ബംഗളൂരു: കര്‍ണാടക സര്‍ക്കാര്‍ സ്വന്തമായി വിമാന കമ്പനി തുടങ്ങാനുള്ള പഠനം ആരംഭിച്ചു. പ്രാദേശികമായുള്ള ആവശ്യങ്ങള്‍ക്കാണ് കര്‍ണാടക വിമാനസര്‍വ്വീസ് ആരംഭിക്കുന്നത്. (Karnataka government plans to start an airlines) പുതിയ പദ്ധതിയുടെ സാധ്യതകളില്‍ വ്യവസായ വകുപ്പ് മന്ത്രി എം ബി പാട്ടീല്‍ വിശദീകരിക്കുന്നത് ഇങ്ങനെ:

‘പദ്ധതിയുടെ നേട്ടങ്ങളെക്കുറിച്ചും കോട്ടങ്ങളെക്കുറിച്ചും സിവില്‍ ഏവിയേഷന്‍ വിദഗ്ദ്ധരുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. പദ്ധതിക്കാവശ്യമായ മുതല്‍മുടക്കിനെക്കുറിച്ച് ആരായാന്‍ സ്റ്റാര്‍ എയറിന്റെ ഉടമയായ സഞ്ജയ് ഗോദാവത്തുമായി കൂടിക്കാഴ്ച നടത്തി. ഒരു വിമാനത്തിന് മാത്രം 200 കോടി ചെലവ് വരും. മൂന്നെണ്ണം വാങ്ങുകയാണെങ്കില്‍ 600 കോടി വേണ്ടിവരും. പാട്ടത്തിന് വിമാനം എടുക്കുകയാണെങ്കില്‍ ചെലവ് ഇത്രയും വരില്ല. 600 കോടി സര്‍ക്കാരിനെ സംബന്ധിച്ച് വലിയ തുകയാണെന്ന് തോന്നുന്നില്ല.

സംസ്ഥാനത്തിന് സ്വന്തമായി വിമാനക്കമ്പനി എന്നത് പ്രാദേശിക കണക്ടിവിറ്റി മെച്ചപ്പെട്ടാല്‍ അസാദ്ധ്യമായിരിക്കില്ല. പദ്ധതി നടപ്പിലായാല്‍ മൈസൂരു- ബംഗളൂരു, ബംഗളൂരു- കലബുറഗി, ബംഗളൂരു- ഹുബ്ബാലി, മൈസൂരു- കലബുറഗി, ബംഗളൂരു- ശിവമോഗ തുടങ്ങിയ റൂട്ടുകളില്‍ സര്‍വീസ് സാദ്ധ്യമാവും.

കര്‍ണാടകയുടെ സ്വന്തം സിവില്‍ ഏവിയേഷന്‍ നയം രൂപീകരിക്കുമെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ബഡ്ജറ്റിലെ വാഗ്ദാനത്തിന് അനുസൃതമായാണ് സ്വന്തം വിമാനക്കമ്പനി എന്ന പദ്ധതി ആവിഷ്‌കരിക്കുന്നത്. ഹംപിയില്‍ സര്‍ക്കാര്‍ ഹെലിപോര്‍ട്ട് വികസിപ്പിക്കുന്നുണ്ട്. ഇതുകൂടാതെ ധര്‍മസ്ഥല, കുടക്, ചിക്കമംഗളൂരു എന്നിവിടങ്ങളില്‍ എയര്‍ സ്ട്രിപ്പികള്‍ വികസിപ്പിക്കുന്നുണ്ട്’- മന്ത്രി വ്യക്തമാക്കി.

കര്‍ണാടക സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെ എസ് ഐ ഐ ഡി സി) മുഖേന സംസ്ഥാനത്ത് പുതുതായി നിര്‍മിക്കുന്ന വിമാനത്താവളങ്ങള്‍ നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതിയില്‍ നിന്നാണ് സംസ്ഥാനത്തിന്റെ സ്വന്തം എയര്‍ലൈന്‍ ആരംഭിക്കാനുള്ള ആശയം ഉടലെടുത്തത്.

പുതുതായി നിര്‍മിച്ച ശിവമോഗ വിമാനത്താവളം സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന സംസ്ഥാനത്തെ ആദ്യ വിമാനത്താവളമാണ്. വിജയപുര, റായ്ച്ചൂര്‍, ബല്ലാരി, കാര്‍വാര്‍, ഹാസന്‍ എന്നിവിടങ്ങളില്‍ വരാനിരിക്കുന്ന വിമാനത്താവളങ്ങളും സര്‍ക്കാരിന്റെ കീഴിലായിരിക്കും പ്രവര്‍ത്തിക്കുകയെന്നാണ് വിവരം.

Read Also: പിണറായിയെ വിമർശിച്ചതിന് 31 പേർക്കെതിരെ കേസ്; ഉമ്മൻചാണ്ടിയുടെ കുടുംബത്തെ അവഹേളിച്ചവർക്ക് മുഖ്യന്റെ സംരക്ഷണം

എ.സി മൊയ്തീന് 1.65 കോടിയുടെ ആസ്തി; എട്ടാംക്ലാസ് വിദ്യാഭ്യാസം; സ്വന്തമായി വാഹനമില്ല