നികുതി അടയ്ക്കാത്ത കെട്ടിടത്തിന് പ്രതിമാസം നല്‍കുന്നത് 3.95 ലക്ഷം രൂപ ; ഇടതുമുന്നണി നേതാവിന്റെ കുടുംബത്തിന് ഒരുവര്‍ഷം കിട്ടുന്നത് 48 ലക്ഷം രൂപ! ഖജനാവ് ചോര്‍ത്തി നേതാക്കളെ ഊട്ടുന്ന ധനമന്ത്രി

തിരുവനന്തപുരം: ഖജനാവ് കാലിയാണേ എന്നുപറഞ്ഞ് പെട്രോളിനും ഡീസലിനും രണ്ടുരൂപ സെസ് ചുമത്തിയ ധനമന്ത്രിയാണ് കെ.എന്‍. ബാലഗോപാല്‍. അതേ ഖജനാവ് കാലിയാകാനുള്ള ഒരു കാര്യം അറിയാം.. ഇടതുമുന്നണിയിലെ മുതിര്‍ന്ന നേതാവ് പി.സി. ചാക്കോയുടെ ഭാര്യയുടെ കെട്ടിടത്തിന് പ്രതിമാസം സര്‍ക്കാര്‍ വാടക നല്‍കുന്നത് 3.95 ലക്ഷം രൂപ.

കെട്ടിട നികുതി അടയ്ക്കാത്ത കെട്ടിടത്തിനാണ് മാസംതോറും ലക്ഷങ്ങള്‍ വാടകയായി നല്‍കുന്നത്. കിട്ടേണ്ട നികുതി വാങ്ങാതെ നാട്ടുകാരുടെ പണം നേതാക്കളുടെ കുടുംബത്തിന് കൊടുക്കുന്നതിന്റെ ഉത്തമ ഉദാഹരണം തന്നെയാണ് ഈ കെ.എന്‍. ബാലഗോപാല്‍ – പി.സി. ചാക്കോ കൂട്ടുകെട്ട്.

ധനമന്ത്രിയുടെ കീഴിലുള്ള ചരക്ക് സേവന നികുതി വകുപ്പാണ് എല്ലാ മാസവും 3.95 ലക്ഷം രൂപ വാടക നല്‍കുന്നത്. പി.സി. ചാക്കോയുടെ ഭാര്യ ലീല ചാക്കോയുടെ പേരിലുള്ള കെട്ടിടം 2007 ല്‍ തോമസ് ഐസക്കാണ് വാടകക്ക് എടുത്തത്. കൊച്ചി കോര്‍പ്പറേഷനില്‍ കെട്ടിട നികുതി അടക്കുകയോ കോര്‍പ്പറേഷന്‍ സെക്രട്ടറി നല്‍കിയ ഉടമസ്ഥാവകാശ സാക്ഷ്യ പത്രത്തിലോ (ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റ്) ഉള്‍പ്പെടാത്ത 3600 ചതുരശ്ര അടി കെട്ടിടത്തിന് ചതുരശ്ര അടിക്ക് 26.37 രൂപാ നിരക്കിലാണ് (3 വര്‍ഷം കഴിയുമ്പോള്‍ 15 ശതമാനം വര്‍ധനവ്) വാടക നല്‍കുന്നത്.

കേരള മുനിസിപ്പാലിറ്റി ബില്‍ഡിംഗ് റൂള്‍സ് നിഷ്‌കര്‍ഷിക്കുന്ന വാഹന പാര്‍ക്കിങ്ങ് സൗകര്യങ്ങള്‍ പോരും ഇല്ലാത്ത ഈ കെട്ടിടം എറണാകുളം നോര്‍ത്തിലുള്ള ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്‍ റോഡിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്.

ഏതെങ്കിലും ഗോഡൗണ്‍ സേറ്റോറേജ് സംവിധാനങ്ങള്‍ക്ക് മാത്രമുതകുന്ന രീതിയിലുള്ള കെട്ടിടം 2007 ജൂലൈ മുതലാണ് സംസ്ഥാന നികുതി വകുപ്പ് ഏറ്റെടുത്തത്. നിലവില്‍ ഓഡിറ്റ് വിഭാഗത്തിലെ 1 മുതല്‍ 7 വരെയുള്ള ഡിവിഷനുകള്‍ പ്രവര്‍ത്തിച്ച് വരുന്നു.

