8.80 ലക്ഷം രൂപ ലഭിച്ചു; കുടിശിക ലഭിച്ചാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ അടയ്ക്കുമെന്നായിരുന്നു ചിന്ത അന്ന് പറഞ്ഞത്, പക്ഷേ, അതുണ്ടായില്ല

നെല്ല് കൊടുത്തിട്ടും സര്‍ക്കാര്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് തിരുവോണ ദിവസംപോലും കര്‍ഷകര്‍ ഉപവാസമിരിക്കുന്ന നാടായിരിക്കുകയാണ് കേരളം. അതേസമയം, മുന്‍ യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്ത ജെറോമിന് കുടിശികായിരുന്ന ശമ്പളം അനുവദിച്ചു. 8,80,645 രൂപയാണ് കുടിശിക ശമ്പളമായി ചിന്തക്ക് ലഭിച്ചത്.

chintha jerome

2016 ഒക്ടോബര്‍ 14 നായിരുന്നു ചിന്ത ജെറോമിനെ യുവജന കമ്മീഷന്‍ അദ്ധ്യക്ഷയായി നിയമിച്ചത്. 50,000 രൂപയായിരുന്നു ശമ്പളം. 2018 മെയ് 26 ന് ശമ്പളം 1 ലക്ഷമായി വര്‍ദ്ധിപ്പിച്ചു. അദ്ധ്യക്ഷ ആയ ദിവസം മുതല്‍ ശമ്പളം 1 ലക്ഷമാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ചിന്ത സര്‍ക്കാരിന് കത്ത് നല്‍കി. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ധനവകുപ്പ് ചിന്തയുടെ ആവശ്യം രണ്ട് പ്രാവശ്യം നിരസിച്ചു. സജി ചെറിയാന്‍ രാജി വച്ചപ്പോള്‍ മുഹമ്മദ് റിയാസിന് യൂത്ത് കമ്മീഷന്റെ ചുമതല ലഭിച്ചിരുന്നു.

റിയാസിന്റെ പിന്തുണയോടെ അദ്ധ്യക്ഷയായ ദിനം മുതല്‍ ശമ്പളം 1 ലക്ഷം കിട്ടണമെന്ന് ആവശ്യപ്പെട്ട് ചിന്ത സര്‍ക്കാരിനെ സമീപിച്ചു. റിയാസിന്റെ ശുപാര്‍ശയില്‍ ധനമന്ത്രി ബാലഗോപാല്‍ ചിന്തക്ക് തുടക്കം മുതല്‍ 1 ലക്ഷം ശമ്പളം നല്‍കാന്‍ തീരുമാനിച്ചു. 2017 ജനുവരി 6 മുതല്‍ ചിന്തയുടെ ശമ്പളം 1 ലക്ഷം ആക്കി ഉയര്‍ത്തി കായിക യുവജന കാര്യ വകുപ്പ് 2023 ജനുവരി 23 ന് ഉത്തരവിറക്കി.

2017 ജനുവരി 6 മുതല്‍ 2018 മെയ് 25 വരെയുള്ള കാലയളവിലെ കുടിശ്ശികയാണ് ചിന്തക്ക് ലഭിക്കുക. 16 മാസവും 19 ദിവസത്തേയും ശമ്പള കുടിശ്ശികയായി 8, 80, 645 രൂപയാണ് ചിന്തക്ക് ലഭിച്ചത്. ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് ചിന്ത സര്‍ക്കാരിന് കത്ത് എഴുതിയെന്ന വാര്‍ത്ത പുറത്ത് വിട്ടത് മലയാളം മീഡിയ.ലൈവ് ആയിരുന്നു. ശമ്പളം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയില്ലെന്നായിരുന്നു ചിന്ത ആദ്യം പ്രതികരിച്ചത്.

ശമ്പളം ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ചിന്ത എഴുതിയ കത്ത് പിന്നിട് പുറത്ത് വന്നിരുന്നു. അതോടെ ശമ്പളം ക്രമീകരിക്കണം എന്നാണ് ആവശ്യപ്പെട്ടത് എന്നായി ചിന്തയുടെ ക്യാപ്‌സൂള്‍. കുടിശിക അനുവദിക്കണമെന്നാവശ്യപ്പെട്ടത് ചിന്ത തന്നെയാണെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നു. ചിന്തക്ക് കുടിശിക ശമ്പളം അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത് വിവാദ ഐഎഎസ് ഉദ്യോഗസ്ഥന്‍ എം. ശിവശങ്കര്‍ ആയിരുന്നു.

ചിന്ത കുടിശിക ശമ്പളം ആവശ്യപ്പെട്ടു എന്ന് ശിവശങ്കര്‍ ഇറക്കിയ ഉത്തരവിലും സൂചിപ്പിച്ചിരുന്നു. കുടിശിക ശമ്പളം കിട്ടിയാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അടയ്ക്കും എന്നായി ചിന്തയുടെ അടുത്ത ക്യാപ്‌സൂള്‍. കുടിശിക വാങ്ങിയ ചിന്ത ദുരിതാശ്വാസ നിധിയില്‍ ഇതുവരെ തുക അടച്ചില്ല. ചിന്തയുടെ വാക്കും പഴയ ചാക്കും ഒരു പോലെയെന്ന് വ്യക്തം.

ശമ്പളവും അലവന്‍സുമായി ചിന്ത കൈപറ്റിയത് ലക്ഷങ്ങള്‍ ആയിരുന്നു. ശമ്പളവും അലവന്‍സും ആയി ചിന്ത ജെറോം കൈ പറ്റിയത് 82,91,485 രൂപയെന്ന് മന്ത്രി സജി ചെറിയാന്‍ ഈമാസം 10ന് നിയമസഭയില്‍ രേഖാ മൂലം മറുപടി നല്‍കി. ശമ്പളം 77,00,350 രൂപ, യാത്ര ബത്ത 1,02,106 രൂപ , സിറ്റിംഗ് ഫീസ് 31,200 രൂപ, ടെര്‍മിനല്‍ സറണ്ടര്‍ 4,29,839 രൂപ, ന്യൂസ് പേപ്പര്‍ അലവന്‍സ് 27,990 രൂപ എന്നി ഇനങ്ങളിലായാണ് ചിന്തക്ക് ഖജനാവില്‍ നിന്ന് പണം നല്‍കിയതെന്നാണ് സജി ചെറിയാന്റെ മറുപടി. ഏറെ വിവാദങ്ങള്‍ക്ക് ഒടുവില്‍ ചിന്തയെ മാറ്റാന്‍ പിണറായി തയ്യാറായി.

പകരം എം. ഷാജര്‍ യുവജന കമ്മീഷന്‍ അദ്ധ്യക്ഷന്‍ ആയി. 3.10 ലക്ഷം രൂപ ശമ്പളമായി ഷാജറിന് ഇതുവരെ നല്‍കിയെന്നും സജി ചെറിയാന്‍ പറഞ്ഞു. ലോക സഭ സീറ്റിലേക്ക് ചിന്തയെ പരിഗണിക്കുന്നുണ്ട്. ചിന്ത രാജ്യസഭയിലേക്ക് പോകട്ടെ എന്ന അഭിപ്രായമാണ് റിയാസിനുള്ളത്.

English summery : An amount of 8.80 lakhs in pending salary has been approved for Chintha Jerome.