തിരുവനന്തപുരം: കേരളത്തിൽ മുടക്കമില്ലാതെ നടക്കുന്നത് പിണറായി വിജയന്റെ കാര്യങ്ങൾ മാത്രമാണെന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽകുളത്തിനായി ചെലവഴിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്.

വർഷങ്ങൾക്ക് മുമ്പ് 2 ലക്ഷം രൂപക്ക് നിർമ്മിച്ച നീന്തൽകുളം പിണറായി മുഖ്യമന്ത്രിയായപ്പോൾ നവീകരിച്ചു. ഊരാളുങ്കലിനായിരുന്നു നവീകരണ ചുമതല. നവീകരണവും വാർഷിക പരിപാലനത്തിനുമായി ഇതുവരെ ചെലവായത് 42.50 ലക്ഷം രൂപ. അഞ്ചാംഘട്ട വാർഷിക പരിപാലനത്തിന് ഈ മാസം 20ന് അനുവദിച്ച 4.03 ലക്ഷം ഉൾപ്പെടെയുള്ള തുകയാണ് 42.50 ലക്ഷം.

1992 ജൂലൈയിൽ തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന് ഗുരുതരമായി അപകടം പറ്റിയതിനെ തുടർന്നായിരുന്നു ക്ലിഫ് ഹൗസിൽ നീന്തൽകുളം നിർമ്മിച്ചത്. ഡോക്ടർമാരുടെ കർശന ഉപദേശത്തെ തുടർന്നായിരുന്നു നീന്തൽ ചികിൽസ കരുണാകരൻ ആരംഭിച്ചത്.

2 ലക്ഷം രൂപ ഉപയോഗിച്ച് ക്ലിഫ് ഹൗസിൽ നീന്തൽകുളം നിർമ്മിച്ചതിനെതിരെ അതി ശക്തമായ വിമർശനമാണ് സിപിഎം അഴിച്ചുവിട്ടത്. താൻ അധികാരത്തിൽ എത്തിയാൽ തന്റെ പട്ടിയെ അവിടെ കുളിപ്പിക്കുമെന്നായിരുന്നു പ്രതിപക്ഷനേതാവായ ഇ.കെ.നായനാരുടെ പ്രതികരണം. ഇ.കെ. നായനാർ, എ.കെ. ആന്റണി, വി.എസ്.അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടി എന്നീ നാല് മുഖ്യമന്ത്രിമാർ ക്ലിഫ് ഹൗസിൽ താമസിച്ചെങ്കിലും ആരും നീന്തൽകുളം ഉപയോഗിച്ചില്ല.

2016 ൽ മുഖ്യമന്ത്രിയായി ക്ലിഫ് ഹൗസിൽ താമസം തുടങ്ങിയ പിണറായി നീന്തൽകുളം നവീകരിക്കാൻ ഉത്തരവിട്ടു. മകൾ വീണ വിജയന്റെ നിർബന്ധമായിരുന്നു ഇതിനുപിന്നിൽ. നീന്തൽ കുളത്തിന്റെ നവീകരണ ചെലവുകൾക്ക് നിയമസഭയിൽ പോലും മറുപടി ഉണ്ടായില്ല.

കെ.പി.സി.സി. സെക്രട്ടറി അഡ്വ. സി. ആർ. പ്രാണകുമാറാണ് നീന്തൽകുള നവീകരണ ചെലവുകൾ പുറത്ത് കൊണ്ട് വന്നത്. ടൂറിസം ഡയറക്ടറേറ്റിൽ നിന്ന് അഡ്വ. പ്രാണകുമാറിന് ലഭിച്ച വിവരവകാശ മറുപടി പ്രകാരം നീന്തൽകുളം നവീകരിക്കാൻ 18.06 ലക്ഷവും റൂഫിന്റെ ട്രസ് വർക്കുകൾക്കും പ്ലാന്റ് റൂമിന്റെ നവീകരണത്തിനായി 7.92 ലക്ഷവും ചെലവഴിച്ചു.

ഓരോ വർഷവും നീന്തൽകുളത്തിന്റെ വാർഷിക പരിപാലനം എന്ന ഓമന പേരിൽ ഊരാളുങ്കലിന് ലഭിക്കുന്നതും ലക്ഷങ്ങൾ ആണ്.

ഒന്നാം ഘട്ട പരിപാലനം – 2.28 ലക്ഷം
രണ്ടാം ഘട്ട പരിപാലനം – 2.51 ലക്ഷം
മൂന്നാം ഘട്ട പരിപാലനം – 3.84 ലക്ഷം
നാലാം ഘട്ട പരിപാലനം – 3.84 ലക്ഷം
അഞ്ചാം ഘട്ട പരിപാലനം – 4.03 ലക്ഷം