നിർണായകമായ സിഡ്നി ടെസ്റ്റിൽ ഇന്ത്യൻ ബാറ്റിംഗ് തകർന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 185 റൺസിന് പുറത്തായി. ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മോശം ഫോമിലായ രോഹിത് ശർമയെ ഒഴിവാക്കിയാണ് സിഡ്നി ടെസ്റ്റിൽ ഇന്ത്യ ഇറങ്ങിയത്.
പെർത്ത് ടെസ്റ്റിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ജസ്പ്രീത ബുംറയാണ് പുതിയ ക്യാപ്റ്റൻ. 17 റൺസെടുക്കുന്നതിനിടയിൽ ഓപ്പണർമാരായ ജയ്‌സ്വാളിനേയും (10) , കെ.എൽ. രാഹുലിനേയും (4) നഷ്ടപ്പെട്ടതോടെ ഇന്ത്യയുടെ തുടക്കം തന്നെ തകർച്ചയിൽ ആയിരുന്നു.
അടുത്ത വിക്കറ്റ് മൂന്നാം നമ്പറിൽ ഇറങ്ങിയ ശുഭ്മാൻ ഗില്ലിൻ്റേതായിരുന്നു. 2 ബൗണ്ടറി സഹിതം 20 റൺസെടുത്ത ഗില്ല് പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ ബോർഡ് 57 റൺസ് മാത്രം. തുടർന്ന് വീരാട് കോലി (17), ഋഷഭ് പന്ത് (40), ജഡേജ (26), നിതിഷ് കുമാർ റെഡ്ഡി (0) , വാഷിംഗ് ടൺ സുന്ദർ (14), പ്രസീദ് കൃഷ്ണ (3) , ജസ്പ്രീത് ബുംറ (22) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്.
മുഹമ്മദ് സിറാജ് ( 3) റൺസോടെ പുറത്താകെ നിന്നു. നേരിട്ട ആദ്യ ബോളിൽ തന്നെ മെൽബണിലെ ഹീറോ ആയ നിതിഷ് കുമാർ റെഡ്ഡി പുറത്തായതോടെ ബാറ്റിംഗ് തകർച്ച പൂർണമായി. വാലറ്റത്ത് 17 പന്തിൽ 22 റൺസെടുത്ത ബുംറ ആണ് സ്കോർ 185 ലേക്ക് ഉയർത്തിയത്. ഓസ്ട്രേലിയക്കായി ബോളണ്ട് 4 വിക്കറ്റ് നേടിയപ്പോൾ സ്റ്റാർക്ക് 3 വിക്കറ്റ് നേടി.
പാറ്റ് കമ്മിൻസ് 2 വിക്കറ്റും ലിയോൺ ഓരോ വിക്കറ്റും നേടി. തലപ്പത്ത് നിന്ന് രോഹിത് ശർമയെ മാറ്റിയിട്ടും ബാറ്റിംഗ് തകർച്ചയിൽ നിന്ന് ഇന്ത്യക്ക് കരകയറാൻ കഴിയാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.