സംസ്ഥാനത്തെ നാലര ലക്ഷം സർക്കാർ ജീവനക്കാർ ആദായ നികുതി അടയ്ക്കേണ്ട. കേന്ദ്ര ബജറ്റിൽ ആദായ നികുതി ഇളവ് 12 ലക്ഷമാക്കി ഉയർത്തിയതോടെയാണിത്. 1 ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനം ഉള്ളവർ നികുതി അടച്ചാൽ മതിയാകും.
ഓഫിസ് അറ്റൻഡൻ്റ , ക്ലർക്ക്, ഹെഡ് ക്ലർക്ക്, ടൈപ്പിസ്റ്റ്, സി.എ, സ്റ്റാഫ് നേഴ്സ് , സിവിൽ പോലിസ് ഓഫിസർ, എസ്.ഐ, സി.ഐ, അധ്യാപകർ, സ്ക്കൂളുകളിലെ അധ്യാപകേതര തസ്തികകൾ , സെക്രട്ടറിയേറ്റ് അസിസ്റ്റൻ്റ്, സെക്ഷൻ ഓഫിസർ, അണ്ടർ സെക്രട്ടറി, തഹസീൽദാർ എന്നിവർക്കെല്ലാം ശമ്പളം 1 ലക്ഷത്തിൽ താഴെ ആയതു കൊണ്ട് നികുതി അടയ്ക്കേണ്ടി വരില്ല.
ഹയർ സെക്കണ്ടറിയിൽ 10 വർഷം കഴിഞ്ഞ സീനിയർ അധ്യാപകർ,കോളേജ് അധ്യാപകർ, സെക്രട്ടറിയേറ്റിലെ അണ്ടർ സെക്രട്ടറി (ഹയർ ഗ്രേഡ്), ഡെപ്യൂട്ടി സെക്രട്ടറി, ജോയിൻ്റ് സെക്രട്ടറി, അഡീഷണൽ സെക്രട്ടറി , സ്പെഷ്യൽ സെക്രട്ടറി എന്നിവരുടെ ശമ്പളം 1 ലക്ഷത്തിന് മുകളിൽ ആയതു കൊണ്ട് നികുതി അടയ്ക്കണം.
ജോയിൻ്റ് ഡയറക്ടർ , അഡീഷണൽ ഡയറക്ടർ, ചീഫ് എഞ്ചിനിയർ, സൂപ്രണ്ടിംഗ് എഞ്ചിനിയർ എന്നിവരും നികുതി അടയ്ക്കണം. എല്ലാ ഐഎഎസ് , ഐ.പി.എസ്. ഐ.എഫ്.എസ് ഉദ്യോഗസ്ഥരും നികുതി അടയ്ക്കണം.
ക്ഷാമബത്ത 6 ഗഡുക്കൾ കുടിശിക ആയതോടെ ശമ്പളത്തിൽ 20 ശതമാനം കുറവാണ് ജീവനക്കാർക്ക് ലഭിക്കുന്നത്. പ്രഖ്യാപിച്ച ക്ഷാമ ബത്തക്ക് ആകട്ടെ കുടിശികയും അനുവദിക്കുന്നില്ല. മുൻ കാലങ്ങളിൽ കുടിശിക പി.എഫിൽ ലയിപ്പിക്കുന്നതായിരുന്നു പതിവ്. ഇത് ആ വർഷത്തെ നികുതിയുടെ പരിധിയിൽ വരുമായിരുന്നു.
ക്ഷാമബത്തയും പ്രഖ്യാപിച്ച ക്ഷാമബത്തക്ക് കുടിശിക അനുവദിക്കാത്തതും ശമ്പള പരിഷ്കരണം വൈകുന്നതും ആണ് കേരളത്തിൽ ആദായ നികുതി അടയ്ക്കേണ്ടാത്തവരുടെ എണ്ണം ഉയർത്തിയത്.