പിണറായിക്കുള്ള ഓണക്കിറ്റ് ക്ലിഫ് ഹൗസിലെത്തി ഭാര്യ കമലക്ക് കൈമാറി;
പ്രതിപക്ഷ എംഎല്‍എമാരും എം.പിമാരും സൗജന്യ ഓണക്കിറ്റ് ബഹിഷ്‌കരിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും എം.പി മാര്‍ക്കും സൗജന്യ ഓണകിറ്റുമായി സപ്ലെക്കോ.

സാമ്പത്തിക പ്രതിസന്ധി കാരണം മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമാണ് ഇത്തവണ ഓണകിറ്റ് കൊടുത്തത്. 87 ലക്ഷം പേര്‍ക്ക് കിട്ടേണ്ട ഓണകിറ്റ് 6 ലക്ഷം ആയി പരിമിതപ്പെടുത്തി. അതു പോലും 10 ശതമാനമാണ് ഇതുവരെ കൊടുക്കാന്‍ സാധിച്ചത്.

മുഖ്യമന്ത്രിക്കും എംഎല്‍എമാര്‍ക്കുമുള്ള 12 ഇനം ശബരി ബ്രാന്‍ഡ് ഇനങ്ങള്‍ അടങ്ങിയ കിറ്റ് ഓഫിസിലോ താമസ സ്ഥലത്തോ എത്തിച്ചു കൊടുക്കാനാണ് സപ്ലൈകോ തീരുമാനം. പിണറായി വിജയന്റെ ഓണക്കിറ്റ് ക്ലിഫ് ഹൗസിലെത്തി ഭാര്യ കമലക്ക് കൈമാറി.

ക്ലിഫ് ഹൗസ് വളപ്പിലെ മുഹമ്മദ് റിയാസ് അടക്കമുള്ള മറ്റ് മന്ത്രിമാരുടെ വസതികളിലും സപ്ലൈക്കോ കിറ്റ് എത്തിച്ചു. പ്രത്യേകം ഡിസൈന്‍ ചെയ്ത ബോക്‌സില്‍ ഭക്ഷ്യമന്ത്രിയുടെ ഓണ സന്ദേശവും ഉണ്ട്. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഇറച്ചി മസാല, ചിക്കന്‍ മസാല, സാമ്പാര്‍ പൊടി, രസം പൊടി, കടുക്, ജീരകം എന്നിവ 100 ഗ്രാം വീതവും ആട്ട 1 കിലോ, വെളിച്ചെണ്ണ 1 ലിറ്റര്‍, തേയില 250 ഗ്രാം എന്നിവയാണ് കിറ്റിലുള്ളത്.

ഓണക്കിറ്റില്‍ ഇറച്ചി മസാലയും ചിക്കന്‍ മസാലയും ഇടം പിടിച്ചത് വിവാദമായി മാറിയിരിക്കുകയാണ്. പ്രതിപക്ഷ എം.പിമാരും എംഎല്‍എമാരും സൗജന്യ ഓണക്കിറ്റ് ബഹിഷ്‌കരിക്കും. ചീഫ് സെക്രട്ടറി, ഡി.ജി.പി ഉള്‍പെടെ മുതിര്‍ന്ന ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കും സൗജന്യ ഓണക്കിറ്റ് ലഭിക്കും.

മുഖ്യമന്ത്രിയുടേയും ഭക്ഷ്യമന്ത്രിയുടേയും പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ക്കും സൗജന്യ ഓണക്കിറ്റ് ലഭിക്കും. ഇവരുടെയെല്ലാം ഓണക്കിറ്റ് വിതരണം ഇന്ന് തന്നെ പൂര്‍ത്തിയാക്കണമെന്ന കര്‍ശന നിര്‍ദ്ദേശം ഭക്ഷ്യ മന്ത്രി നല്‍കിയിട്ടുണ്ട്.