മൈക്കിന്റെ സുരക്ഷ ഉറപ്പാക്കുന്നത് രഹസ്യ സ്വഭാവത്തിലൂടെ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മൈക്കിന് അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി. താന്‍ പങ്കെടുക്കുന്ന പൊതു ചടങ്ങുകളില്‍ ഉപയോഗിക്കുന്ന മൈക്ക്, ചടങ്ങിന് മുന്‍പ് മതിയായ സുരക്ഷ പരിശോധനകള്‍ക്ക് വിധേയമാക്കാറുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. (kerala chief minister pinarayi vijayan mic security)

പൊതുമരാമത്ത് വകുപ്പിലെ ഇലക്ട്രിക്കല്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥര്‍, ജില്ലാ പോലിസിലെ ബി.ഡി.ഡി.എസിലെ ഉദ്യോഗസ്ഥര്‍ എന്നീ വിഭാഗങ്ങളാണ് ഇത്തരം സുരക്ഷ പരിശോധനകള്‍ നടത്തുന്നത്.

ജൂലൈ 24 ന് നടന്ന ഉമ്മന്‍ ചാണ്ടി അനുസ്മരണ യോഗത്തിലും ഇത്തരം പരിശോധന നടത്തിയിരുന്നു വെന്നും ഇത്തരം സുരക്ഷ പരിശോധനകളുടെ നടപടിക്രമങ്ങള്‍ രഹസ്യ സ്വഭാവമുള്ളവയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി.

മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിലെ പി.എ സിസ്റ്റം പരിശോധന സംബന്ധിച്ച ഷാഫി പറമ്പില്‍ എംഎല്‍എയാണ് മുഖ്യമന്ത്രിയോട് ചോദ്യം ഉന്നയിച്ചത്. ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ താന്‍ പ്രസംഗിക്കുന്നതിനിടയില്‍ മൈക്കില്‍ നിന്നും ഹൗളിങ് ഉണ്ടായതിനെ തുടര്‍ന്ന് കന്റോണ്‍മെന്റ് പോലിസ് ക്രൈം നമ്പര്‍ 762/ 2023 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിഐപികള്‍ പങ്കെടുക്കുന്ന പൊതു ചടങ്ങില്‍ മൈക്കിന് തകരാറ് സംഭവിച്ചതിനെ തുടര്‍ന്ന് 2016 മുതല്‍ നാളിതുവരെ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ആരെയൊക്കെ പ്രതി ചേര്‍ത്തിട്ടുണ്ടെന്നുമുള്ള ചോദ്യത്തിന് താന്‍ പ്രസംഗിച്ച പരിപാടിയില്‍ കേസെടുത്ത കാര്യം മാത്രമാണ് മറുപടിയായി മുഖ്യമന്ത്രി നല്‍കിയത്.

ആരും പരാതി നല്‍കാതെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. മുഖ്യമന്ത്രി അനുശോചന പ്രസംഗത്തിനായി ഉപയോഗിച്ചിരുന്ന മൈക്കില്‍ ഹൗളിങ് വരുത്തി പ്രസംഗത്തിന് തടസ്സം വരുത്തി. അത് പൊതുസുരക്ഷയെ ബാധിക്കത്തക്ക വിധത്തില്‍ പ്രവര്‍ത്തിപ്പിച്ച് പ്രതി കേരള പൊലീസ് ആക്ട് 2011, 118 (ഇ) വകുപ്പ് പ്രകാരമുള്ള കുറ്റം ചെയ്തിരിക്കുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു.

ബോധപൂര്‍വം പൊതുസുരക്ഷയെ ബാധിക്കുന്ന വിധം പ്രവര്‍ത്തിക്കുന്നതിനാണ് 118 (ഇ) വകുപ്പ് ചുമത്തുന്നത്. മുന്‍പും പല വേദികളിലും മുഖ്യമന്ത്രി പ്രസംഗിച്ചപ്പോള്‍ മൈക്ക് തകരാറായിട്ടുണ്ടെങ്കിലും പൊതുസുരക്ഷയെ ബാധിക്കുന്ന സംഭവമായി ചിത്രീകരിച്ചു കേസെടുത്തിട്ടില്ല. സംഭവം രാഷ്ട്രിയ വിവാദമായതോടെയാണ് കേസ് ഒഴിവാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്.