ലോക്‌സഭ തെരഞ്ഞെടുപ്പ് ഈ വര്‍ഷം തന്നെ നടത്താനുള്ള നീക്കത്തിലാണ് ബിജെപിയെന്ന സംശയവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യത്തെ ഹെലികോപ്റ്ററുകളെല്ലാം ബിജെപി നേതാക്കള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തുവെച്ചിരിക്കുകയാണെന്നും മമത ആരോപിച്ചു. തൃണമുല്‍ കോണ്‍ഗ്രസിന്റെ യൂത്ത് വിങ് റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു തന്റെ തെരഞ്ഞെടുപ്പിന് സജ്ജമായിരിക്കണമെന്ന സൂചനകള്‍ മമത തന്റെ പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്.

ബിജെപി ഭരണത്തിന്റെ മൂന്നാം തുടര്‍ച്ചയുണ്ടാകുകയാണെങ്കില്‍ രാജ്യം സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുമെന്ന് മമത മുന്നറിയിപ്പ് നല്‍കി. ഡിസംബറിലോ അടുത്ത ജനുവരിയിലോ അവര്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് താന്‍ ഭയപ്പെടുന്നു. ഇതിനോടകം ബി.ജെ.പി രാജ്യത്തെ സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി കഴിഞ്ഞിരിക്കുന്നു. വീണ്ടും അധികാരത്തിലെത്തിയാല്‍ അവര്‍ ഇന്ത്യയെ വിദ്വേഷത്തിന്റെ രാഷ്ട്രമാക്കി മാറ്റുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഗവര്‍ണര്‍ സി.വി ആനന്ദ ബോസ് ഭരണഘടനാപരമായ നിയമങ്ങള്‍ ലംഘിക്കുകയാണ്. ഇത്തരം ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാനാകില്ല. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ വെല്ലുവിളിക്കരുത്. ബം?ഗാളില്‍ മൂന്ന് പതിറ്റാണ്ടുകാലം നീണ്ട ഇടത് ഭരണം താന്‍ അവസാനിപ്പിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.