അച്ചു ഉമ്മനെതിരെ അശ്ലീലപ്രചാരണം നടത്തിയ നന്ദകുമാറിന്റെ ലക്ഷ്യം പിന്‍വാതില്‍ നിയമനം; സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് ഗൂഢാലോചനകള്‍

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ സിപിഎം സൈബര്‍ സഖാക്കള്‍ ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിനുമേല്‍ തിരിഞ്ഞിരുന്നു. ചാണ്ടി ഉമ്മന്‍, അപ്പായെ പോലെ തന്നെ നടക്കുന്നു.. ഇരിക്കുന്നു എന്നായിരുന്നു സിപിഎം കരച്ചിലിന്റെ തുടക്കം.

പിന്നീട് സിപിഎമ്മിലെ ഉന്നതരെ സന്തോഷിപ്പിക്കാന്‍ അണികള്‍ അഹോരാത്രം ഉമ്മന്‍ചാണ്ടിയെയും കുടുംബത്തെയും അപമാനിക്കാന്‍ രംഗത്തിറങ്ങി. മന്ത്രി എം.ബി. രാജേഷിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗം കേട്ടാല്‍ അറയ്ക്കുന്ന വാക്കുകളാണ് ഉമ്മന്‍ചാണ്ടിയെക്കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയത്. ഒരുനടപടി പോലും മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല. പകരം സമ്മാനങ്ങള്‍ നല്‍കിയാണ് മന്ത്രി അയാളെ കൂടെ നിര്‍ത്തിയത്. ഇങ്ങനെ ഉമ്മന്‍ചാണ്ടിയെയും കുടുംബത്തെ അപമാനിക്കാന്‍ മുതിര്‍ന്ന നേതാക്കളുടെ പിന്തുണയാണ് സൈബര്‍ ഗുണ്ടകള്‍ക്ക് വളമാകുന്നത്.

കഴിഞ്ഞദിവസം അച്ചുഉമ്മനെതിരെ ആക്ഷേപം ചൊരിഞ്ഞ മുന്‍ അഡീഷണല്‍ സെക്രട്ടറി നന്ദകുമാറിന്റെയും ഉദ്ദേശ്യവും മറ്റൊന്നായിരുന്നില്ല. മന്ത്രിമാരെ സന്തോഷിപ്പിക്കുക തന്നെ. മന്ത്രി കനിഞ്ഞാല്‍ ഒരു പിന്‍വാതില്‍ നിയമനം ഉറപ്പെന്നാണ് സെക്രട്ടേറിയറ്റ് പരിസരത്ത് കറങ്ങി നടക്കുന്ന മുന്‍ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

പിന്‍വാതില്‍ നിയമനം ലക്ഷ്യമിട്ടായിരുന്നു നന്ദകുമാറിന്റെ സൈബറാക്രമണം എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. സൈബര്‍ ആക്രമണം നടത്തിയതിന് മുന്‍ അഡീഷണല്‍ സെക്രട്ടറി നന്ദകുമാറിനെതിരെ അച്ചു ഉമ്മന്‍ പരാതി നല്‍കിയതിന് പിന്നാലെ ഫേസ് ബുക്കില്‍ മാപ്പ് അപേക്ഷയുമായി നന്ദകുമാര്‍ രംഗത്തെത്തി. തൃശൂര്‍ ജില്ലക്കാരനായ നന്ദകുമാര്‍ കെഎസ്ആര്‍ടിസി കണ്ടക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. സെക്രട്ടേറിയേറ്റ് സര്‍വീസില്‍ കയറിയതിന് പിന്നാലെ സിപിഎമ്മിന്റെ തീപ്പൊരി നേതാവായി മാറി.

