മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ ഓണ സദ്യയുമായി ഷംസീറും. പിണറായി ഓണ സദ്യ ഒരുക്കുന്നത് പൗര പ്രമുഖർക്ക് ആണെങ്കിൽ ഷംസിർ ഓണ സദ്യ ഒരുക്കുന്നത് നിയമസഭയിലെ 1300 ജീവനക്കാർക്കാണ്.

ഇ – നിയമസഭയുടെ ഭാഗമായി നിയമസഭയിൽ ജോലി ചെയ്യുന്ന ഊരാലുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസെറ്റിയുടെ ഉദ്യോഗസ്ഥരും ഓണസദ്യയിൽ പങ്കെടുക്കും.

നിയമസഭയിലെ ഓണാഘോഷ പരിപാടികളുടെ ഭാഗമായാണ് ഓണ സദ്യ സംഘടിപ്പിക്കുന്നത്. ഓണസദ്യ നൽകാൻ ഷംസിർ ക്വട്ടേഷൻ വിളിച്ചിരിക്കുകയാണ്.

ഇന്ന് വൈകുന്നേരം 3 മണിക്ക് മുമ്പ് ക്വട്ടേഷൻ സമർപ്പിക്കണം. ജിഎസ് ടി ഉൾപ്പെടെ 1300 പേർക്ക് സദ്യ നൽകുന്നതിനുള്ള വില ക്വട്ടേഷനിൽ രേഖപ്പെടുത്തിയിരിക്കണം. ക്വട്ടേഷൻ ലഭിക്കുന്ന സ്ഥാപനം സ്വന്തം ചെലവിലും ഉത്തരാവാദിത്വത്തിലും ഭക്ഷണം നിയമസഭ സമുച്ചയത്തിൽ വിളമ്പി തരണം എന്നും നിയമസഭ സെക്രട്ടേറിയേറ്റിൽ നിന്നിറക്കിയ ക്വട്ടേഷൻ നോട്ടീസിൽ പറയുന്നു.

മുൻകാലങ്ങളിൽ നിയമസഭയിലെ ജീവനക്കാരിൽ നിന്ന് പിരിവെടുത്താണ് ഓണസദ്യ ഒരുക്കിയിരുന്നതെങ്കിൽ ഇക്കുറി സർക്കാർ ചെലവിലാണ് ഓണസദ്യ . കസേര, മേശ അടക്കം ഓണ സദ്യക്ക് ഏകദേശം 10 ലക്ഷം രൂപ ചെലവാകും എന്നാണ് സൂചന.പൗര പ്രമുഖൻമാർക്കായുള്ള പിണറായിയുടെ ഓണസദ്യ ഈ മാസം 26 നാണ്.

നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ചാണ് ഓണ സദ്യ സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രിയായതിനു ശേഷം ആദ്യമായിട്ടാണ് പിണറായിയുടെ വക ഓണസദ്യ . 500 പൗര പ്രമുഖർ ക്ക് ആണ് ക്ഷണം. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പേഴ്സണൽ സ്റ്റാഫുകളും പാർട്ടി നേതാക്കളും കൂടിയാകുമ്പോൾ 1000 പേരിലേക്ക് എണ്ണം ഉയരുമെന്നാണ് സൂചന.

10 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിയമസഭയിൽ വച്ചാണ് പരിപാടി എന്നതുകൊണ്ട് ഹാളിന് വാടക കൊടുക്കണ്ട. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിൽ ചെലവു ചുരുക്കൽ ഉത്തരവുകൾ ധനവകുപ്പിൽ നിന്ന് തുടരെ തുടരെ ഇറങ്ങുമ്പോഴാണ് മുഖ്യമന്ത്രിയുടെ വക ഓണ സദ്യ എന്നതാണ് വിരോധാഭാസം.സാമ്പത്തിക പ്രതിസന്ധി കൂടുതൽ ഗുരുതരാവസ്ഥയിലേക്കു നീങ്ങിയതോടെ ട്രഷറി നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ് ബാലഗോപാൽ. ദൈനംദിന ചെലവുകളുടെ ബില്ലുകൾക്കുള്ള നിയന്ത്രണം 10 ലക്ഷത്തിൽനിന്ന് 5ലക്ഷം രൂപയാക്കി. 5 ലക്ഷത്തിനു മേൽ തുകയുടെ പ്രധാന ബില്ലുകൾ പാസാകണമെങ്കിൽ ധനവകുപ്പിന്റെ പ്രത്യേക അനുമതി തേടണം.

ശമ്പളം, പെൻഷൻ തുടങ്ങി അടിയന്തരവും പ്രധാനപ്പെട്ടതുമായ ചുരുക്കം ചെലവുകൾ ഒഴികെ എല്ലാ ബില്ലുകൾക്കും നിയന്ത്രണം ബാധകമാകും. നിയന്ത്രണം ലംഘിച്ച് ബിൽ പാസാക്കിയാൽ കർശന നടപടിയെടുക്കുമെന്നു ട്രഷറിക്കു ധനവകുപ്പ് മുന്നറിയിപ്പു നൽകി. ധനവകുപ്പിന്റെ അനുമതിക്ക് വരുന്ന ബില്ലുകൾ പണം ഇല്ലാത്തത് കൊണ്ട് തിരിച്ചയക്കുകയാണ്. സാമ്പത്തികം മെച്ചപ്പെടുന്ന മുറക്ക് ഫയൽ സമർപ്പിക്കുക എന്ന ഒറ്റവരിയിൽ സെക്രട്ടറിയേറ്റിൽ ഫയലുകൾ തീർപ്പാക്കുകയാണ്.

സാമൂഹ്യ സുരക്ഷ പദ്ധതികൾക്ക് പോലും പണം കണ്ടെത്താൻ സാധിക്കുന്നില്ല. 153.33 കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ച കേരള സോഷ്യൽ സെക്യൂരിറ്റി മിഷന് നൽകിയത് 9 കോടി രൂപ മാത്രം. ആശ്വാസ കിരണം പദ്ധതിക്ക് 54 കോടി ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നയാ പൈസ കൊടുത്തിട്ടില്ല. മറ്റ് സാമുഹ്യ സുര ക്ഷ പദ്ധതികളുടെ അവസ്ഥയും തഥൈവ. പിണറായിയുടേയും ഷംസിറിന്റേയും ഓണസദ്യക്ക് ട്രഷറി നിയന്ത്രണം ബാധകമല്ല.

സർക്കാർ ചെലവിൽ പിണറായിക്ക് പിന്നാലെ ഷംസീറും ഓണ സദ്യ ഒരുക്കുന്നതിന്റെ ഞെട്ടലിലാണ് ധനമന്ത്രി ബാലഗോപാൽ. ഖജനാവിൽ ചില്ലി കാശ് ഇല്ലാത്തതാണ് ധനമന്ത്രിയെ അലട്ടുന്നത്. മറ്റ് മന്ത്രിമാരും പിണറായിയുടേയും ഷംസിറിന്റേയും പാത പിന്തുടരുമോ എന്ന ആശങ്കയും ധനമന്ത്രിക്കുണ്ട്.