‍ തിരിച്ച് ഏല്‍പിക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡോക്ടര്‍ നിയമനത്തിനായി വീണ ജോര്‍ജിന്റെ മറ്റൊരു പേഴ്‌സണല്‍ സ്റ്റാഫ് അഖില്‍ മാത്യു ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയുമായി മലപ്പുറം സ്വദേശി ഹരിദാസന്‍ രംഗത്ത് വന്നിരുന്നു. ഇടനിലക്കാരനും പണം വാങ്ങിയതായി പരാതിയിലുണ്ട്. പരാതി മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.

മകന്റെ ഭാര്യക്ക് മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിനാണ് പണം നല്‍കിയതെന്ന് പരാതിക്കാരനായ ഹരിദാസന്‍ വ്യക്തമാക്കിയിരുന്നു. 5 ലക്ഷം രൂപ ഗഡുക്കളായി നല്‍കാനാണ് ആവശ്യപ്പെട്ടതെന്നും ഇയാള്‍ ആരോപിക്കുന്നു. ഇടനിലക്കാരന്‍ പത്തനംതിട്ട സ്വദേശി അഖില്‍ സജീവെന്നും ഹരിദാസന്‍ പറഞ്ഞു. സിഐറ്റിയു മുന്‍ ഓഫീസ് സെക്രട്ടറിയാണ് അഖില്‍ സജീവെന്നും ഹരിദാസന്‍ കൂട്ടിച്ചേര്‍ത്തു.

അതേ സമയം സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സെപ്തംബര്‍ 13 ന് പരാതി ലഭിച്ചുവെന്നും അതില്‍ പേഴ്‌സണല്‍ സ്റ്റാഫംഗം അഖില്‍ മാത്യുവിനോട് വിശദീകരണം തേടിയെന്നും മന്ത്രി പറഞ്ഞു. അഖില്‍ മാത്യുവിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ആരോപണം അടിസ്ഥാനമില്ലാത്തതെന്നും വീണ ജോര്‍ജ് വസ്തുതകള്‍ നിരത്തി വ്യക്തമാക്കി. വിഷയത്തില്‍ പരാതി പൊലീസിന് കൈമാറി.

മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഇക്കാര്യം അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു. സെപ്തംബര്‍ 20 നാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ പരാതി അറിയിച്ചതെന്നും മന്ത്രി വിശദമാക്കി. മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചതിനു ശേഷം 3 ദിവസം കഴിഞ്ഞ് സെപ്റ്റംബര്‍ 23 നാണ് പേഴ്‌സണല്‍ സ്റ്റാഫ് ഗൗതമനെ പുറത്താക്കാന്‍ വീണ ജോര്‍ജ് കത്ത് നല്‍കിയത്. സാധാരണ ഗതിയില്‍ പ്രൈവറ്റ് സെക്രട്ടറിയാണ് പേഴ്‌സണല്‍ സ്റ്റാഫിനെ പുറത്താക്കുന്നതിന് കത്ത് നല്‍കുന്നത്.

വീണ ജോര്‍ജിനെ മുന്നില്‍ നിറുത്തി വകുപ്പ് ഭരിക്കുന്നത് പ്രൈവറ്റ് സെക്രട്ടറി സജീവനാണ്. ആ സജീവനെ ഇരുട്ടില്‍ നിറുത്തിയാണ് ഗൗതമനെ പുറത്താക്കാന്‍ വീണ ജോര്‍ജ് കത്ത് നല്‍കിയത്. ഗൗതമന്റെ പുറത്താക്കലിന് കോഴ ഇടപാടുമായി ബന്ധമുണ്ടെന്ന സൂചനകളാണ് ലഭിക്കുന്നത്.