കേന്ദ്ര മാനദ്ദണ്ഡത്തില്‍ കണ്ണുനട്ട് കേരളം

തിരുവനന്തപുരം: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പിലാകുമോ എന്ന് ഉറ്റുനോക്കുകയാണ് ഇന്ത്യ. അങ്ങനെ സംഭവിച്ചാല്‍, പിണറായി സര്‍ക്കാരിന്റെ കാലാവധി 3 വര്‍ഷത്തിനുള്ളില്‍ അവസാനിക്കും.

ലോക്സഭയുടെ കാലാവധി തീരുന്ന 2024 അടിസ്ഥാനമാക്കി എല്ലാ സംസ്ഥാന നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടത്താം. അങ്ങനെവന്നാല്‍ കേരളത്തില്‍ നിലവിലുള്ള കേരള നിയമസഭയുടെ കാലാവധി 3 വര്‍ഷത്തിനുള്ളില്‍ അവസാനിക്കും. തുടര്‍ന്നുള്ള നിയമസഭകള്‍ക്ക് അഞ്ചു വര്‍ഷ കാലാവധി ഉണ്ടാകും.

തെരഞ്ഞെടുപ്പ് ഏകീകരിക്കുന്നതിന് കേന്ദ്രം കൊണ്ട് വരുന്ന മാനദണ്ഡം ലോകസഭയുടെ കാലാവധി തീരുന്ന 2024 നെ അടിസ്ഥാനമാക്കിയാണെങ്കില്‍ പിണറായി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു. കേരളത്തില്‍ 1991 ലാണ് ലോകസഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടന്നത്. നിയമസഭയില്‍ 90 സീറ്റോടെ യു.ഡി.എഫ് അധികാരത്തില്‍ വന്നു. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായി.

ലോകസഭയില്‍ 15 സീറ്റ് യു.ഡി.എഫ് നേടിയപ്പോള്‍ എല്‍.ഡി.എഫിന് കിട്ടിയത് 5 സീറ്റ്. ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിന്റെ പശ്ചാത്തലത്തില്‍ നിയമസഭ നേരത്തെ പിരിച്ചു വിടാന്‍ എല്‍.ഡി.എഫ് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു തെരഞ്ഞെടുപ്പ് നേരത്തെ നടന്നത്.

1996 ലാണ് ലോകസഭ നിയമസഭ തെരഞ്ഞെടുപ്പുകള്‍ അവസാനമായി ഒരുമിച്ച് നടന്നത്. 80 സീറ്റുകള്‍ നേടി എല്‍.ഡി.എഫ് അധികാരത്തില്‍ വന്നു. ഇ കെ നായനാര്‍ മുഖ്യമന്ത്രിയായി. ലോകസഭയില്‍ 10 സീറ്റ് വീതം യു.ഡി.എഫും എല്‍.ഡി.എഫും വിജയിച്ചു.