ഇതിനിടയില്‍ ഇടതു സംഘടനയുടെ ഔദ്യോഗിക പക്ഷത്തെ നയിക്കുന്ന ഹണിയുമായി നന്ദകുമാര്‍ തെറ്റി. സെക്രട്ടേറിയേറ്റിലെ ഇടതു സംഘടനയായ കേരള സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷനിലെ രണ്ട് വിഭാഗങ്ങളാണ് ഹണി പക്ഷവും ഷൈന്‍ ഹഖ് പക്ഷവും. ഇതിന്റെ ഹഖിന്റെ പിണിയാളായി പ്രവര്‍ത്തിക്കുകയായിരുന്നു നന്ദകുമാര്‍. അണികള്‍ കൂടുതലും ഹണി പക്ഷത്തിനാണ്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ സ്വാധീനം ഹഖ് പക്ഷത്തിനും.

achu oommen filed complaint against cyber attack

സ്വപ്ന സുരേഷിന്റെ സ്വര്‍ണ്ണ കടത്ത് വിവാദം നടക്കുമ്പോള്‍ ഹഖ് ആയിരുന്നു സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍. ആശ്രിത നിയമനത്തില്‍ ജോലിക്ക് കയറിയ ഹഖ് അടുത്ത വര്‍ഷം സ്റ്റേറ്റ് സിവില്‍ സര്‍വീസ് ക്വാട്ടയില്‍ ഐ.എ.എസ് കസേര ലക്ഷ്യമിട്ട് നീങ്ങുകയാണെന്നാണ് സെക്രട്ടറിയേറ്റ് വൃത്തങ്ങളില്‍ നിന്നുള്ള സൂചന. ഇതിനുവേണ്ടി പിണറായി ഹഖിനെ കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലന്‍ഡ് നാവിഗേഷന്‍ എം.ഡിയായി അടുത്തിടെ നിയമിച്ചിരുന്നു.

ആള്‍ ഇന്ത്യ സിവില്‍ സര്‍വിസുകാരുടെ തസ്തികയില്‍ ഹഖിനെ കുടിയിരുത്തിയതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഐഎഎസ് വൃത്തങ്ങള്‍ ഉയര്‍ത്തി കഴിഞ്ഞു. വിരമിച്ച ശേഷം നന്ദകുമാറിന് പിന്‍വാതില്‍ നിയമനം തരപ്പെടുത്തി കൊടുക്കാന്‍ ഹഖ് പഠിച്ച പണി പതിനെട്ടും പയറ്റിയെങ്കിലും ഹണി പക്ഷം ശക്തമായി എതിര്‍ത്തത്തോടെ നന്ദകുമാറിന്റെ നിയമനം നടന്നില്ല.

മുഖ്യമന്ത്രിയുടെ ഓഫിസിലെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി രാജശേഖരന്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാര്‍, അഡീഷണല്‍ സെക്രട്ടറിമാരായ ഹഖ്, നന്ദകുമാര്‍ , അജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സെക്രട്ടേറിയേറ്റില്‍ ഭരണം നടക്കുന്നത്. നന്ദകുമാര്‍ വിരമിച്ചെങ്കിലും നന്ദകുമാറിന്റെ നിര്‍ദേശം അനുസരിച്ചാണ് പല ഉന്നത നിയമനങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തുന്നത്.

സോഷ്യല്‍ മീഡിയയില്‍ സിപിഎം സൈബര്‍ സംഘങ്ങള്‍ ക്യാപ്‌സൂള്‍ തയ്യാറാക്കുന്നത് നന്ദകുമാര്‍ ആണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. തിരുവനന്തപുരം പട്ടത്താണ് നന്ദകുമാര്‍ കുടുംബമായി താമസിക്കുന്നത്. ഭാര്യ പോത്തന്‍ കോട് സ്‌ക്കൂളിലെ ടീച്ചറാണ്. അച്ചു ഉമ്മനെതിരെ വികൃതമായ സൈബറാക്രമണം നടത്തിയ നന്ദകുമാര്‍ 2 മുതിര്‍ന്ന പെണ്‍കുട്ടികളുടെ അച്ഛനാണ്.