ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് ഒഴിഞ്ഞുപോയ അനില്‍ ആന്റണിക്ക് ബിജെപിയില്‍ പുതിയ ചുമതല. പാര്‍ട്ടിയുടെ ദേശീയ വക്താവായി നിയമിച്ചു. (anil antony bjp spokesperson)

അനിലിനെ ബിജെപി ദേശീയ സെക്രട്ടറിയായി കഴിഞ്ഞ മാസം നിയമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടി ദേശീയ വക്താവിന്റെ ചുമതല കൂടി നല്‍കിയത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ നടത്തിയ നിയമനം സംബന്ധിച്ച് ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് ഉത്തരവിറക്കി.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകനായ അനില്‍ ആന്റണി ഏപ്രിലിലാണ് ബിജെപിയില്‍ ചേര്‍ന്നത്. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറും എഐസിസി സോഷ്യല്‍ മീഡിയ കോഓര്‍ഡിനേറ്റുമായിരുന്നു അനില്‍ ആന്റണി.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിക്കെതിരെ പ്രതികരിച്ചാണ് കോണ്‍ഗ്രസുമായി തെറ്റിയത്. തുടര്‍ന്ന് പദവികളെല്ലാം രാജിവച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്.

anil k antony appointed as bjp national spokesperson