പദവികളില്‍ നിന്ന് പടിയിറക്കത്തിന് വഴിയൊരുക്കാന്‍ സിപിഎം;
സാഹിത്യ അക്കാദമി അധ്യക്ഷന്റെ ഭാവി പിണറായി തീരുമാനിക്കും

മൂന്നാമതൊരുവട്ടം സിപിഎം സർക്കാർ വരരുതേയെന്നാണ് പ്രാർത്ഥനയെന്ന് തുറന്നുപറഞ്ഞ കവി സച്ചിദാനന്ദൻ പദവികളിൽ നിന്ന് പടിയിറങ്ങുന്നു. സർക്കാരിനേയും പാർട്ടിയേയും വിമർശിച്ച കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ സച്ചിദാനന്ദൻ രാജിവയ്ക്കണമെന്ന അഭിപ്രായത്തിലാണ് എ.കെ.ജി സെന്ററിലെ നേതാക്കൾ.

ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിലെ സചിദാനന്ദന്റെ അഭിമുഖം പിണറായിയുടേയും എം.വി. ഗോവിന്ദന്റെയും ശ്രദ്ധയിൽപെടുത്തിയിരിക്കുകയാണ് ഇക്കൂട്ടർ. മുഖ്യമന്ത്രിയും മകൾ വീണ വിജയനും വിവാദങ്ങളിൽ അകപെട്ട് നിൽക്കുമ്പോഴാണ് സച്ചിദാനന്ദന്റെ രൂക്ഷവിമർശനം എന്നതും ശ്രദ്ധേയമാണ്.

അക്കാദമി ഇറക്കിയ പുസ്തകങ്ങളുടെ കവറിൽ സർക്കാർ പരസ്യം അച്ചടിച്ചപ്പോഴും സച്ചിദാനന്ദൻ പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ‘സർക്കാരുകൾ വീഴും, പുസ്തകങ്ങൾ നില നിൽക്കും’ എന്ന് സച്ചിദാനന്ദൻ അന്ന് ഫേസ്ബുക്കിൽ കുറിച്ചു. അതിന്റെ തുടർച്ചയായാണ് ഈ വിമർശനത്തെയും പിണറായി കാണുന്നത്.

പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയുടെ ശുപാർശയിലാണ് പിണറായി സച്ചിദാനന്ദനെ അക്കാദമി അദ്ധ്യക്ഷനാക്കിയത്. ഇന്ത്യൻ എക്‌സ്പ്രസ് അഭിമുഖം വിവാദമായതോടെ രാജി സന്നദ്ധത എം.എ ബേബിയെ സച്ചിദാനന്ദൻ അറിയിച്ചു.

ഇനി ഒരു വട്ടം കൂടി സിപിഎം അധികാരത്തിൽ വരാതിരിക്കാൻ പ്രാർത്ഥിക്കണമെന്ന് താൻ പാർട്ടി സഖാക്കളോട് പറയാറുണ്ടെന്നായിരുന്നു കവി സച്ചിദാനന്ദന്റെ വിമർശനം. അങ്ങിനെ സംഭവിച്ചാൽ പാർട്ടിയുടെ അന്ത്യം കുറിക്കുമെന്നും സച്ചിദാനന്ദൻ പറഞ്ഞു.

തുടർഭരണം ലഭിച്ചതോടെ അസഹിഷ്ണുത വർദ്ധിച്ചതായി കാണുന്നു. ഇനി ഒരിക്കൽ കൂടി അധികാരം കിട്ടിയാൽ ബംഗാളിൽ സംഭവിച്ച ദുരന്തം ഇവിടേയും സംഭവിക്കും. ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്തതിലൂടെ ഒരു കമ്യൂണിസ്റ്റ് സർക്കാർ ചെയ്യാൻ പാടില്ലാത്തതാണ് ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പോലീസിന് അമിതാധികാരം നൽകുന്നത് ആപത്താണെന്നും സച്ചിദാനന്ദൻ പറഞ്ഞു.

കേരളത്തിൽ മുമ്പൊരിക്കലും കാണാത്ത വിധം സിപിഎമ്മിൽ വ്യക്തിപൂജ വളരെ ശക്തമായി കാണാനുണ്ട്. വീരാരാധന കമ്യൂണിസ്റ്റ് പാർടിയെ തകർക്കുമെന്ന് ചരിത്രം കാണിച്ചു തന്നിട്ടുണ്ട്. സ്റ്റാലിന്റെ കാലത്ത് സംഭവിച്ചത് അതാണ്. സ്റ്റാലിനേയും സ്റ്റാലിനിസത്തേയും സിപിഎം എതിർക്കാനും വിമർശിക്കാനും തയ്യാറായില്ലെങ്കിൽ പാർടിയെ നശിപ്പിക്കുന്ന വിധത്തിൽ വ്യക്തി ആരാധന പിടിമുറുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

കേരളത്തിലെ കമ്യൂണിസ്റ്റുകാർ ഇപ്പോഴും സ്റ്റാലിനിസത്തിന്റെ തടവറയിലാണെന്ന് സച്ചിദാനന്ദൻ പറഞ്ഞു. ഏകാധിപത്യ, ജനാധിപത്യ വിരുദ്ധ സ്വഭാവങ്ങളെ പ്രതിനിധീകരിക്കുന്നതാണ് സ്റ്റാലിനിസം. ആ നിലപാടുകൾ പ്രസ്ഥാനങ്ങളേയും രാഷ്ട്രീയ പാർടികളേയും നാശത്തിലേക്ക് വഴിതെളിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തീവ്ര വലതു വൽക്കരണം നമ്മുടെ മുമ്പിൽ സംഭവിക്കുന്നത് നാം കണ്ടു കൊണ്ടിരിക്കയാണ്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പിടിമുറുക്കാൻ ശ്രമിക്കുന്നതും വലതു വൽക്കരണത്തിന്റെ ഭാഗമാണ്. ഇത് അങ്ങേയറ്റം അപകടകരമാണെന്നും അദ്ദേഹം മുന്നറിയിപ്പു നൽകുന്നു. രാജി പിണറായി ആവശ്യപ്പെടുന്നതിന് മുൻപ് തന്നെ രാജി സന്നദ്ധത അറിയിക്കുകയായിരുന്നു സച്ചിദാനന്ദൻ.

അതേസമയം, സാഹിത്യ അക്കാദമി അധ്യക്ഷൻ്റെ സർക്കാർ വിമർശനത്തെ ഏറ്റെടുത്തിരിക്കുകയാണ് പ്രതിപക്ഷം. മൂന്നാം വട്ടവും സി.പി.എം അധികാരത്തിലെത്താതിരിക്കാന്‍ സഖാക്കള്‍ പ്രര്‍ത്ഥിക്കണമെന്ന സാഹിത്യ അക്കാദമി ചെയര്‍മാന്‍ സച്ചിദാനന്ദന്റെ പ്രസ്താവന സമൂഹത്തെയും ഭരണകൂടത്തെയും നോക്കിക്കാണുന്ന ഏതൊരാള്‍ക്കും തോന്നുന്ന സാമാന്യ വികാരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. അദ്ദേഹം ഒരു കവിയും എഴുത്തുകാരനുമൊക്കെ ആയതുകൊണ്ട് ഹൃദയത്തില്‍ തട്ടി പറഞ്ഞ വാക്കുകളാണിത്. ഇതാണ് കേരളത്തിലെ മുഴിവന്‍ ജനങ്ങളും പറയുന്നത്. ഈ സര്‍ക്കാരാണ് ഇവിടെ തുടരാന്‍ പോകുന്നതെങ്കില്‍ എന്തായിരിക്കും കേരളത്തിന്റെ സ്ഥിതി? കേരള ജനതയുടെ മനസാണ് അദ്ദേഹം പ്രകടിപ്പിച്ചത്.