മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ കോട്ടയം മെത്രാസനത്തിന്റെ മെത്രാസന ദിനം ഇന്ന് പുതുപ്പള്ളി പള്ളിയിൽ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യ പ്രഭാഷണം നടത്തും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന പള്ളിയാണ് പുതുപ്പള്ളി പള്ളി. ഇവിടേക്ക് ഒരു പ്രതിപക്ഷ നേതാവ് മെത്രാസന ദിനത്തിന്റെ മുഖ്യപ്രഭാഷണം നടത്തുന്നത് ആദ്യമായാണ്.
ക്രൈസ്തവ സഭകളുമായി വളരെ അടുപ്പം സൂക്ഷിക്കുന്ന രാഷ്ട്രീയ നേതാവാണ് വി.ഡി. സതീശൻ. ക്രൈസ്തവ വേദികളിൽ ബൈബിൾ പരമാർശങ്ങളടങ്ങിയ പ്രസംഗങ്ങൾ വളരെയേറെ ശ്രദ്ധേയമാണ്. ഫെബ്രുവരിയിൽ നടക്കുന്ന മാരാമൺ കൺവെൻഷനിലെ യുവജന സമ്മേളനത്തിൽ അദ്ദേഹം പ്രസംഗിക്കുന്നുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സുവിശേഷ കൺവെൻഷൻ എന്ന് ഖ്യാതിയുള്ള മാരാമണ്ണിൽ ഫെബ്രുവരി 15ന് നടക്കുന്ന യുവവേദിയിലാണ് സതീശൻ പ്രസംഗിക്കുന്നത്. എഴുത്തുകാരനും സാമൂഹ്യ പരിഷ്‌കർത്താവുമായ സി.വി.കുഞ്ഞിരാമൻ, മുൻ മുഖ്യമന്ത്രി സി.അച്യുതമേനോൻ, ഡോ. ശശി തരൂർ എന്നിവരാണ് മുമ്പ് മാരാമൺ കൺവെൻഷനിൽ പ്രസംഗിച്ചിട്ടുള്ള അക്രൈസ്തവ നേതാക്കൾ.
ന്യൂനപക്ഷ സമുദായങ്ങളുടെ പ്രത്യേകിച്ച് ക്രൈസ്തവ സഭകളുടെ ആധ്യാത്മിക-സാമൂഹ്യ പരിപാടികളിൽ പ്രതിപക്ഷ നേതാവ് നിരന്തരം പങ്കെടുക്കുന്നതിലൂടെ അദ്ദേഹത്തിന് വിശ്വാസികൾക്കിടയിൽ സ്വീകാര്യത വർദ്ധിച്ചിട്ടുണ്ട്. സതീശന്റെ മിക്ക പ്രസംഗങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.
മുസ്ലീം ക്രൈസ്തവ വിഭാഗങ്ങളിൽ നിന്ന് കോൺഗ്രസ് അകന്നുപോയി എന്ന് വിമർശനങ്ങൾ ഉയർന്ന ഘട്ടത്തിലാണ് സതീശന് സഭകളുടെ ആധ്യാത്മിക പരിപാടികളിൽ ഇത്രമേൽ സ്വീകാര്യത ലഭിച്ചു തുടങ്ങിയത്. ബൈബിളിനെക്കുറിച്ചും ക്രിസ്തുവിനെക്കുറിച്ചുമുള്ള അഗാധമായ അറിവും ധാരണകളുമാണ് പ്രസംഗങ്ങളിൽ തെളിഞ്ഞു നിൽക്കുന്നത്.
സതീശന് സഭാ നേതൃത്വങ്ങളിൽ നിന്ന് ലഭിക്കുന്ന അംഗീകാരം ചെറിയ സംഭവമല്ലെന്നാണ് കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. ഉമ്മൻ ചാണ്ടി, പി.ജെ.കുര്യൻ, കെ.വി.തോമസ് തുടങ്ങിയ നേതാക്കളായിരുന്നു പാർട്ടിയും സഭകളുമായുള്ള പാലങ്ങളായി പ്രവർത്തിച്ചിരുന്നത്. അവരുടെ വിടവ് സതീശനിലൂടെ പരിഹരിക്കാൻ കഴിഞ്ഞതിൽ എഐസിസിയും സംസ്ഥാന നേതൃത്വവും സംതൃപ്തരാണ്.
സീറോ മലബാർ സഭയുടെ കേരളത്തിലെ ഏറ്റവും വലിയതും പുരാതനവുമായ ചങ്ങനാശ്ശേരി അതിരൂപതയുടെ രണ്ട് പ്രധാന ബിഷപ്പുമാരുടെ സ്ഥാനാരോഹണ ചടങ്ങിൽ രണ്ട് തവണ മുഖ്യാതിഥിയായി സതീശനെ പങ്കെടുപ്പിച്ചത് അസാധാരണമെന്നാണ് കെപിസിസി നേതൃത്വം വിലയിരുത്തുന്നത്. ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിന്റെയും കർദ്ദിനാൾ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട മാർ ജോർജ് ജേക്കബ് കൂവക്കാടിന്റിയും അനുമോദന ചടങ്ങുകളിലാണ് മുഖ്യാതിഥിയായി അദ്ദേഹത്തെ പങ്കെടുപ്പിച്ചത്.
2024 ൽ 50 ലധികം ക്രിസ്ത്യൻ യോഗങ്ങളിൽ പ്രതിപക്ഷ നേതാവ് പങ്കെടുത്തിരുന്നു. അതുപോലെ. മുസ്ലീം ലീഗിൻറെയും വിവിധ മുസ്ലീം സംഘടനകളുടേയും നിരവധി പരിപാടികളിൽ സതീശനെ പങ്കെടുപ്പിക്കുന്നുണ്ട്. സംസ്ഥാന ചുമതലയുള്ള എഐസിസി നേതാക്കൾ ന്യൂനപക്ഷങ്ങളുമായി പ്രതിപക്ഷനേതാവ് അടുപ്പമുണ്ടാക്കുന്ന വിവരം രാഹുൽ ഗാന്ധിയുടേയും പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയേയും ധരിപ്പിച്ചിട്ടുണ്ട്