
വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥക്ക് സർക്കാർ ബോർഡ് അനുവദിച്ചു; ഡോ. ഉഷാ ടൈറ്റസിന് വാഹനത്തിൽ ചുവന്ന നെയിംപ്ലേറ്റ്
തിരുവനന്തപുരം: വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥക്ക് സർക്കാർ ബോർഡ് വേണം; വിചിത്രമായ ആവശ്യം ഉന്നയിച്ച് ഉഷ ടൈറ്റസ്. ആവശ്യം അംഗീകരിച്ച് സർക്കാർ. അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം കേരളയുടെ (ASAP) ചെയർപേഴ്സണും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഉഷാ ടൈറ്റസിനാണ് ഔദ്യോഗിക വാഹനത്തിൽ ചുവന്ന നിറത്തിലുള്ള നെയിംപ്ലേറ്റ് പ്രദർശിപ്പിക്കാൻ അനുമതി നൽകിയത്.
ഔദ്യോഗിക ആവശ്യങ്ങൾക്കായി അവർക്ക് സംസ്ഥാനത്തുടനീളം യാത്ര ചെയ്യേണ്ടതുണ്ടെന്ന ASAP കേരളയുടെ ധനകാര്യ വിഭാഗം മേധാവിയുടെ അഭ്യർത്ഥനയെ തുടർന്നാണ് സർക്കാർ ഈ തീരുമാനം എടുത്തത്.
2021 സർവീസില്‍ നിന്ന് വിരമിച്ച ഉഷ ടൈറ്റസിനെ അസാപ് ചെയർപേഴ്സണ്‍ നിയമിക്കുകും പിന്നീട് കാലാവധി നീട്ടിനല്‍കി വരികയുമാണ്. ഇതിന് പിന്നാലെയാണ് ഔദ്യോഗിക വാഹനമായ KL-01-DB-8222 (ടൊയോട്ട ഇന്നോവ ക്രിസ്റ്റ) ൽ ചുവന്ന നെയിംപ്ലേറ്റ് അനുവദിക്കാൻ അപേക്ഷ നൽകിയത്.

കേരള മോട്ടോർ വാഹന നിയമം 1989 ലെ 92A വകുപ്പിൽ ഇളവ് വരുത്തിയാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. നെയിംപ്ലേറ്റിൽ സ്ഥാപനത്തിന്റെ പേരും ഔദ്യോഗിക പദവിയും മാത്രമേ പ്രദർശിപ്പിക്കാവൂ എന്ന് നിർദ്ദേശമുണ്ട്. വാഹനത്തിന്റെ മുൻവശത്തും പിൻവശത്തും രജിസ്ട്രേഷൻ നമ്പറിനൊപ്പം നെയിംപ്ലേറ്റ് സ്ഥാപിക്കണം.
നെയിംപ്ലേറ്റിന്റെ പശ്ചാത്തലം ചുവപ്പ് നിറത്തിലും അക്ഷരങ്ങൾ വെളുത്ത നിറത്തിലുമായിരിക്കണം. ബോർഡിന്റെ വലുപ്പം 30×10 സെൻ്റീമീറ്ററും അക്ഷരങ്ങളുടെ ഉയരം 40 മില്ലിമീറ്ററും കട്ടി 8 മില്ലിമീറ്ററുമായിരിക്കണം. ഡോ. ഉഷാ ടൈറ്റസ് വാഹനത്തിൽ സഞ്ചരിക്കാത്ത സമയങ്ങളിൽ നെയിംപ്ലേറ്റ് നീക്കം ചെയ്യുകയോ മൂടിവെക്കുകയോ ചെയ്യണമെന്നും നിർദ്ദേശത്തിൽ പറയുന്നു.