വിവാദങ്ങള്‍ വിളമ്പി നേതാക്കളുടെ ഓണസദ്യ

തിരുവനന്തപുരം: കേരളം വിവാദങ്ങളിലാണ് ഇത്തവണ ഓണം ആഘോഷിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് അര്‍ഹതപ്പെട്ട ഭക്ഷ്യക്കിറ്റ് നല്‍കാന്‍ പോലുമാകാത്തവിധം ദാരിദ്ര്യത്തിലായ ഖജനാവിന് മുന്നിലിരുന്നാണ് മന്ത്രിമാരുടെ ഓണാഘോഷം.

എന്നാലും മുഖ്യമന്ത്രിക്ക് കാര്യങ്ങളൊക്കെ മുറപോലെയാണ്. കഴിഞ്ഞദിവസം പൗരപ്രമുഖര്‍ക്ക് ഒരുക്കിയ സദ്യ ഗംഭീരമെന്ന് പൗരപ്രമുഖരൊന്നടങ്കം നിരന്നുനിന്ന് അനുമോദിച്ചിട്ടാണ് സ്ഥലം കാലിയാക്കിയത്. മുഖ്യമന്ത്രിയും കുടുംബവും പൗരപ്രമുഖരും ഹാപ്പി. പക്ഷേ, ഈ ഓണസദ്യകള്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും ഓണത്തല്ലിന് തുടക്കം കുറിച്ചിരിക്കുകയാണ്.

മുഖ്യമന്ത്രിക്ക് മുമ്പേ ഓണസദ്യയൊരുക്കിയത് സ്പീക്കര്‍ ഷംസീറായിരുന്നു. പക്ഷേ, അദ്ദേഹത്തിന് പോലും ചോറ് കിട്ടാതിരുന്നത് വിവാദമായി. 1300 പേര്‍ക്കുവേണ്ടി ഓണസദ്യയുടെ ക്വട്ടേഷൻ വിളിച്ചിട്ട് 800 പേര്‍ക്കുമാത്രമായിരുന്നു സദ്യ ആസ്വദിക്കാനുള്ള ഭാഗ്യം ലഭിച്ചത്. പഴവും പായസവും കഴിച്ച് സ്പീക്കര്‍ ഓണാഘോഷം തുടങ്ങിവെച്ചു. കാട്ടാക്കട കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു കാറ്ററിങ് സ്ഥാപനമായിരുന്നു സദ്യക്കുള്ള ക്വട്ടേഷന്‍ എടുത്തിരുന്നത്. തലസ്ഥാനത്ത് സിപിഎം പ്രവര്‍ത്തകരുടെ തന്നെ അനേകം കാറ്ററിങ് സംവിധാനങ്ങളുള്ളപ്പോള്‍ ബിജെപി ബന്ധമുള്ള സ്ഥാപനത്തിലേക്ക് എങ്ങനെ സദ്യക്കുള്ള വിളിപോയി എന്നാണ് കാട്ടാക്കട സിപിഎമ്മിലെ വിവാദം.

ഏറ്റവും കുറഞ്ഞ തുകക്ക് കൊട്ടേഷന്‍ നല്‍കിയ കാട്ടാക്കടയിലെ സ്ഥാപനത്തിന് ഓണസദ്യ തയ്യാറാക്കാന്‍ ഷംസീര്‍ ഏല്‍പിക്കുകയായിരുന്നു. ചട്ടങ്ങള്‍ അടിമുടി പാലിച്ചായിരുന്നു ഷംസീറിന്റെ തയ്യാറെടുപ്പ്. ചട്ടങ്ങള്‍ പാലിച്ചെങ്കിലും സദ്യ പാളിയതോടെ ആകെ നാണംകെട്ട് നില്‍ക്കുകയാണ് ഷംസീര്‍. ബി.ജെ.പി ബന്ധമുള്ള കാട്ടാക്കടയിലെ ലക്ഷ്മി കാറ്ററിംഗ് സ്ഥാപനം നിയമസഭയില്‍ എങ്ങനെ ഓണസദ്യ നടത്തി എന്നതിന്റെ ഞെട്ടലിലാണ് കാട്ടക്കടയിലെ സിപിഎം കേന്ദ്രങ്ങള്‍.

