FinanceKerala

ഡി.എ കുടിശ്ശികയില്‍ രാജ്യത്ത് ഒന്നാം സ്ഥാനം കേരളത്തിന്; ധനകാര്യം വഴങ്ങാത്ത ബാലഗോപാലിന്റെ ഭരണത്തില്‍ കുത്തുപാളയെടുത്ത് സംസ്ഥാനം

തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതല്‍ ഡി.എ കുടിശികയുള്ള സംസ്ഥാനമായി കേരളം. ഡി.എ കുടിശിക 6 ഗഡുക്കള്‍ ആണ് നല്‍കാനുള്ളത്. 18 ശതമാനമാണ് കുടിശിക.

ജാര്‍ഖണ്ഡ്, ബീഹാര്‍, ഒഡീഷ, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, മേഘാലയ, പഞ്ചാബ്, സിക്കിം, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നി സംസ്ഥാനങ്ങളില്‍ 2 ഗഡു ഡി.എ ആണ് കുടിശ്ശിക. മറ്റ് സംസ്ഥാനങ്ങളില്‍ ഓരോ ഗഡു ഡി.എ കുടിശികയാണ്.

6 ലക്ഷം ജീവനക്കാര്‍ക്കും 7 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഡി.എ/ഡി.ആര്‍ കുടിശ്ശിക ലഭിക്കാത്തത് മൂലം കുറഞ്ഞ ശമ്പളവും പെന്‍ഷനും ആണ് ലഭിക്കുന്നത്. തസ്തികയുടെ സ്വഭാവം അനുസരിച്ച് 3000 രൂപ മുതല്‍ 22,000 രൂപ വരെയാണ് പ്രതിമാസ ശമ്പളത്തിലെ ജീവനക്കാരുടെ നഷ്ടം. 2000 രൂപ മുതൽ 12000 രൂപ വരെയാണ് പെന്‍ഷന്‍കാര്‍ക്ക് പ്രതിമാസം നഷ്ടപ്പെടുന്നത്. 77000 പെന്‍ഷന്‍ കാരാണ് ഡി.ആര്‍ കുടിശിക കിട്ടാതെ മരണപ്പെട്ടത്.

ഡി.എ കുടിശിക കൊടുക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്നാണ് ബാലഗോപാല്‍ വ്യക്തമാക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയാണ് ഡി.എ കുടിശിക നല്‍കാത്തതിന്റെ കാരണമായി ബാലഗോപാല്‍ പറയുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വേണ്ടി ഓരോ ദിവസം ചെലവഴിക്കുന്ന ലക്ഷങ്ങളുടെ കണക്കും ഉത്തരവുകളുമാണ് ഇതിന് ജീവനക്കാര്‍ മറുപടിയായി നല്‍കുന്നത്.

കാര്‍ഷിക മേഖലയായ പുതുപ്പള്ളിയില്‍ പോലും ഡി.എ കുടിശിക ചര്‍ച്ചയായി മാറുന്നത് ബാലഗോപാലിനെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്. മുന്‍ ധനകാര്യ മന്ത്രിമാര്‍ കൃത്യമായി ഡി.എ നല്‍കിയിരുന്നു. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കിട്ടുന്ന ശമ്പളവും പെന്‍ഷനും മാര്‍ക്കറ്റില്‍ ഇറങ്ങുമെന്നും ഇത് സംസ്ഥാന ഖജനാവിലേക്ക് തിരിച്ചു വരുമെന്നും കൃത്യമായി മനസിലാക്കിയാണ് ധനകാര്യ മന്ത്രിമാര്‍ ഡി.എ അനുവദിച്ചിരുന്നത്.

പണം പണത്തെ പ്രസവിക്കുന്നു എന്ന ധനകാര്യ തത്വം മനസിലാക്കാതെ പ്രവര്‍ത്തിക്കുകയാണ് ബാലഗോപാല്‍. ഓണക്കാലത്ത് ശമ്പളം നല്‍കാതിരുന്നത് ഇതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു. ഓണക്കാലത്ത് ശമ്പളം കിട്ടിയിരുന്നെങ്കില്‍ വിപണിയില്‍ പണം ഇറങ്ങുമായിരുന്നു. നിയമത്തില്‍ ബിരുദാനന്ദ ബിരുദം ഉള്ള ബാലഗോപാലിന് ധനകാര്യം വഴങ്ങുന്നില്ല. പണമില്ല, പ്രതിസന്ധിയാണ് എന്ന വിലാപം മാത്രമാണ് ബാലഗോപാലില്‍ നിന്നുണ്ടാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *