സ്ഥാനം പോയിട്ടും ഗൺമാൻമാരെ വിടാതെ മുൻമന്ത്രിമാർ; പാർട്ടിയുടെ മുതിർന്ന നേതാക്കൾക്ക് സുരക്ഷ ജനങ്ങളുടെ ചെലവിൽ

തിരുവനന്തപുരം: സാമ്പത്തിക പ്രയാസത്തിലാണ് കേരളം, ജനങ്ങളുടെ സുരക്ഷയ്ക്ക് ആവശ്യത്തിന് സേനാംഗങ്ങൾ ഇല്ലാത്ത വകുപ്പാണ് പോലീസ്.. പക്ഷേ മുൻമന്ത്രിമാരായ മുതിർന്ന സഖാക്കൾക്ക് ഗൺമാൻമാരും സുരക്ഷാഭടൻമാരും നിർബന്ധം.

മന്ത്രിസ്ഥാനം പോയാലും ഗൺമാൻ കൂടെ വേണമെന്ന് ശഠിക്കുന്നവരാണ് മുൻ മന്ത്രിമാർ. ഖജനാവിൽ പണം ഇല്ലെങ്കിലും തങ്ങൾക്കും ഗൺമാൻമാർ വേണമെന്ന് വാശി പിടിക്കുന്നവർ. തോമസ് ഐസക്ക്, ശൈലജ ടീച്ചർ, ടി.പി. രാമകൃഷ്ണൻ, കടകംപള്ളി സുരേന്ദ്രൻ, ഇ.പി. ജയരാജൻ, എ.കെ. ബാലൻ എന്നിവരാണ് ആ പാടിവാശിക്കാർ. ഇതിൽ ഇ.പി. ജയരാജന് ഭീഷണി ഉള്ളതിനാൽ നേരത്തെ മുതൽ ഗൺമാൻ ഉണ്ട്.

ഒരു ഭീഷണിയും ഇല്ലാത്ത ഐസക്കിനും ശൈലജക്കും എ.കെ ബാലനും ടി.പി. രാമകൃഷ്ണനും സുരക്ഷക്ക് രണ്ട് ഗൺമാൻമാരെ സർക്കാർ അനുവദിച്ചിട്ടുണ്ട്. കടകംപള്ളി സുരേന്ദ്രന് ഒരാളെയും. ഇവരുടെ ഒരു മാസത്തെ ശമ്പളത്തിന് ഖജനാവിൽ നിന്ന് പ്രതിമാസം ചെലവാകുന്നത് 6.75 ലക്ഷം രൂപ. ഒരു വർഷത്തെ ശമ്പളം 81 ലക്ഷം .

ഐസക്കിന് കപ്പയും മീൻകറിയും വാങ്ങിച്ചു കൊടുക്കുന്ന ജോലിയും ഗൺമാന്റേതാണ്. 500 പേർക്ക് ഒരാൾ എന്ന നിലയിൽ ആണ് മറ്റ് സംസ്ഥാനങ്ങളിലെ പോലീസുകാരുടെ എണ്ണമെങ്കിൽ കേരളത്തിൽ 1500 പേർക്ക് ഒരാൾ എന്ന നിലയിലാണ്. അതിനിടയിൽ ആണ് ഇതു പോലത്തെ പണികളുമായി പോലീസുകാർ വേഷം കെട്ടുന്നതും.

ജി. സുധാകരനെയും രവീന്ദ്രനാഥിനെയും പോലുള്ള മന്ത്രിമാർ തങ്ങളുടെ മന്ത്രിസ്ഥാനം പോയതിനു ശേഷം ഗൺമാൻ മാരെ തിരിച്ചയച്ച് മാതൃക കാണിച്ചവരാണ്. സി.പി.ഐ മന്ത്രിമാരും ജി. സുധാകരന്റെ പാത സ്വീകരിച്ചവരാണ്. ആഭ്യന്തര ഇന്റലിജൻസ് സംവിധാനത്തിന്റെ മറപറ്റി സുരക്ഷ ഭടൻമാരെ കൊണ്ട് നടക്കുകയാണ് ഐസക്കും കൂട്ടരും.

