വീണ വിജയന് സിഎംആര്‍എല്‍ കമ്പനി പണം നല്‍കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

ആരോണം ഉന്നയിച്ചതിന്റെ പേരിലാണ് മാത്യു കുഴല്‍നാടന്റെ വീട്ടില്‍ സര്‍വേ നടത്തിയത്. കേസ് എടുത്ത് ഇവര്‍ ആരെയാണ് പേടിപ്പിക്കാന്‍ ശ്രമിക്കുന്നത്. ആരും മിണ്ടാതിരിക്കുമെന്ന് വിചാരിക്കേണ്ട. മിണ്ടാതിരിക്കാന്‍ മുഖ്യമന്ത്രിക്ക് മാത്രമേ സാധിക്കുകയുളളൂവെന്നും‌ വി ഡി സതീശൻ വിമർശിച്ചു.

കൈതോലപ്പായ ആരോപണത്തില്‍ സര്‍ക്കാര്‍ വാദിയെ പ്രതിയാക്കാന്‍ നടക്കുകയാണെന്നും വി ഡി സതീശൻ പറഞ്ഞു. ശക്തിധരന്റെ ആരോപണത്തില്‍ കേസ് എടുക്കുന്നില്ല. ദേശാഭിമാനിയുടെ അസോസിയേറ്റ് എഡിറ്ററായിരുന്നയാള്‍, മുഖ്യമന്ത്രിയുടെ സന്തത സഹചാരിയായ ഒരാൾ ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ കേസ് എടുക്കുന്നില്ലെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.

രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുമോ എന്നതിലും വി ഡി സതീശൻ പ്രതികരിച്ചു. രാഹുൽ ​ഗാന്ധി മത്സരിക്കണമെന്നാണ് തങ്ങളുടെ ആവശ്യം. അഖിലേന്ത്യ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കേണ്ട കാര്യമാണത്. കേരളത്തില്‍ തന്നെ മത്സരിക്കണമെന്ന് തങ്ങള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം കേരളത്തില്‍ നിന്ന് പോവില്ല എന്നാണ് വിശ്വാസമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

തനിക്കെതിരെ കേസ് എടുത്ത് അന്വേഷണം നടക്കുന്നുണ്ട്. കെ സുരേന്ദ്രനാണല്ലോ ആ കേസ് അന്വേഷിക്കുന്നതെന്ന് പരിഹസിച്ച സതീശന്‍, കേസ് നീട്ടി, നീട്ടി കൊണ്ടുപോവുകയാണെന്നും പറഞ്ഞു. കുഴൽപ്പണ കേസില്‍ സുരേന്ദ്രനും മകനും ഒഴിവായത് എങ്ങനെ?, പിണറായിയുടെ കാല് പിടിച്ചിട്ടല്ലേ എന്നും വി ഡി സതീശൻ ചോദിച്ചു. രാത്രിയാകുമ്പോള്‍ പിണറായി വിജയന്റെ കാലുപിടിക്കാന്‍ പോകുന്ന സുരേന്ദ്രനാണോ തങ്ങളെ കുറിച്ച് പറയുന്നത്. സുരേന്ദ്രന്റെ പാര്‍ട്ടി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരിന് ഇഡിയെ കൊണ്ട് മാസപ്പടി വിവാദം അന്വേഷിപ്പിക്കാന്‍ ധൈര്യമുണ്ടോ?.

കെപിസിസി പ്രസിഡന്റിനെതിരെയാണ് ഇഡി അന്വേഷണം. പിണറായിക്കെതിരെയല്ലെന്നും വി ഡി സതീശൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് സർക്കാരിന്റെ വലംകയ്യായി നടക്കുന്നു, അതുകൊണ്ടാണ് അദ്ദേഹത്തിനെതിരെ കേസ് എടുക്കാത്തത് എന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ ആരോപണത്തിൽ മറുപടി പറയുകയായിരുന്നു വി ഡി സതീശൻ.

ബിജെപിയും സിപിഐഎമ്മും തമ്മില്‍ ധാരണയുണ്ടെന്നും വി ഡി സതീശൻ ആരോപിച്ചു. ഇന്‍ഡ്യ മുന്നണിയുണ്ടാക്കാന്‍ യെച്ചൂരി ഓടി നടക്കുകയാണ്. എന്നാൽ കേരളത്തിൽ സിപിഐഎമ്മും ബിജെപിയും ഒത്തുതീർപ്പിലാണ്. ലാവ്‌ലിന്‍ കേസില്‍ ബിജെപി, സിപിഐഎം ഒത്തുതീര്‍പ്പുണ്ടെന്നും വി ഡി സതീശൻ ആരോപിച്ചു.