ജീവനക്കാരുടെയോ, ഓഫീസിനെ ആശ്രയിക്കുന്നവരുടേയോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യം കെട്ടിടത്തിനില്ല. ആവശ്യത്തിന് ശുചി മുറികള്‍ ഇല്ല, ഉള്ള ശുചി മുറികള്‍ ചേര്‍ന്ന് ഒലിച്ച് താഴെ നിലയില്‍ സേവനം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ദേഹത്ത് വീഴുന്ന ദുരവസ്ഥയുണ്ടെന്നാണ് ജി.എസ്.ടി വകുപ്പിലെ ഉദ്യോഗസ്ഥര്‍ മലയാളം മീഡിയയോട് സാക്ഷ്യപ്പെടുത്തിയത്.

കെട്ടിടത്തിന്റെ അസൗകര്യങ്ങള്‍ പരിഗണിച്ചുള്ള വാടകയല്ല നിശ്ചയിച്ചിരിക്കുന്നത്. കൊച്ചി കോര്‍പ്പറേഷന്‍ നല്‍കിയ ഉടമസ്ഥാവകാശ സാക്ഷ്യ പത്രം അനുസരിച്ച് ഈ കെട്ടിടത്തിന് താഴത്തെ നിലയിലും, മുകളിലത്തെ 1,2 നിലകളിലുമായി 3708.54 ചതുരശ്ര അടി വെച്ച് ആകെ 11,125.62 ചതുരശ്ര അടി വിസ്തീര്‍ണ്ണമാണുള്ളത്. ഇത് കൂടാതെ സ്റ്റെയര്‍കേസിനായി 346.96 ചതുരശ്ര അടിയും. എന്നാല്‍ കെട്ടിടത്തിന്റെ ഭാഗമല്ലാത്ത ഷീറ്റ് റൂഫിങ്ങ് നടത്തിയെടുത്ത 3600 ചതുരശ്ര അടി സ്ഥലത്തിന് കൂടി സര്‍ക്കാര്‍ നിയമ വിരുദ്ധമായി വാടക നല്‍കി വരുന്നു.

കെട്ടിട നികുതി ഒടുക്കാത്ത ഭാഗത്തിന് വാടക പിരിക്കുവാന്‍ നിയമപരമായി അവകാശമില്ല എന്നറിഞ്ഞിട്ടും പി.സി ചാക്കോയുടെ രാഷ്ട്രീയ സ്വാധീനവും ഭരണമുന്നണിയിലെ പിടിപാടും വെച്ച് അനധികൃതമായി ഭാര്യ ലീല ചാക്കോ പണം പറ്റുകയാണെന്ന ആരോപണമാണ് ഉയരുന്നത്.

കൃത്യമായി പാര്‍ക്കിംഗ് ഏരിയ കെട്ടിടത്തിനില്ലെന്ന് ധനമന്ത്രി ബാലഗോപാല്‍ ആഗസ്ത് 9 ന് നിയമസഭയില്‍ രേഖാ മൂലം മറുപടി നല്‍കിയിരുന്നു. 2007 ല്‍ 2,11,875 രൂപയായിരുന്നു കെട്ടിടത്തിന് വാടക നല്‍കിയതെന്നും ഇപ്പോള്‍ 3,95,595 രൂപയാണ് വാടക നല്‍കുന്നതെന്നും ബാലഗോപാല്‍ നിയമസഭ മറുപടിയില്‍ വ്യക്തമാക്കുന്നു. ഓരോ 3 വര്‍ഷം കൂടുമ്പോഴും 15 ശതമാനം വാടക വര്‍ധനയാണ് നല്‍കുന്നതെന്നും ബാലഗോപാല്‍ ഷാഫി പറമ്പില്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടി നല്‍കി.