പക്ഷേ, മുഖ്യമന്ത്രിയുടെ ഓണസദ്യ കെങ്കേമമായിരുന്നു. പിണറായി വിജയന്റെ വിശ്വസ്തനായ സി.എം. രവീന്ദ്രനായിരുന്നു ഓണസദ്യയുടെ ചുമതല. ഒരു കാര്യം ഏറ്റെടുത്താല്‍ അത് ഭംഗിയാക്കാന്‍ രവീന്ദ്രനുള്ള സാമര്‍ത്ഥ്യം പ്രസിദ്ധമാണ്. സകല കലാ വല്ലഭനായ രവിന്ദ്രനെ പോലൊരാള്‍ ഷംസീറിന് ഇല്ല എന്നതാണ് ഷംസീറിന്റെ പരാജയം. നഗരത്തിലെ സിപിഎം ബന്ധമുള്ള ബാര്‍ മുതലാളിയുടെ ഹോട്ടലില്‍ നിന്നായിരുന്നു ഓണസദ്യ ഏര്‍പ്പെടുത്തിയത് എന്നാണ് ലഭിക്കുന്ന സൂചന.

ഓണസദ്യ പാളിയതിന്റെ ധര്‍മ്മസങ്കടത്തില്‍ ആയിരുന്ന ഷംസീര്‍ പിണറായിയുടെ ഓണസദ്യയില്‍ നിറഞ്ഞ് നിന്നു. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ ആയിരുന്നു ഓണ സദ്യ എന്നതിനാല്‍ തുടക്കം മുതല്‍ ഒടുക്കംവരെ ഷംസീറിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പൗര പ്രമുഖരുടെ ലിസ്റ്റില്‍ നടന്‍ ഭീമന്‍ രഘുവും സംവിധായകന്‍ രാജസേനനും ഇടം പിടിച്ചു എന്നതും ശ്രദ്ധേയമായി. ഓണസദ്യയില്‍ ഏറ്റവും മുന്‍നിരയില്‍ ഇരുവരും സ്ഥാനം പിടിച്ചു. അടുത്തിടെയാണ് ഇരുവരും ബിജെപി ബന്ധം ഉപേക്ഷിച്ച് സിപിഎമ്മില്‍ ചേക്കേറിയത്.

സഖാക്കളെ മുന്നോട്ട് എന്ന ഗാനം എ.കെ.ജി സെന്ററില്‍ ഭീമന്‍ രഘു ആലപിച്ചത് വൈറലായിരുന്നു. എം എല്‍ എ ഹോസ്റ്റലില്‍ നിര്‍മ്മിക്കുന്ന പുതിയ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനത്തിനു ശേഷമായിരുന്നു ഓണസദ്യ. ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഓണ സദ്യയില്‍ പങ്കെടുക്കാതെ മടങ്ങി. ശിലാസ്ഥാപന ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഓണസദ്യയില്‍ ക്ഷണം ഉണ്ടായില്ല. അതുകൊണ്ട് സദ്യ കഴിക്കാതെ മാധ്യമ പ്രവര്‍ത്തകരും മടങ്ങി. ആദ്യമായിട്ടാണ് മുഖ്യമന്ത്രി ഓണ സദ്യ നടത്തുന്നത്. സര്‍ക്കാര്‍ ചെലവില്‍ നടത്തിയ മുഖ്യമന്ത്രിയുടെ ഓണസദ്യക്ക് കൊട്ടേഷന്‍ വിളിച്ചില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സ്റ്റോര്‍ പര്‍ച്ചേസ് മാനുവല്‍ അനുസരിച്ച് 10,000 രൂപക്ക് മുകളില്‍ കൊട്ടേഷന്‍ വിളിക്കണം എന്നാണ് ചട്ടം. ചട്ടം പാലിക്കാതെയാണ് രവീന്ദ്രന്‍ പ്രവര്‍ത്തിച്ചത് എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.