കടമെടുത്ത് മുടിഞ്ഞുനിൽക്കുന്ന സംസ്ഥാനമാണ് കേരളം. കിട്ടാവുന്നിടത്തെല്ലാം കടം വാങ്ങിച്ച് കൂട്ടിയ വ്യക്തിയായിരുന്നു തോമസ് ഐസക്ക്. 2150 കോടിയുടെ മസാല ബോണ്ട് ലണ്ടനിൽ നിന്ന് ഐസക്ക് വാങ്ങിയത് 9.723 ശതമാനം കൊള്ള പലിശക്ക് ആയിരുന്നു.

മുൻ ആഭ്യന്തരമന്ത്രിമാർക്ക് ഗൺമാനെ അനുവദിക്കുന്ന ചട്ടമുണ്ട്. അതുപോലെ മുൻ മുഖ്യമന്ത്രിമാർക്കും. ഉമ്മൻചാണ്ടി പൈലറ്റും എസ്‌കോർട്ടും വേണ്ടെന്ന് വെച്ച മുൻ മുഖ്യമന്ത്രിയായിരുന്നു. മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് എസ്‌കോർട്ടും പൈലറ്റും ഉണ്ട്. കൂടാതെ 5 ഓളം സുരക്ഷ ഭടൻമാരും. ഒരു വർഷത്തോളമായി രോഗശയ്യയിലാണ് വി.എസ്. അച്യുതാനന്ദൻ.

15 ഓളം സുരക്ഷ ഭടൻമാർ ഒരു ജോലിയുമില്ലാതെ വി.എസിന്റെ പേരിൽ ജീവിക്കുന്നു. ഇവർക്ക് പ്രതിമാസം ശമ്പളം കൊടുക്കാൻ ഏകദേശം 12 ലക്ഷം രൂപ വേണം. വർഷം 1.44 കോടിയും. പാർട്ടിക്കാരായ പോലിസുകാർക്ക് വെയിൽ കൊള്ളാതെ ജോലി ഒന്നും ചെയ്യാതെ ശമ്പളം പറ്റാനുള്ള ഏർപ്പാടുകളാണ് ഇവയെല്ലാം.

ഐസക്ക് വാങ്ങിച്ചു കൂട്ടിയ കടത്തിൽ നിന്ന് കരകയറാൻ വീണ്ടും വീണ്ടും കടമെടുക്കുകയാണ് ഇപ്പോഴത്തെ ധനമന്ത്രി ബാലഗോപാൽ. ശമ്പളം കൊടുക്കാൻ മാത്രമാണ് ട്രഷറി തുറക്കുന്നത്. ട്രഷറി നിയന്ത്രണം 5 ലക്ഷമാക്കി കടുപ്പിച്ചതു കൊണ്ട് മാത്രമാണ് അടുത്ത മാസം ശമ്പളം കൊടുക്കാൻ ബാലഗോപാലിന് സാധിക്കുന്നത്.

ഭരണസ്തംഭനത്തിലാണ് സംസ്ഥാനം. അനാവശ്യ ചെലവുകൾ കുറച്ചാൽ തന്നെ ഖജനാവിന്റെ ഭാരം കുറയും. ഗൺമാൻമാരെ മടക്കി അയക്കാൻ ഐസക്കിനെ പോലുള്ളവർ തയ്യാറാകണം. ജി. സുധാകരന്റെ മാതൃക സ്വീകരിക്കാൻ ഐസക്കും കൂട്ടരും തയ്യാറായാൽ തന്നെ ഖജനാവ് ചോർച്ച കുറയ്ക്കാൻ സാധിക്കും.