‘കോൺഗ്രസ് പ്രവർത്തകർ സൈബർ ആക്രമണം നടത്തുമെന്ന് കരുതുന്നില്ല’

എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസിന്‍റെ ഭാര്യയ്‌ക്കെതിരായ സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്‍. ജെയ്ക് സി തോമസിന്‍റെ ഭാര്യയ്‌ക്കെതിരെ നടന്നത് ഉൾപ്പെടെയുള്ള മുഴുവൻ സൈബർ ആക്രമണങ്ങളെയും അംഗീകരിക്കുന്നില്ലെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.

ആരെയും വ്യക്തിപരമായി ആക്രമിക്കുന്നത് ശരിയല്ലെന്നും ആരെങ്കിലും സൈബർ ആക്രമണം നടത്തിയിട്ടുണ്ടെങ്കിൽ ജെയ്കിന്‍റെ ഭാര്യയോട് ക്ഷമ ചോദിക്കുന്നു എന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. ജെയ്ക് സി തോമസിന്റെ ഭാര്യയ്‌ക്കെതിരെ കോണ്‍ഗ്രസ് സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ 20 വർഷമായി വേട്ടയാടൽ നേരിടുന്ന കുടുംബമാണ് തന്‍റേതെന്നും പിതാവിന് ചികിത്സ നൽകിയില്ലെന്ന ആരോപണം മനഃസാക്ഷിക്ക് നിരക്കാത്തതാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. തനിക്കെതിരായ ആരോപണം വേദനിപ്പിച്ചു എന്നും വ്യാജ ആരോപണങ്ങൾ പുതുപ്പള്ളിയിലെ ജനങ്ങൾ തള്ളിക‍ളയുമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.