അച്ചു ഉമ്മനെ അപമാനിച്ച നന്ദകുമാറിനെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നീക്കം. നന്ദകുമാറിനെതിരെ നടപടി എടുക്കരുതെന്ന് പൊളിറ്റിക്കൽ സെക്രട്ടറി പി ശശി പോലിസിന് നിർദ്ദേശം നൽകി.

അച്ചു ഉമ്മന്റെ മൊഴി എടുത്തതിന് പിന്നാലെ നന്ദകുമാറിനെ പോലിസ് ചോദ്യം ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും ശശി യുടെ ഇടപെടലിൽ ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. അക്കൗണ്ട് നന്ദകുമാറിന്റേതാണോ എന്ന് സ്ഥിരികരിക്കാൻ ഫെയ്സ്ബുക്കിനോട് ആവശ്യപ്പെട്ടു എന്ന വിചിത്ര വാദമാണ് പൂജപ്പുര പോലിസ് ഉന്നയിക്കുന്നത്. സാധാരണഗതിയിൽ ഇത്തരം ചോദ്യങ്ങൾക്ക് ഫെയ്സ്ബുക്ക് മറുപടി നൽകാറില്ല.

കേസ് അനന്തമായി നീട്ടി കൊണ്ട് പോകാനാണ് പോലിസ് ശ്രമം. ഐ എച്ച് ആർ.ഡിയിലെ ഉന്നത ഉദ്യോഗസ്ഥനായ നന്ദകുമാർ പതിവ് പോലെ ഓഫിസിൽ എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ സംരക്ഷണം ഉള്ളതു കൊണ്ട് ഒന്നും സംഭവിക്കുകയില്ല എന്ന ആത്മവിശ്വാസത്തിലാണ് നന്ദകുമാർ.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സർക്കാർ ഉദ്യോഗസ്ഥർ സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്തതിന് 25 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2021 ൽ മാത്രം 6 കേസുകൾ രജിസ്റ്റർ ചെയ്തു. മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ കണക്കുകൾ ഉള്ളത്. മുഖ്യമന്ത്രിയെ വിമർശിച്ചാൽ ഉടൻ നടപടിയെടുക്കും. പ്രതിപക്ഷത്തെ വിമർശിച്ചാൽ അവരെ സംരക്ഷിക്കും. ഇങ്ങനെയുള്ള ഇരട്ടത്താപ്പാണ് പിണറായി ഭരണത്തിൽ നടക്കുന്നത്.